Saturday, July 2, 2011

അരുണശോഭയോടെ ചൈന

ബീജിങ്: എണ്ണമറ്റ ത്യാഗങ്ങളിലൂടെയും ഭാവനാപൂര്‍ണമായ നയങ്ങളിലൂടെയും ചൂഷണങ്ങളില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും രാജ്യത്തെ മോചിപ്പിച്ച പ്രിയപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) 90-ാം പിറന്നാള്‍ ചൈനീസ് ജനത ആഘോഷിച്ചു. ചുവപ്പണിഞ്ഞ ഗ്രാമനഗരങ്ങളില്‍ ഉത്സവാന്തരീക്ഷം അലയടിക്കെ രാജ്യത്തിന്റെ ജൈത്രയാത്ര നയിക്കുന്ന പാര്‍ടിയുടെ വാര്‍ഷികാഘോഷപരിപാടികള്‍ ലോകത്തിനുമുന്നില്‍ വീണ്ടും ചൈനയുടെ തിളക്കമേറ്റി. സിപിസിയുടെ സമരപാരമ്പര്യത്തിലും അതിന്റെ നായകത്വത്തില്‍ രാജ്യമാര്‍ജിച്ച വികസനക്കുതിപ്പിലും ആവേശഭരിതരായ സ്കൂള്‍ വിദ്യാര്‍ഥികള്‍മുതല്‍ വയോവൃദ്ധര്‍വരെ എല്ലാ വിഭാഗം ജനങ്ങളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു.

തലസ്ഥാനമായ ബീജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് വെള്ളിയാഴ്ച നേരം പുലരുംമുമ്പേ പതാക ഉയര്‍ത്താന്‍ പതിനായിരങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് എത്തിയത്. പുലര്‍ച്ചെ 4.48ന് ദേശീയപതാക ഉയര്‍ത്തിയ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയവരില്‍ 2008ലെ വെന്‍ചുവാന്‍ ഭൂകമ്പത്തില്‍ അംഗവൈകല്യം ബാധിച്ച തിബറ്റിലെ 30 കുട്ടികളുടെ സംഘവുമുണ്ടായിരുന്നു. 6000 പേരടങ്ങിയ ഗായകസംഘമാണ് ദേശീയഗാനമാലപിച്ചത്. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം വൂ ബങ്ഗുവോ റാലി ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് ഗ്രേറ്റ് ഹാളില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും രാഷ്ട്രത്തിന്റെ നായകനുമായ ഹു ജിന്താവോ മുഖ്യ പ്രഭാഷണം നടത്തി. വിവിധ രംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ച എഴുന്നൂറില്‍പ്പരമാളുകളെ സമ്മേളനത്തില്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് സീ ജിന്‍പിങ് ആദരിച്ചു.

ജനങ്ങളാണ് പാര്‍ടിയെ അധികാരമേല്‍പ്പിച്ചതെന്നും അത് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുമാത്രം വിനിയോഗിക്കണമെന്നും ഹൂ പറഞ്ഞു. ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ് പാര്‍ടിയുടെ കരുത്ത്. രാജ്യത്തിന്റെയും ജനങ്ങളുടെയും നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ അവകാശമുള്ളപ്പോഴും അലസരായിരിക്കാന്‍ അവകാശമില്ല. പാര്‍ടിയെ ആശ്രയിച്ചാണ് രാജ്യത്തിന്റെ വിജയം. ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന സിദ്ധാന്തത്തില്‍ ഉറച്ചുനിന്ന് പാര്‍ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനബോധമുണര്‍ത്തുന്ന ചലച്ചിത്രങ്ങളും ടെലിവിഷന്‍ പരമ്പരകളും ചുവപ്പുഗീതങ്ങളും തരംഗവീചികളില്‍ നിറഞ്ഞ ദിനത്തില്‍ ഓരോ മനസ്സും രാജ്യത്തിന്റെ കുതിപ്പില്‍ അഭിമാനംകൊണ്ടു. തപാല്‍വകുപ്പ് ഈ ദിനത്തിന്റെ സ്മരണയ്ക്ക് പ്രത്യേക തപാല്‍കവര്‍ പുറത്തിറക്കി.

deshabhimani 020711

1 comment:

  1. എണ്ണമറ്റ ത്യാഗങ്ങളിലൂടെയും ഭാവനാപൂര്‍ണമായ നയങ്ങളിലൂടെയും ചൂഷണങ്ങളില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും രാജ്യത്തെ മോചിപ്പിച്ച പ്രിയപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) 90-ാം പിറന്നാള്‍ ചൈനീസ് ജനത ആഘോഷിച്ചു. ചുവപ്പണിഞ്ഞ ഗ്രാമനഗരങ്ങളില്‍ ഉത്സവാന്തരീക്ഷം അലയടിക്കെ രാജ്യത്തിന്റെ ജൈത്രയാത്ര നയിക്കുന്ന പാര്‍ടിയുടെ വാര്‍ഷികാഘോഷപരിപാടികള്‍ ലോകത്തിനുമുന്നില്‍ വീണ്ടും ചൈനയുടെ തിളക്കമേറ്റി. സിപിസിയുടെ സമരപാരമ്പര്യത്തിലും അതിന്റെ നായകത്വത്തില്‍ രാജ്യമാര്‍ജിച്ച വികസനക്കുതിപ്പിലും ആവേശഭരിതരായ സ്കൂള്‍ വിദ്യാര്‍ഥികള്‍മുതല്‍ വയോവൃദ്ധര്‍വരെ എല്ലാ വിഭാഗം ജനങ്ങളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു.

    ReplyDelete