അഴിമതി: പ്രധാനമന്ത്രിയും ഉത്തരവാദി-സിപിഐ എം
കൊല്‍ക്കത്ത: 2ജി സ്പെക്ട്രം അടക്കം രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ അഴിമതികളില്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. 2ജി, കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതക കരാര്‍ , കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവ സംബന്ധിച്ച് മറുപടി പറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
അഴിമതിക്ക് സഹായകമായ നിലപാടാണ് യുപിഎ സര്‍ക്കാരിന്റേത്. 2ജി, കെജി ബേസിന്‍ ഇടപാടുകളില്‍ അഴിമതി നടക്കാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. ഇടതുപക്ഷ പാര്‍ടികള്‍ നേരത്തെ പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സീതാറാം യെച്ചൂരി പലതവണ പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതി. എന്നാല്‍ , അഴിമതി തടയാന്‍ അദ്ദേഹം നടപടിയെടുത്തില്ല. 2ജി സ്പെക്ട്രം ഇടപാട്, കെജി ബേസിന്‍ കരാര്‍ എന്നിവയിലും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായി സുരേഷ് കല്‍മാഡിയെ നിയമിച്ചതിലും പ്രധാനമന്ത്രിയുടെ പങ്ക് സംശയകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പുകള്‍ നടത്തുന്ന അഴിമതികള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രി സത്യസന്ധനല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ നടന്ന അഴിമതികളിലെല്ലാം പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട് എന്നത് വ്യക്തമാണെന്ന് കാരാട്ട് മറുപടി നല്‍കി.
നരസിംഹറാവു, രാജീവ്ഗാന്ധി സര്‍ക്കാരുകളേക്കാള്‍ വലിയ അഴിമതി ഇപ്പോള്‍ നടക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ , രാജീവ്ഗാന്ധി, റാവു സര്‍ക്കാരുകളും എന്‍ഡിഎ സര്‍ക്കാരും അഴിമതിയില്‍ മോശക്കാരായിരുന്നില്ല. എന്നാല്‍ , ഇപ്പോള്‍ അഴിമതി അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം മറുപടി നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെയും പങ്ക് സിഎജി പുറത്തുകൊണ്ടുവന്നിരിക്കയാണ്. പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് ശക്തികള്‍ക്ക് യുപിഎ സര്‍ക്കാര്‍ സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കയാണ്. കര്‍ണാടകത്തില്‍ ഖനി അഴിമതിയില്‍ പങ്കുണ്ടെന്ന് ലോകായുക്ത കണ്ടെത്തിയതിനെതുടര്‍ന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു. അതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യണം.
യുപിഎ സര്‍ക്കാരിന്റെ കരട് ലോക്പാല്‍ ബില്‍ ദുര്‍ബലമാണ്. അഴിമതി തടയുന്നതില്‍ ഈ ബില്‍ പര്യാപ്തമല്ല. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. ഉന്നതങ്ങളിലെ അഴിമതി തടയാന്‍ പാകത്തിലുള്ള സ്വതന്ത്രസ്വഭാവവും അധികാരവും ലോക്പാല്‍ സമിതിക്ക് നല്‍കുന്നില്ല. ഫലപ്രദമായ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിനുവേണ്ടി സിപിഐ എം ശക്തമായ പ്രചാരണം നടത്തും. ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ആധിപത്യം തടയാന്‍ നിയമം പരിഷ്കരിക്കുകയും കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ നടപടിയെടുക്കുകയുംവേണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു.
(വി ജയിന്‍)
സെപ്തംബര്‍ 2ന് പാര്‍ലമെന്റ് മാര്‍ച്ച്
കൊല്‍ക്കത്ത: ഫലപ്രദമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നും അഴിമതി തടയാന്‍ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സെപ്തംബര്‍ രണ്ടിന് ഇടതുപാര്‍ടികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ടി കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനും ഇടതുമുന്നണിക്കുമെതിരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണം തുടരും. ആഗസ്ത് 25ന് ബംഗാളിലെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. അന്ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. സാര്‍വത്രിക പൊതുവിതരണസംവിധാനം ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാബില്ലിനുവേണ്ടി ശക്തമായ പ്രചാരണപരിപാടികള്‍ നടത്തും. പാവപ്പെട്ട ജനവിഭാഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കണം ബിപിഎല്‍ വിഭാഗത്തെ നിശ്ചയിക്കേണ്ടത്. വ്യാപാരി സംഘടനകള്‍ , ട്രേഡ് യൂണിയനുകള്‍ എന്നിവയെ യോജിപ്പിച്ച് ചില്ലറവില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. വിവിധ മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന പ്രക്ഷോഭപരിപാടികളെ പാര്‍ടി പിന്തുണയ്ക്കും. വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം തുടരാന്‍ പാര്‍ടി ഘടകങ്ങളോട് കേന്ദ്ര കമ്മിറ്റി അഭ്യര്‍ഥിച്ചു.
പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട്ട്
കൊല്‍ക്കത്ത: സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് 2012 ഏപ്രില്‍ നാലുമുതല്‍ ഒന്‍പതുവരെ കോഴിക്കോട്ട് നടത്താന്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ടി കോണ്‍ഗ്രസില്‍ സംസ്ഥാനങ്ങളില്‍നിന്ന് പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചതായും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ജനുവരിയോടെയേ തയ്യാറാവൂ. പാര്‍ടി സമ്മേളനങ്ങള്‍ നടത്തുന്നതിന് മാര്‍ഗരേഖയുണ്ടാക്കുന്നതിനെക്കുറിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തില്ല. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി എസ് അച്യുതാനന്ദന്‍ പോയതു സംബന്ധിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാരാട്ട് ചോദ്യത്തിന് മറുപടി നല്‍കി. ആര് ആരുടെ വീട്ടില്‍ എപ്പോള്‍ പോയി, എന്ത് കഴിച്ചു, കഴിച്ചില്ല ഇതൊന്നും കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളല്ല. ലോക്പാല്‍ ബില്‍ , ഉന്നതങ്ങളിലെ അഴിമതി തുടങ്ങി പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. കഴിഞ്ഞ പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായപോലെ ഇക്കുറിയും പാര്‍ടി കോണ്‍ഗ്രസിനു മുമ്പ് പാര്‍ടിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയാണോ എന്ന് ചോദിച്ചപ്പോള്‍ , കഴിഞ്ഞ പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് പ്രകാശ് കാരാട്ട് മറുപടി നല്‍കി.
തെലങ്കാന പ്രശ്നം സംബന്ധിച്ച ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏഴു മാസം പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാത്തത് പ്രശ്നം വഷളാക്കുകയാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം. തമിഴ് വംശജരെ പുനരധിവസിപ്പിക്കാനും സൈന്യം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്വേഷിക്കാനും ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേന്ദ്രത്തിന്റെ ഭക്ഷ്യസുരക്ഷാ ബില്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ പര്യാപ്തമല്ല. ഒരു വിഭാഗത്തിനുമാത്രം കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാനാണ് നീക്കം. ഗ്രാമീണമേഖലയില്‍ 46 ശതമാനത്തിനും നഗരങ്ങളില്‍ 28 ശതമാനത്തിനും മാത്രം ഭക്ഷ്യസുരക്ഷ മതിയെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്. പത്ത് സംസ്ഥാനങ്ങളില്‍ കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ കിലോയ്ക്ക് മൂന്ന് രൂപയാണ് വില നിര്‍ദേശിക്കുന്നത്. എപിഎല്‍ വിഭാഗത്തിന് ഭക്ഷ്യസുരക്ഷ വേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിന്. വിലയുടെ കാര്യത്തിലും എപിഎല്‍ വിഭാഗത്തോട് വിവേചനമുണ്ട്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി പാവപ്പെട്ട കര്‍ഷകരുടെ ഭൂമി പിടിച്ചടക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ടി മുന്നിലുണ്ടാകുമെന്നും കേന്ദ്രകമ്മിറ്റി കമ്യൂണിക്കെയില്‍ പറഞ്ഞു.
നവ ഉദാരവല്‍ക്കരണം വഴിമുട്ടുന്നു: സിപിഐ എം
ന്യൂഡല്‍ഹി: നവ ഉദാരനയങ്ങള്‍ വഴിമുട്ടുന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് അമേരിക്കയിലെ വായ്പപ്രതിസന്ധിയും യൂറോപ്പിലെ ചില രാജ്യങ്ങള്‍ നേരിടുന്ന കടക്കെണിയുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 2008ല്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ആഗോള സമ്പദ്വ്യവസ്ഥ ഇനിയും കരകയറിയിട്ടില്ലെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തികസ്ഥാപനങ്ങള്‍ക്കും ഉദാരമായ സഹായം നല്‍കിയ അമേരിക്കയിലെയും യൂറോപ്പിലെയും ഭരണനേതൃത്വം ചെലവുചുരുക്കല്‍ നടപടികളുടെ പേരില്‍ ജനങ്ങളുടെമേല്‍ കടുത്തഭാരം അടിച്ചേല്‍പ്പിക്കുകയാണ്. അമേരിക്കയില്‍ നടപ്പാക്കുന്ന ചെലവുചുരുക്കല്‍ ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കേന്ദ്ര യുപിഎ സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുംവഴി ജനജീവിതം ദുസ്സഹമാക്കുന്ന നവ ഉദാരനയങ്ങള്‍ തുടരുകയാണ് യുപിഎയെന്നുംകേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.
deshabhimani 080811
സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് 2012 ഏപ്രില്‍ നാലുമുതല്‍ ഒന്‍പതുവരെ കോഴിക്കോട്ട് നടത്താന്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ടി കോണ്‍ഗ്രസില്‍ സംസ്ഥാനങ്ങളില്‍നിന്ന് പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചതായും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ജനുവരിയോടെയേ തയ്യാറാവൂ. പാര്‍ടി സമ്മേളനങ്ങള്‍ നടത്തുന്നതിന് മാര്‍ഗരേഖയുണ്ടാക്കുന്നതിനെക്കുറിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തില്ല. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി എസ് അച്യുതാനന്ദന്‍ പോയതു സംബന്ധിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാരാട്ട് ചോദ്യത്തിന് മറുപടി നല്‍കി. ആര് ആരുടെ വീട്ടില്‍ എപ്പോള്‍ പോയി, എന്ത് കഴിച്ചു, കഴിച്ചില്ല ഇതൊന്നും കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളല്ല.
ReplyDelete