ന്യൂഡല്‍ഹി: അഴിമതി തടയാന്‍ കൊണ്ടുവരുന്ന ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. നീതിന്യായസംവിധാനം ലോക്പാലിന്റെ പരിധിയിലാക്കേണ്ട. എന്നാല്‍ , ജുഡീഷ്യറിക്കെതിരായ പരാതി പരിശോധിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. അധ്യക്ഷനടക്കം പത്തംഗ ലോക്പാലാകണം രൂപീകരിക്കേണ്ടത്. സജീവ രാഷ്ട്രീയപ്രവര്‍ത്തകരെയും വാണിജ്യ-വ്യവസായ രംഗത്തുള്ളവരെയും സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സിപിഐ എം നിലപാടെന്നും പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ പൊതുപ്രവര്‍ത്തകരും, പ്രധാനമന്ത്രിയടക്കം, ലോക്പാലിന്റെ പരിധിയില്‍ വരണം. മുന്‍ സര്‍ക്കാരുകള്‍ അവതരിപ്പിച്ച കരട് ലോക്പാല്‍ ബില്ലുകളിലെല്ലാം പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തിയിരുന്നു. അന്ന് ഇതിനെ അനുകൂലിച്ച കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ നിലപാട് മാറ്റുകയാണ്. ലോക്പാലിന്റെ പരിധിയില്‍ ജുഡീഷ്യറിയെ കൊണ്ടുവരുന്നത് ഉന്നത നീതിപീഠങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാകും. ഭീതികൂടാതെ പ്രവര്‍ത്തിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാത്ത സ്ഥിതിവരും. എന്നാല്‍ , ജുഡീഷ്യറിയെ സൂക്ഷ്മനിരീക്ഷണത്തില്‍ കൊണ്ടുവരികയും ആരോപണങ്ങള്‍ അന്വേഷിക്കുകയും ചെയ്യണം. നിലവില്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ നടപടിക്ക് ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത് അവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നതാണ്. ദേശീയ ജുഡീഷ്യല്‍ കമീഷന്‍ സ്ഥാപിച്ച് ഉന്നത നീതിപീഠത്തിലെ നിയമനങ്ങള്‍ പരിശോധിക്കുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും വേണം. നിലവില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള "ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍" തീര്‍ത്തും അപര്യാപ്തമാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
എംപിമാര്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനമില്ല. പാര്‍ലമെന്റിലെ പ്രസംഗത്തിനും വോട്ടിനും ഭരണഘടനയുടെ 105-ാം വകുപ്പ് എംപിമാര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഈ സംരക്ഷണം അഴിമതിക്ക് മറയാകുന്നുണ്ടോയെന്ന് പരിശോധിക്കണം. 105-ാം വകുപ്പിന് ഭേദഗതി കൊണ്ടുവരണം. വോട്ടിങ് അടക്കം പാര്‍ലമെന്റിലെ ഏതെങ്കിലും നടപടിക്ക് പിന്നില്‍ അഴിമതിയുണ്ടോയെന്ന് കണ്ടെത്താന്‍ നിയമം കൊണ്ടുവരികയും അത് അഴിമതിനിരോധന നിയമത്തിന്റെ പരിധിയിലാക്കുകയും വേണം. അഴിമതിക്ക് കൃത്യമായ നിര്‍വചനം വേണം. വ്യക്തികളെ സഹായിക്കാനുള്ള അധികാരദുരുപയോഗം മാത്രമാണ് ഇപ്പോള്‍ അഴിമതിയായി കാണുന്നത്. ഇത് മാറ്റി സ്ഥാപനങ്ങളെയോ വന്‍വ്യവസായങ്ങളെയോ സഹായിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ അധികാരം ദുരുപയോഗപ്പെടുത്തുന്നത് അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.
ചിലപ്പോള്‍ കോഴപ്പണത്തിന്റെ ഒഴുക്ക് കണ്ടെത്താനായില്ലെങ്കിലും ഖജനാവിന് വലിയ നഷ്ടം സംഭവിക്കും. ഇതും അഴിമതിയായി കാണണം. പരാതികള്‍ സ്വീകരിക്കാനും അന്വേഷിച്ച് കേസുകള്‍ പ്രത്യേക കോടതിയിലേക്ക് വിടാനുമുള്ള അധികാരം ലോക്പാലിനുണ്ടാകണം. സ്വന്തംനിലയ്ക്ക് അന്വേഷണത്തിന് ഉത്തരവിടാനും കഴിയണം. ഭരണഘടനയ്ക്കുള്ളില്‍ നിന്നാകണം ഈ പ്രവര്‍ത്തനം. അധ്യക്ഷനടക്കം പത്തംഗങ്ങള്‍ വരുന്ന സമിതിയില്‍ ജുഡീഷ്യറിയില്‍നിന്ന് നാലും ഭരണനിര്‍വഹണ-ഉദ്യോഗസ്ഥ തലത്തില്‍നിന്ന് മൂന്നും നിയമം, സാമൂഹ്യസേവനം, അക്കാദമിക് മേഖലകളില്‍നിന്ന് ഓരോരുത്തരും അംഗമാകണം. ലോക്പാല്‍ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിക്കണം. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കണം. ഇതിനായി പൊതുതാല്‍പ്പര്യ വെളിപ്പെടുത്തല്‍ ബില്‍ -2010 ശക്തിപ്പെടുത്തണം. പൗരാവകാശങ്ങള്‍ സംരക്ഷിച്ച് പ്രത്യേക നിയമം കൊണ്ടുവരണം. പണത്തിന്റെ ഒഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം കൊണ്ടുവരണം. കള്ളപ്പണം കണ്ടെത്താനും പിടിച്ചെടുക്കാനും നടപടികള്‍ സ്വീകരിക്കണം. പൊതുപ്രവര്‍ത്തകരും വന്‍കോര്‍പറേറ്റുകളും തമ്മിലുള്ള കൂട്ടായ്മയാണ് വന്‍ അഴിമതിക്ക് വഴിതെളിക്കുന്നത്. ഇത്തരം കേസുകള്‍ അന്വേഷിച്ച് സ്ഥാപനങ്ങളുടെ ലൈസന്‍സും അവരുമായുള്ള കരാറുകളും റദ്ദാക്കാന്‍ ലോക്പാലിന് അധികാരം നല്‍കണം. ഇത്തരം സ്ഥാപനങ്ങളെ കരിമ്പട്ടികയിലാക്കി നഷ്ടം പിടിച്ചെടുക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
ദേശാഭിമാനി
അഴിമതി തടയാന്‍ കൊണ്ടുവരുന്ന ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. നീതിന്യായസംവിധാനം ലോക്പാലിന്റെ പരിധിയിലാക്കേണ്ട. എന്നാല്‍ , ജുഡീഷ്യറിക്കെതിരായ പരാതി പരിശോധിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. അധ്യക്ഷനടക്കം പത്തംഗ ലോക്പാലാകണം രൂപീകരിക്കേണ്ടത്. സജീവ രാഷ്ട്രീയപ്രവര്‍ത്തകരെയും വാണിജ്യ-വ്യവസായ രംഗത്തുള്ളവരെയും സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സിപിഐ എം നിലപാടെന്നും പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ReplyDelete