Sunday, July 3, 2011

സ്വാശ്രയവിദ്യാഭ്യാസം പൊളിച്ചെഴുത്ത് അനിവാര്യം: ഡോ. കെ എന്‍ പണിക്കര്‍

വന്‍കിട മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട് സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുണ്ടായ അപചയം പരിഹരിക്കാന്‍ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ചരിത്രകാരനുമായ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷാവകാശമെന്നത് സ്വാശ്രയ കോളജ് നടത്താനുള്ള അവകാശമായി മാറിയിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. സ്വാശ്രയ കോളജുകള്‍ക്ക് മേല്‍ സര്‍ക്കാരുകള്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധിനിവേശം നടത്തുകയാണെന്നായിരുന്നു ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്റെ ആക്ഷേപം.

സ്വാശ്രയ രംഗത്തെ മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട് വലിയൊരു വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമായതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് കെ എന്‍ പണിക്കര്‍ പറഞ്ഞു. അര്‍ഹതയുള്ളവര്‍ തഴയപ്പെട്ടതോടെ ഉടലെടുത്ത സാമൂഹ്യനീതി നിഷേധത്തെ കുറിച്ച് ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും ചര്‍ച്ചയുണ്ടായിട്ടില്ല. ചര്‍ച്ച മുഴുവന്‍ കോടതി വിധികളെ കുറിച്ചാണ്. സ്വാശ്രയം എന്നത് വിദ്യാര്‍ഥിയുടെയോ മാനേജ്‌മെന്റിന്റെയോ രക്ഷിതാക്കളുടെയോ എന്ന കാര്യവും നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വാശ്രയ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഘടനാ രൂപത്തില്‍ തന്നെ അഴിച്ചുപണി വേണം. ഒറ്റ പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കി വേണം പ്രവേശനം. ഭരണഘടനാപരമായ സംവരണം പാലിക്കപ്പെടുന്നതോടൊപ്പം മാനേജ്‌മെന്റുകളുടെ അവകാശവും സംരക്ഷിക്കണം.ഫീസും പ്രവേശനവും കൂട്ടിക്കുഴക്കുന്ന രീതി അവസാനിപ്പിക്കണം. സ്വാശ്രയ മേഖലയെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മേന്മ വര്‍ധിപ്പിക്കുന്ന തരത്തില്‍ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ കൊള്ള നടത്താന്‍ മെത്രാന്മാരും ക്രിസ്ത്യന്‍ മാനേജ്‌മെന്റും ന്യൂനപക്ഷാവകാശത്തെയും വിശ്വാസത്തെയും ദുരുപയോഗിക്കുകയാണെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.  ഭരണഘടനയിലെ 19(1)ജി അനുഛേദ പ്രകാരം നിയമപരമായാണ് കോളജുകള്‍ നടത്തുന്നതെന്ന് ആണയിടുന്നവര്‍ സര്‍ക്കാറിന്റെ നിയമപരമായ ഇടപെടലിനെ ചെറുക്കാന്‍ ന്യൂനപക്ഷാവകാശത്തെ കൂട്ടുപിടിക്കുന്നു. വിശ്വാസം അപകടത്തിലാണെന്ന പേരില്‍ മെത്രാന്മാര്‍ ഇടയലേഖനമിറക്കുന്നു. ഇത് വിശ്വാസികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

കൊള്ളയായതിനാലാണ് സര്‍ക്കാരുമായി ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ ധാരണയില്‍ ഒപ്പിടാത്തതെന്ന് പ്രസിഡന്റ് ജോര്‍ജ് പോള്‍ പറഞ്ഞു. സര്‍ക്കാരുമായി ധാരണയിലെത്തിയാല്‍ കൃത്യസമയത്ത് പ്രവേശനം നടത്തി ക്ലാസ് തുടങ്ങാനാകില്ല. ഫീസിന്റെ കാര്യത്തില്‍ സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെറ പ്രത്യേക സാഹചര്യത്തില്‍ പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്ന് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ നടക്കുന്ന കൊള്ള സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. അത് മൂര്‍ഛിച്ചാല്‍ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. പല നിയമങ്ങള്‍ക്ക് പകരം സ്വാശ്രയ മേഖലയെ നിയന്ത്രിക്കാന്‍ ഒറ്റ നിയമം വേണമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ പറഞ്ഞു.

കെ വി മുഹമ്മദ് സക്കീര്‍ അധ്യക്ഷനായി. അഡ്വ. പി കെ ഇബ്രാഹിം മോഡറേറ്ററായിരുന്നു.

janayugom 030711

1 comment:

  1. വന്‍കിട മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട് സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുണ്ടായ അപചയം പരിഹരിക്കാന്‍ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ചരിത്രകാരനുമായ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete