Saturday, July 2, 2011

കര്‍ണാടകത്തില്‍ വന്‍ ഭൂമികൊള്ള

വ്യവസായവല്‍ക്കരണത്തിന്റെ മറവില്‍ ഭൂബാങ്ക് രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ആവശ്യമുള്ളതിലും ഇരട്ടിയിലേറെ കൃഷിഭൂമി. കഴിഞ്ഞ ജൂണില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപസംഗമത്തില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ ധാരണാപത്രം ഒപ്പിട്ട വന്‍കിട വ്യവസായ യൂണിറ്റുകള്‍ക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുക്കല്‍ . നിക്ഷേപസംഗമത്തിലെ കരാര്‍പ്രകാരം 913 പദ്ധതിയാണ് നടപ്പാക്കുന്നത്. ഇവയ്ക്കെല്ലാംകൂടി 57,016 ഏക്കര്‍ മതിയാകുമെന്നിരിക്കെ 1,21,304 ഏക്കറാണ് ഏറ്റെടുക്കുന്നത്. 61,016 ഏക്കര്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.

വ്യവസായ ഭീമന്മാരായ ആര്‍സലര്‍ മിത്തല്‍ , പോസ്കോ, എസ്ആര്‍ ഗ്രൂപ്പ്, ആധുനിക് മെറ്റാലിക്, മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ബ്രഹ്മിണി സ്റ്റീല്‍സ് എന്നിവയ്ക്കുവേണ്ടിയാണ് വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നത്. 73,093 ഏക്കറും കൃഷിഭൂമിയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി 48,211 ഏക്കറും. ബെല്ലാരിയില്‍ ആര്‍സലര്‍ മിത്തല്‍ കമ്പനിക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു. എന്നാല്‍ , എത്ര ഭൂമിയാണ് ഏറ്റെടുത്തതെന്ന് വ്യക്തമാക്കാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചു. 4000 ഏക്കര്‍ ഏറ്റെടുത്ത് കെഐഎഡിബി ഉത്തരവിട്ടിരുന്നു. 4500 ഏക്കറാണ് ആര്‍സലര്‍ മിത്തല്‍ ആവശ്യപ്പെട്ടത്.

വ്യവസായവല്‍ക്കരണത്തിന്റെ മറവില്‍ കൃഷിഭൂമി ഏറ്റെടുത്ത് വന്‍കിടസ്ഥാപനങ്ങള്‍ക്ക് മറിച്ചുനല്‍കുകയാണ് സര്‍ക്കാര്‍ . ഭൂബാങ്ക് പദ്ധതിയില്‍നിന്ന് പിന്നോക്കം പോകില്ലെന്ന് മന്ത്രി മുരുകേഷ് നിരാനി ആവര്‍ത്തിച്ചു. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കര്‍ഷകപ്രതിഷേധം രൂക്ഷമാണ്. നൈസ് പദ്ധതിയുടെ പേരില്‍ കൂടുതല്‍ കൃഷിഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ടൗണ്‍ഹാളിനുമുന്നില്‍ നടത്തുന്ന നിരാഹാരസമരം രണ്ടാംദിവസം പിന്നിട്ടു. സ്ത്രീകളടക്കം മുപ്പതോളം കര്‍ഷകരാണ് അനിശ്ചിതകാല നിരാഹാരസമരത്തില്‍ . മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജി വി ശ്രീറാം റെഡ്ഡി എന്നിവര്‍ സമര വളന്റിയര്‍മാരെ സന്ദര്‍ശിച്ചു.

deshabhimani 020711

1 comment:

  1. വ്യവസായവല്‍ക്കരണത്തിന്റെ മറവില്‍ ഭൂബാങ്ക് രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ആവശ്യമുള്ളതിലും ഇരട്ടിയിലേറെ കൃഷിഭൂമി. കഴിഞ്ഞ ജൂണില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപസംഗമത്തില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ ധാരണാപത്രം ഒപ്പിട്ട വന്‍കിട വ്യവസായ യൂണിറ്റുകള്‍ക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുക്കല്‍ . നിക്ഷേപസംഗമത്തിലെ കരാര്‍പ്രകാരം 913 പദ്ധതിയാണ് നടപ്പാക്കുന്നത്. ഇവയ്ക്കെല്ലാംകൂടി 57,016 ഏക്കര്‍ മതിയാകുമെന്നിരിക്കെ 1,21,304 ഏക്കറാണ് ഏറ്റെടുക്കുന്നത്. 61,016 ഏക്കര്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.

    ReplyDelete