Friday, August 19, 2011

ഒരു രൂപ അരി: 24.50 ലക്ഷം കുടുംബങ്ങള്‍ പുറത്ത്

ഒരു രൂപ അരിക്ക് അര്‍ഹരായവരുടെ പട്ടികയില്‍നിന്ന് 24.50 ലക്ഷം കുടുംബങ്ങള്‍ പുറത്ത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ മുഖേന നടത്തിയ സര്‍വേ പ്രകാരം തയ്യാറാക്കിയ ബിപിഎല്‍ പട്ടിക അംഗീകരിക്കേണ്ടെന്നും കേന്ദ്രപട്ടിക അംഗീകരിച്ചാല്‍ മതിയെന്നും യുഡിഎഫ് യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ നല്‍കുന്ന അരിയുടെ അളവ് വെട്ടിക്കുറയ്ക്കാനും ആലോചനയുണ്ട്. നിലവിലെ ബിപിഎല്‍ പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റിയെന്നാരോപിച്ചാണ് പുതിയ നിര്‍ദേശം.

നിലവിലെ ലിസ്റ്റില്‍ 36 ലക്ഷം പേരുണ്ട്. ഇവര്‍ക്കെല്ലാം ഒരു രൂപ നിരക്കില്‍ അരി നല്‍കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാവും സൗജന്യനിരക്കില്‍ അരി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 36 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും അരി നല്‍കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. മുപ്പത്താറു ലക്ഷം കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ അരി നല്‍കിയാല്‍ കനത്ത സാമ്പത്തികബാധ്യത വരുമെന്ന് യുഡിഎഫ് യോഗത്തില്‍ ധനമന്ത്രി കെ എം മാണിയും ഭക്ഷ്യമന്ത്രി ടി എം ജേക്കബ്ബും വാദിച്ചു. ഒരു കുടുംബത്തിനു ഒരു രൂപ നിരക്കില്‍ അരി വിതരണം നടത്തുമ്പോള്‍ സര്‍ക്കാരിനു പ്രതിമാസം 142.50 കോടി രൂപയുടെ ബാധ്യത വരും. ഇത്തരത്തില്‍ കോടികളുടെ നഷ്ടം ഇന്നത്തെ സാഹചര്യത്തില്‍ വഹിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ബിപിഎല്‍ പട്ടിക അനുസരിച്ച് അരിവിതരണം നടത്തിയാല്‍ മതിയെന്നുമുള്ള നിലപാടിലാണ് മന്ത്രിമാര്‍ . ഈ നിലപാട് യുഡിഎഫ് യോഗം അംഗീകരിച്ചു.

ആഗസ്ത് 27 മുതല്‍ ഒരു രൂപ അരി വിതരണം ആരംഭിക്കും. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു രൂപയുടെ അരി തുടര്‍ന്നു നല്‍കാനും യോഗം നിര്‍ദേശിച്ചു. എന്നാല്‍ , ഈ വിഭാഗത്തിന് പ്രതിമാസം നല്‍കുന്ന സബ്സിഡി അരിയുടെ അളവ് ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം യോഗം അംഗീകരിച്ചു. രണ്ട് രൂപ നിരക്കില്‍ അരി വിതരണത്തിന് പ്രതിവര്‍ഷം 1346 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നതിനാല്‍ പദ്ധതി പുനരവലോകനം ചെയ്യണമെന്നാണ് ടി എം ജേക്കബ്ബും, കെ എം മാണിയും യോഗത്തില്‍ ആവശ്യപ്പെട്ടത്.
(ജി രാജേഷ്കുമാര്‍)

deshabhimani 190811

1 comment:

  1. ഒരു രൂപ അരിക്ക് അര്‍ഹരായവരുടെ പട്ടികയില്‍നിന്ന് 24.50 ലക്ഷം കുടുംബങ്ങള്‍ പുറത്ത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ മുഖേന നടത്തിയ സര്‍വേ പ്രകാരം തയ്യാറാക്കിയ ബിപിഎല്‍ പട്ടിക അംഗീകരിക്കേണ്ടെന്നും കേന്ദ്രപട്ടിക അംഗീകരിച്ചാല്‍ മതിയെന്നും യുഡിഎഫ് യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ നല്‍കുന്ന അരിയുടെ അളവ് വെട്ടിക്കുറയ്ക്കാനും ആലോചനയുണ്ട്. നിലവിലെ ബിപിഎല്‍ പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റിയെന്നാരോപിച്ചാണ് പുതിയ നിര്‍ദേശം.

    ReplyDelete