Monday, April 11, 2011

തിരിച്ചുവരരുത് കറുത്ത കാലം

2001-06 കാലത്തേതുപോലുള്ള യുഡിഎഫ് ഭരണകാലം ഒരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. നൂറുസീറ്റുമായി അധികാരമേറിയവര്‍ വാഗ്ദാനങ്ങള്‍ മറന്നു. അഴിമതിയില്‍ മുമ്പനാവാനായിരുന്നു മത്സരം. തമ്മിലടിയും രൂക്ഷം. എ കെ ആന്റണിയെ താഴെയിറക്കി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമേറ്റെടുത്തു. രണ്ടു മുഖ്യമന്ത്രിമാരും നാല്‍പ്പത്തൊന്ന് മന്ത്രിമാരും ജനങ്ങളെ ആവുന്നത്ര ദ്രോഹിച്ചു. കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തു, വിദ്യാഭ്യാസം കച്ചവടവല്‍ക്കരിച്ചു, വര്‍ഗീയകലാപങ്ങള്‍ വര്‍ധിച്ചു, മതസ്ഥാപനങ്ങള്‍ ആക്രമിച്ചു, പൊതുവിതരണ സമ്പ്രദായം തകര്‍ത്തു, ക്രമസമാധാനമേ ഇല്ലാതായി....... ഇങ്ങനെ അറ്റമില്ലാതെ നീളുന്നു യുഡിഎഫ് സര്‍ക്കാരിന്റെ 'ഭരണനേട്ടം'. .

കര്‍ഷകരോട് സമാനതകളില്ലാത്ത അവഗണനയാണ് അന്ന് യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയത്. കടക്കെണിയിലായ 1500ലേറെ കൃഷിക്കാര്‍ ആത്മഹത്യചെയ്തു. ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതത്തില്‍നിന്ന് കര്‍ഷകരെ മോചിപ്പിച്ച് അവരുടെ ഉന്നമനത്തിനുവേണ്ട കര്‍മപരിപാടി തയ്യാറാക്കുമെന്നായിരുന്നു യുഡിഎഫ് 2001ലെ പ്രകടനപത്രികയില്‍ പറഞ്ഞത്. കര്‍ഷകരെ സംരക്ഷിക്കാന്‍ ഒരുപരിപാടിയും നടപ്പാക്കിയില്ല. മാത്രമല്ല, കടക്കെണിയില്‍പെട്ട് ജീവനൊടുക്കേണ്ടിവന്ന കര്‍ഷകരുടെ കണക്ക്് കേന്ദ്രസര്‍ക്കാരില്‍നിന്ന് മറച്ചുവച്ച് സഹായംപോലും ഇല്ലാതാക്കി. . മറ്റെല്ലാ കച്ചവടത്തേക്കാളും ലാഭം വിദ്യ വില്‍ക്കുന്നതാണെന്നു തെളിയിച്ചു യുഡിഎഫ് ഭരണകാലം. സ്വാശ്രയ-സ്വകാര്യവിദ്യാഭ്യാസ മുതലാളിമാരെ വഴിവിട്ട് സഹായിക്കുകയും സംരക്ഷിക്കുകയും അവരില്‍നിന്ന് കമീഷന്‍ പറ്റുകയും ചെയ്യുന്ന ഭരണാധികാരികളെയാണ് കേരളം അന്ന് കണ്ടത്. പഠിക്കാന്‍ പണമില്ലാത്തതിന്റെപേരില്‍ രജനി എസ് ആനന്ദ് ജീവനൊടുക്കി. യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് ചെയ്ത അക്രമങ്ങള്‍ സമാനതകളില്ലാത്തതാണ്. അധികാരത്തിലേറിയതിന്റെ പിറ്റേദിവസം പുതുക്കിയ പാഠ്യപദ്ധതി പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസത്തെ പറിച്ചൊതുക്കാന്‍ പാഠ്യപദ്ധതി അട്ടിമറി അനിവാര്യമാണെന്ന കാഴ്ചപ്പാടായിരുന്നു ഇതിനുപിന്നില്‍. .

അക്രമങ്ങള്‍ വ്യാപകമായി. ഒരു സ്ത്രീപീഡനക്കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. വര്‍ഗീയവാദികള്‍ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല. വര്‍ഗീയത പ്രീണിപ്പിക്കപ്പെട്ടു. ആര്‍എസ്എസ് അക്രമത്തിന് കേരളം സാക്ഷിയായി. കിരാതമായ പൊലീസ് വേട്ടയായിരുന്നു അന്ന് അരങ്ങേറിയത്. മാറാട് സംഭവം, നെയ്യാറ്റിന്‍കര ബിഷപ്സ് ഹൌസ് ആക്രമണം, ഒളവണ്ണയിലെ കന്യാസ്ത്രീവേട്ട കേരളത്തിന്റെ മാനം കെടുത്തി. മതനിരപേക്ഷതയെ തകര്‍ക്കുന്ന വര്‍ഗീയകലാപമായിരുന്നു 2002 ജനുവരി മൂന്നിനും 2003 മെയ് 2നും കോഴിക്കോട് ജില്ലയിലെ മാറാട്ട് നടന്നത്. വര്‍ഗീയകലാപം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. കലാപം ഉണ്ടായപ്പോള്‍ പൊലീസ് നോക്കിനിന്നു. ഹിന്ദു- മുസ്ളിം വര്‍ഗീയശക്തികളെ പ്രീണിപ്പിച്ച യുഡിഎഫ് നയത്തിന്റെ ഫലമായിരുന്നു 12 പേരുടെ മരണത്തിനിടയാക്കിയ മാറാട് കലാപം. .

ആദിവാസിസമൂഹത്തോട് കാലം പൊറുക്കാത്ത ക്രൂരതയാണ് ആന്റണി ഭരണം കാട്ടിയത്. നിലനില്‍പ്പിനായി ഒരു തുണ്ട് ഭൂമിക്കുവേണ്ടി നടത്തിയ സമരത്തെ നേരിട്ടത് വെടിയുണ്ടകള്‍കൊണ്ടായിരുന്നു. ഇതിന്റെ രക്തസാക്ഷിയായിരുന്നു ജോഗി. അന്ന് മുത്തങ്ങയില്‍ പാവപ്പെട്ട ആദിവാസികളെ പൊലീസിനുമുന്നില്‍ എറിഞ്ഞുകൊടുത്ത സി കെ ജാനു ഇന്ന് യുഡിഎഫില്‍ ചേക്കേറി. .

അന്താരാഷ്ട്രതലത്തിലും ദേശീയതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ ജനകീയാസൂത്രണത്തെ തകര്‍ത്തവരാണ് യുഡിഎഫ്.ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് അനുപൂരകമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനുള്ള പദ്ധതികളാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ തിരിച്ചുപിടിച്ചു. യുഡിഎഫ് ഭരണത്തില്‍ അധികാരവികേന്ദ്രീകരണത്തിന് ഭരണപരമായും വലിയ തിരിച്ചടിയാണ് സംഭവിച്ചത്. ജനകീയപദ്ധതിനിര്‍വഹണത്തിനു പകരം ഉദ്യോഗസ്ഥ കേന്ദ്രീകൃത പദ്ധതിയാണ് യുഡിഎഫ് നടപ്പാക്കിയത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാരമേഖലകളില്‍ സമാന്തര അധികാരകേന്ദ്രങ്ങള്‍ സ്ഥാപിച്ച് തദ്ദേശസ്വയം ഭരണങ്ങളെ തകര്‍ത്തു. .

2002 ജനുവരി എട്ടിന് യുഡിഎഫ് നേതൃയോഗം സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കാനും തസ്തികകള്‍ ഇല്ലാതാക്കാനും നിര്‍ദേശം നല്‍കി. 32 ദിവസം നീണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിലേക്കാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം കൊണ്ടെത്തിച്ചത്. കേരളചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഇത്തരത്തിലെ സമരം. കൂടാതെ നിയമനനിരോധനം കൊണ്ടുവന്നു. സര്‍ക്കാര്‍ സര്‍വീസില്‍ 75,000 പേരുടെ കുറവുണ്ടായി. പൊതുമേഖലയിലും സ്വകാര്യവ്യവസായമേഖലയിലുമായി 90,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറുകിട വ്യവസായമേഖലയില്‍ കാല്‍ലക്ഷംപേര്‍ക്ക് തൊഴില്‍നഷ്ടപ്പെട്ടു. കാര്‍ഷികപ്രതിസന്ധി ഒന്നരലക്ഷംപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തി. പരമ്പരാഗതമേഖലയില്‍ നാലുലക്ഷത്തിലേറെ പേര്‍ക്ക് സ്ഥിരം തൊഴില്‍ നഷ്ടപ്പെട്ടു. ഈ മേഖലകളിലൊന്നിലും ഒരു തൊഴില്‍സാധ്യതപോലും ഉണ്ടാക്കിയില്ല. .

വിദേശമദ്യഷാപ്പുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഏത് ടൂറിസ്റ് കേന്ദ്രത്തിലും ബിയര്‍പാര്‍ലര്‍ തുടങ്ങാമെന്ന നിയമം കൊണ്ടുവന്നു. വ്യാജമദ്യക്കച്ചവടക്കാര്‍ക്ക് ഭരണനേതൃത്വത്തില്‍നിന്നുതന്നെ സഹായം ലഭിച്ചു. സ്പിരിറ്റ് കടത്ത് വ്യാപകമായി. അനധികൃതമദ്യക്കച്ചവടക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. . പൊതുവിതരണസമ്പ്രദായം തീര്‍ത്തും തകര്‍ന്നു. കരിഞ്ചന്തക്കാരുടെ സുവര്‍ണകാലമായിരുന്നു അത്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനാല്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. ഭക്ഷ്യസബ്സിഡിക്കായി യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. . ക്ഷേമപദ്ധതികള്‍ കാലോചിതമായി പരിഷ്കരിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നുമായിരുന്നു യുഡിഎഫിന്റെ വാഗ്ദാനം. എന്നാല്‍, ഇവ നടപ്പാക്കിയില്ലെന്നുമാത്രമല്ല നിലവിലുളളത് നല്‍കാന്‍പോലും തയ്യാറായില്ല. .
ഇലയനക്കംപോലും കള്ളന്റെ വരവാണെന്ന് കരുതി മലയാളി പേടിച്ച കാലമായിരുന്നു അത്. കവര്‍ച്ചകള്‍ രാപ്പകല്‍ ഭേദമില്ലാതെ നടന്നു. കേസുകളില്‍ പകുതിയും തെളിയിക്കാനായിട്ടില്ല. നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രേഖാമൂലം നല്‍കിയ കണക്കുകള്‍ കേരളം കള്ളന്മാരുടെ നാടായോ എന്ന് സംശയിപ്പിക്കുന്നതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2006 ജനുവരി 15 വരെ 47,770ത്തോളം മോഷണങ്ങളാണ് നടന്നത്.

ദേശാഭിമാനി 110411

2 comments:

  1. 2001-06 കാലത്തേതുപോലുള്ള യുഡിഎഫ് ഭരണകാലം ഒരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. നൂറുസീറ്റുമായി അധികാരമേറിയവര്‍ വാഗ്ദാനങ്ങള്‍ മറന്നു. അഴിമതിയില്‍ മുമ്പനാവാനായിരുന്നു മത്സരം. തമ്മിലടിയും രൂക്ഷം. എ കെ ആന്റണിയെ താഴെയിറക്കി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമേറ്റെടുത്തു. രണ്ടു മുഖ്യമന്ത്രിമാരും നാല്‍പ്പത്തൊന്ന് മന്ത്രിമാരും ജനങ്ങളെ ആവുന്നത്ര ദ്രോഹിച്ചു. കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തു, വിദ്യാഭ്യാസം കച്ചവടവല്‍ക്കരിച്ചു, വര്‍ഗീയകലാപങ്ങള്‍ വര്‍ധിച്ചു, മതസ്ഥാപനങ്ങള്‍ ആക്രമിച്ചു, പൊതുവിതരണ സമ്പ്രദായം തകര്‍ത്തു, ക്രമസമാധാനമേ ഇല്ലാതായി....... ഇങ്ങനെ അറ്റമില്ലാതെ നീളുന്നു യുഡിഎഫ് സര്‍ക്കാരിന്റെ 'ഭരണനേട്ടം'. .

    ReplyDelete
  2. ഒരൊറ്റ തിരുത്ത്.. കഴിഞ്ഞ നാലുവര്‍ഷക്കാലം.. ഭരിക്കാ‍നറിയുന്ന ഒരു നേതാവിനെ കണ്ടുപിടിക്കൂ ആദ്യം.. പടുകിളവനെ ഇനിയും നാലുവര്‍ഷം നിര്‍ത്തിയാല്‍ കേരളം ബഗാളാവും..

    ReplyDelete