Sunday, April 17, 2011

അരി മുടക്കിയവര്‍ മാപ്പര്‍ഹിക്കുന്നില്ല

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അതിന്റെ ജനക്ഷേമപരിപാടികളുടെ ഭാഗമായി എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനിച്ചാല്‍ അതു മുടക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥസംവിധാനത്തിന് അധികാരമുണ്ടോ? രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നടപടി ഈ ചോദ്യമാണ് ജനങ്ങളുടെയും നിയമജ്ഞരുടെയും മുന്നിലേക്കെറിഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നിരോധം പിന്‍വലിച്ചു. അത് നല്ല കാര്യം തന്നെ. പക്ഷേ ഒന്നരമാസം അരി മുടക്കിയതിന് ആരുത്തരം പറയും? ഒന്നരമാസംമുമ്പേ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിക്കുമായിരുന്ന ആനുകൂല്യം തടസ്സപ്പെടുത്തിയ യുഡിഎഫും പ്രതിപക്ഷനേതാവും ഈ അവസരത്തില്‍ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അരിവിതരണം തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത്. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വേളയിലാണ് നിരോധനം പിന്‍വലിക്കുകയാണെന്ന ഒറ്റവരി പ്രസ്താവന ശനിയാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയത്. രണ്ടു രൂപയ്ക്ക് അരി എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും നല്‍കാന്‍ ഫെബ്രുവരി 23ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. 25ന് ഉത്തരവുമിറങ്ങി. ഉത്തരവിറങ്ങിയ ഉടന്‍ അരിവിതരണത്തിനുള്ള നടപടിയും ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാര്‍ച്ച് ഒന്നിനും. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിസഭാതീരുമാനം. ഇതനുസരിച്ച് 70 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി ലഭിക്കും. കേരളത്തില്‍ 70 ലക്ഷം കാര്‍ഡുടമകളുള്ളതില്‍ 40 ലക്ഷത്തില്‍പ്പരം കുടുംബത്തിന് രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ വളരെ മുമ്പുതന്നെ തീരുമാനിച്ചതാണ്. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ അരി നല്‍കിയത്. ഒരാഴ്ച മുമ്പുതന്നെ ജനങ്ങള്‍ക്കുമുന്നില്‍വച്ച്, നടപടിക്രമം ആരംഭിച്ച പദ്ധതി എങ്ങനെ പെരുമാറ്റച്ചട്ടലംഘനമായി എന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഇനിയും വിശദീകരിക്കേണ്ടതുണ്ട്.

അരിവിതരണം തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. ഈ പരാതി അപ്പാടെ അംഗീകരിച്ച് നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജനോപകാരനടപടിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഇലക്ഷന്‍ കമീഷന്‍ ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാരിലെ ചിലരെ ഉപയോഗിച്ച് കേന്ദ്ര ഇലക്ഷന്‍ കമീഷനെ യുഡിഎഫ് സ്വാധീനിക്കുകയായിരുന്നു എന്ന സത്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി തുടരാന്‍ അനുവദിക്കണമെന്നും കമീഷന്‍ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യുതോമസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷത്തിന്റെ പരാതിയിലാണ് പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്ന് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്റെ വാദം ഹൈക്കോടതി നിരസിച്ചിരുന്നു. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നുമാണ് കോടതി പറഞ്ഞത്. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഈ ഹൈക്കോടതിവിധിക്കെതിരെ കമീഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. പദ്ധതി തടഞ്ഞ കമീഷന്റെ നിലപാട് സുപ്രീംകോടതി ശരിവയ്ക്കുകയും ഹൈക്കോടതിവിധി സ്റേചെയ്യുകയും ചെയ്തു. അതിനാലാണ് ജനങ്ങള്‍ക്ക് അരി ലഭിക്കാതെ വന്നത്.

കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബില്ലുകൊണ്ടുവരാന്‍ പോകുന്നതായി പറഞ്ഞുകേട്ടിട്ട് കാലമേറെയായി. എന്നാല്‍, കേരളത്തില്‍ വളരെമുമ്പുതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കി. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവന്നില്ല. മാതൃകാപരമായ പൊതുവിതരണസമ്പ്രദായം നിലവിലുള്ള സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗംതന്നെയാണ് രണ്ടുരൂപയ്ക്ക് അരിനല്‍കുന്ന പദ്ധതി. തങ്ങള്‍ പരാതി നല്‍കിയിട്ടാണ് അരി പദ്ധതി മുടങ്ങിയതെന്ന് കെപിസിസി പ്രസിഡന്റ് തുറന്നുസമ്മതിച്ചത് യുഡിഎഫ് ഏതു നിലവാരത്തില്‍വരെ പോകും എന്നതിന്റെ സൂചനയാണ്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നയം നടപ്പാക്കാനുള്ള വെപ്രാളവുമാണ്. നേരിട്ടുള്ള സബ്സിഡി എന്ന ആശയത്തിലൂടെ ഇന്നുള്ള സബ്സിഡികളും ആശ്വാസങ്ങളും വെട്ടിക്കുറയ്ക്കാനൊരുങ്ങുന്ന യുപിഎ സര്‍ക്കാരിനും അതിനെ നയിക്കുന്ന രാഷ്ട്രീയശക്തിക്കും രണ്ടുരൂപയ്ക്ക് അരി വിതരണംചെയ്യുന്നതുപോലുള്ള പദ്ധതികള്‍ അംഗീകരിക്കാനാകില്ല. സബ്സിഡി നിര്‍ത്തി റേഷന്‍കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്ക് സമ്പന്നവര്‍ഗാനുകൂല നയങ്ങള്‍ നടപ്പാക്കുന്നതിലല്ലാതെ പാവങ്ങള്‍ക്ക് വിലകുറച്ച് അരി നല്‍കുന്നതില്‍ താല്‍പ്പര്യമില്ല. ജനങ്ങളെ ബിപിഎല്‍-എപിഎല്‍ എന്ന് വേര്‍തിരിച്ച്, അയഥാര്‍ഥമായ കണക്കുകളിലൂടെ മഹാഭൂരിപക്ഷം കുടുംബങ്ങളെയും ബിപിഎല്ലുകാരല്ലാതാക്കുകയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ചെയ്തത്. ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ധാന്യം പാവങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശംപോലും തള്ളിയവരാണവര്‍. അരിയും ഗോതമ്പും പാവങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കടലില്‍ തള്ളുന്നതാണ് ലാഭകരമെന്നു തീരുമാനിച്ച് അങ്ങനെ ചെയ്തവരെക്കുറിച്ച് എന്തിനധികം പറയണം. അത്തരക്കാരുടെ കേരളത്തിലെ അനുയായികളില്‍നിന്ന് അന്നം മുടക്കുന്ന നീക്കമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

ഒറ്റവരി പ്രസ്താവനയിലൂടെ അരിമുടക്കല്‍തീരുമാനം പിന്‍വലിച്ചെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ജനവിരുദ്ധതയുടെയും ജനാധിപത്യവിരുദ്ധതയുടെയും വശങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകതന്നെ വേണം. ജനാധിപത്യത്തിന്റെ തലയ്ക്കുമുകളില്‍ കയറിയിരിക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടാ.

ദേശാഭിമാനി മുഖപ്രസംഗം 180411

2 comments:

  1. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അതിന്റെ ജനക്ഷേമപരിപാടികളുടെ ഭാഗമായി എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനിച്ചാല്‍ അതു മുടക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥസംവിധാനത്തിന് അധികാരമുണ്ടോ? രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നടപടി ഈ ചോദ്യമാണ് ജനങ്ങളുടെയും നിയമജ്ഞരുടെയും മുന്നിലേക്കെറിഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ നിരോധം പിന്‍വലിച്ചു. അത് നല്ല കാര്യം തന്നെ. പക്ഷേ ഒന്നരമാസം അരി മുടക്കിയതിന് ആരുത്തരം പറയും? ഒന്നരമാസംമുമ്പേ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിക്കുമായിരുന്ന ആനുകൂല്യം തടസ്സപ്പെടുത്തിയ യുഡിഎഫും പ്രതിപക്ഷനേതാവും ഈ അവസരത്തില്‍ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്.

    ReplyDelete
  2. now what is the problem? election over, cant you give now? it seems to me the whole poverty came to kerala just before the election! come on guys, dont be so stupid!

    ReplyDelete