ജനാധിപത്യക്രമത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ എല്ലാ പൗരന്‍മാരോടും തങ്ങള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നഭ്യര്‍ഥിക്കുന്നത് സ്വാഭാവികവും സാധാരണവുമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരും അവരുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും നാടിന്റെ ഭാവിയെക്കുറിച്ചും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്ന ഭാവിയെപ്പറ്റിയും വിശദീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ പ്രസിദ്ധീകരിക്കാറുമുണ്ട്.
സ്ഥാനാര്‍ഥിയുടെയും ഒരു പ്രസ്ഥാനത്തിന്റെയും നിലപാടുകള്‍ പ്രകടനപത്രികയിലൂടെ ജനങ്ങളെ അറിയിക്കുകയാണ് തിരഞ്ഞെടുപ്പില്‍ ചെയ്യുന്നത്. എന്നാല്‍ ഒരു സ്ഥാനാര്‍ഥിയോ ഒരു പ്രസ്ഥാനമോ വോട്ട് ചോദിക്കുമ്പോള്‍ ഇന്നവരുടെ മാത്രം വോട്ട് തങ്ങള്‍ക്ക് മതി, ഇന്നവരുടേത് തങ്ങള്‍ക്കാവശ്യമില്ല എന്ന ഒരു നിലപാട് സ്വീകരിക്കാറില്ല.
ജമാ-അത്തെ ഇസ്‌ലാമി നേതാക്കള്‍ സി പി എം നേതാക്കളെ കണ്ട് സംസാരിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഒരു കൃതൃമമായ ചര്‍ച്ച ഉയര്‍ത്തിവിടുകയാണ് യു ഡി എഫ് പക്ഷപാതികളായ ഒരു വിഭാഗം മാധ്യമങ്ങള്‍ ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് വിവിധ തരത്തിലുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ജാതിമത സംഘടനകളുടെയും പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. അവര്‍ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിക്കാറുണ്ട്. ഈ നടപടി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് ഞങ്ങള്‍ ഇടതുപക്ഷം മനസ്സിലാക്കുന്നത്. അവരുമായി എന്തെങ്കിലും കരാറുകളുണ്ടാക്കുകയോ അവിഹിതമായ ഏതെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഈ ചര്‍ച്ചകളില്‍ രാഷ്ട്രീയ ദുരുദ്ദേശ്യം കല്‍പ്പിക്കേണ്ടതില്ല. ഇന്ന് രാവിലെ ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ജമാ-അത്തെ ഇസ്‌ലാമിയുമായി സി പി എം കരാര്‍ ഉണ്ടാക്കി എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും അക്കാര്യത്തില്‍ സി പി ഐയുടെ പ്രതികരണം അവര്‍ക്കറിയണമെന്നും പറഞ്ഞു. അവരോട് മറുപടി പറയവേ ''നിങ്ങള്‍ തന്നെ ആരോപണം, എന്ന് വിളിച്ച സംഭവത്തെക്കുറിച്ച് എന്റെ അഭിപ്രായം അത് ഒരു ആരോപണം മാത്രമാണ് എന്നാണ്. ജമാ-അത്തെ ഇസ്‌ലാമിയെ എല്‍ ഡി എഫില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനം ആരും നല്‍കിയിട്ടില്ല. നിങ്ങളും ആ വസ്തുത ഫലത്തില്‍ സമ്മതിക്കുന്നുണ്ട്. ജമാ-അത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകരോ നേതാക്കളോ ആയി സംസാരിക്കുന്നതില്‍ പ്രത്യേകിച്ചൊരു തെറ്റും കാണേണ്ടതില്ല. അവരുടെ വോട്ട് ചോദിക്കുന്നതിലും അവര്‍ വോട്ട് ചെയ്യണമെന്നഭ്യര്‍ഥിക്കുന്നതിലും തെറ്റില്ല. ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വോട്ടും സ്ഥാനാര്‍ഥികള്‍ ചോദിക്കാറുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതൊരു സാധാരണ നടപടിയാണ്. ഏത് വോട്ടിനും അയിത്തം കല്‍പ്പിക്കേണ്ട കാര്യം സ്ഥാനാര്‍ഥികള്‍ക്കില്ല എന്നാണ് വ്യക്തമാക്കിയത്.''
പ്രശ്‌നം വരുന്നത് ജമാ-അത്തെ, ആര്‍ എസ് എസ് നേതാക്കളുമായി ഒരു രാഷ്ട്രീയ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ്. അങ്ങനെ ചെയ്താല്‍ അത് തികച്ചും തെറ്റാണ്.
ഇവിടെ നടന്നു എന്ന് പറയപ്പെടുന്ന ചര്‍ച്ചകളില്‍ ജമാ-അത്തെ ഇസ്‌ലാമിയുമായി ഏതെങ്കിലുമൊരു ധാരണയോ നീക്കുപോക്കോ ഉണ്ടായതായി ശത്രുക്കള്‍പോലും ആരോപിക്കുന്നില്ല. അവരെ എല്‍ ഡി എഫിന്റെ ഭാഗമാക്കാനുള്ള ഒരു ചര്‍ച്ചയും ആരും നടത്തിയിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സംഭവിക്കാത്ത ഒന്നിനെ കടുത്ത അപരാധമായി വ്യാഖ്യാനിക്കുകയും അതിന് രാഷ്ട്രീയ - താത്വിക ഭാഷ്യങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നത് ശുദ്ധ അസംബന്ധമാണ്.
എല്ലാ മതങ്ങളുടെയും സമുദായങ്ങളുടെയും മഹനീയ പാഠങ്ങള്‍ അംഗീകരിക്കുന്നവരാണ് ഇടതുപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ മതം പകരുന്ന സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും പാഠങ്ങളെ തമസ്‌കരിക്കുകയും വര്‍ഗീയ തീവ്രവാദത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ എക്കാലവും ഇടതുപക്ഷം അകറ്റി നിര്‍ത്തുമെന്നത് അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. യു ഡി എഫ് ഭരണകാലത്ത് കേരളത്തില്‍ വര്‍ഗീയ ലഹളകളുണ്ടാവുന്നതും എല്‍ ഡി എഫ് ഭരണത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടാവാതിരിക്കുന്നതും ഈ നയ വ്യത്യാസംകൊണ്ടാണ്.
വസ്തുതകള്‍ ഇതായിരിക്കെ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പരിലാളിക്കുന്ന കോണ്‍ഗ്രസിന്റെ കെട്ടുകഥാപ്രചരണത്തില്‍ പ്രബുദ്ധരായ ജനത, വീണുപോവുകയില്ലെന്ന് തീര്‍ച്ചയാണ്.
സി കെ ചന്ദ്രപ്പന്‍ ജനയുഗം 080411
ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പരിലാളിക്കുന്ന കോണ്‍ഗ്രസിന്റെ കെട്ടുകഥാപ്രചരണത്തില്‍ പ്രബുദ്ധരായ ജനത, വീണുപോവുകയില്ലെന്ന് തീര്‍ച്ചയാണ്.
ReplyDelete