ജനാധിപത്യാവകാശലംഘനം: സിപിഐ എം
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ച സര്‍ക്കാരിനെതിരെ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്താന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും പിബി ആവശ്യപ്പെട്ടു. ഹസാരെയെ അറസ്റ്റ് ചെയ്ത മന്മോഹന് സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന് പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 16 തവണ അഴിമതിവിരുദ്ധ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍തന്നെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുന്നതിന് അനുവാദം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വൃന്ദ പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കെതിരെ സമരംചെയ്യുന്ന അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തു. ക്രമസമാധാന പ്രശ്നമാണ് അറസ്റ്റിന് കാരണമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിക്കുക: പിണറായി
അണ്ണ ഹസാരയെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഭരണത്തിലെ തിന്മയ്ക്കും അഴിമതിക്കുമെതിരെ സമരംചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന് ഭരണഘടന അനുവദിക്കുന്നുണ്ട്. അത് ലംഘിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അമിതാധികാര വാഴ്ചയുടെ വിളംബരമാണ്. ഇതില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാനമൊട്ടുക്ക് എല്ലാ പ്രധാന കേന്ദ്രങ്ങളിലും ബുധനാഴ്ച വൈകിട്ട് പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
കേന്ദ്രത്തിന് സമരങ്ങളെ ഭയം: എസ് ആര് പി
തൃശൂര്‍ : അഴിമതിക്കെതിരായ പോരാട്ടങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നതിനു തെളിവാണ് അണ്ണാ ഹസാരയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത നടപടിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. സമരം ചെയ്യാനുള്ള അവകാശത്തിനും ജനാധിപത്യസ്വാതന്ത്ര്യത്തിനുംനേരെയുള്ള കടന്നാക്രമണമാണിത്. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു എസ്ആര്‍പി.
അണ്ണാ ഹസാരെ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളില്‍ അപൂര്ണതകളുണ്ടാകാം. എന്നാല്‍ , അഴിമതിക്കെതിരാണ് സമരമെന്നത് ശ്രദ്ധേയമാണ്. സമരം ചെയ്യാനുള്ള പൗരന്റെ അവകാശം നിഷേധിക്കുന്നത് അമിതാധികാര പ്രയോഗമാണ്. ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തണം. ഇടതുപക്ഷ പാര്‍ടികള്‍ ബുധനാഴ്ച ദേശവ്യാപകമായി പ്രതിഷേധിക്കും. അഴിമതിക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കണം. അഴിമതി നിര്‍മാര്‍ജനത്തിന് കൂടുതല്‍ നിയമങ്ങളും സ്ഥാപനങ്ങളും ഉണ്ടാകണം. നവ ലിബറല്‍ , ഉദാരവല്‍ക്കരണനയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക സംവിധാനമാണ് അഴിമതിയുടെ മുഖ്യസ്രോതസ്സ്.
കേരളത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭത്തിലാണ്. ഇക്കാര്യത്തില്‍ സിപിഐ എം നേതാക്കള്‍ക്ക് ഏകാഭിപ്രായമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വി എസ് അച്യുതാനന്ദന് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ജ്യോത്സ്യന്മാരുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന രീതി ശരിയല്ലെന്ന അഭിപ്രായം ഏറെ പ്രസക്തമാണെന്ന് മറുപടി നല്കി. ശാസ്ത്രീയമായും യുക്തിപൂര്‍വവും ചിന്തിക്കുന്നവരെല്ലാം ആ അഭിപ്രായം സ്വാഗതം ചെയ്യും. പാര്‍ടി അച്ചടക്കനടപടികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഉള്‍പാര്‍ടി കാര്യങ്ങള്‍ പുറത്തുപറയാറില്ലെന്ന് എസ്ആര്‍പി മറുപടി നല്കി. പ്രസ് ക്ലബ് പ്രസിഡന്റ് ജോയ് എം മണ്ണൂര്‍ അധ്യക്ഷനായി. സെക്രട്ടറി വി എം രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
ജനാധിപത്യമര്യാദ കാറ്റില്‍പറത്തി: വൈക്കം വിശ്വന്
അഴിമതിക്കെതിരെ സമരംചെയ്യാന്‍ ഒരുങ്ങിയ അണ്ണ ഹസാരയെ ജയിലിലടച്ച കേന്ദ്രസര്‍ക്കാര്‍ നടപടി എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രസ്താവനയില്‍ പറഞ്ഞു. സംഘടിക്കാനും ജനാധിപത്യപരമായി സമരംചെയ്യാനുമുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്ക്കും നല്കുന്നു. സമരം ആരംഭിക്കുകപോലും ചെയ്തിട്ടില്ലാത്ത ഘട്ടത്തിലാണ് ഹസാരെയുടെ അറസ്റ്റ് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. എല്ലാ ജനാധിപത്യാവകാശങ്ങളെയും ഹനിച്ച അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് വൈക്കം വിശ്വന് പറഞ്ഞു.
അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു: വി എസ്
കൊച്ചി: അഴിമതിക്കെതിരെ സമരത്തിനിറങ്ങിയ അണ്ണാ ഹസാരെയെ അറസ്റ്റ്ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ ഓര്‍മപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. ജനാധിപത്യപരമായി സമരംചെയ്യാനുള്ള അവകാശം ഹനിക്കുന്നത് ശരിയല്ല. ഹസാരയുടെ സമരരീതിയോട് വിയോജിപ്പുണ്ട്. എങ്കിലും അഴിമതിക്കെതിരായ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് വി എസ് മാധ്യമപ്രവര്ത്തകരോടുപറഞ്ഞു. അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതിലൂടെ പൗരാവകാശങ്ങള്‍ക്ക് വിലയില്ലാതായെന്ന് കോട്ടയത്ത് റബര്‍ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വി എസ് പറഞ്ഞു. സത്യഗ്രഹം വഴി രാജ്യത്തെ മോചിപ്പിക്കാന്‍ മഹാത്മാഗാന്ധിക്ക് കഴിഞ്ഞു. ഇന്ന് സത്യഗ്രഹം നടത്താനും പറ്റാത്ത സാഹചര്യമാണ്. അഴിമതിക്കാരെ സംരക്ഷിച്ച് പട്ടിണിക്കാരെ സൃഷ്ടിക്കുന്നതാണ് കേന്ദ്രനയം. കുറ്റക്കാരെ കണ്ടുപിടിക്കാനോ ശിക്ഷിക്കാനോ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല-അദ്ദേഹം പറഞ്ഞു.
ഹസാരെയെ പാര്‍പ്പിച്ചത് അഴിമതി വീരന്മാര്‍ക്കൊപ്പം
ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ പോരാട്ടത്തിന് ഇറങ്ങിയ അണ്ണാ ഹസാരെയെ യുപിഎ സര്‍ക്കാര്‍ ജയിലിലടച്ചത് അഴിമതി വീരന്മാര്‍ക്കൊപ്പം. എ രാജയും സുരേഷ് കല്‍മാഡിയും കഴിയുന്ന തിഹാര്‍ ജയിലില്‍ വൈകുന്നേരം 3.40 നാണ് ഹസാരെയെ പൊലീസ് എത്തിച്ചത്. കല്‍മാഡി കഴിയുന്ന നാലാം നമ്പര്‍ ജയിലിലാണ് ഹസാരെയെ അടച്ചത്. അരവിന്ദ് കെജ്രിവാളിനെയും മറ്റു നാലുപേരെയും എ രാജ കഴിയുന്ന ഒന്നാം നമ്പര്‍ ജയിലിലാണ് പാര്‍പ്പിച്ചത്. ഹസാരെ ജയിലിലും നിരാഹാരം തുടരുകയാണെന്ന് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ക്രിമിനല്‍നടപടി ചട്ടത്തിലെ 107(സമാധാനാന്തരീക്ഷം തകര്‍ക്കല്‍),151(കുറ്റക്യത്യം തടയാനായുള്ള കരുതല്‍ തടങ്കല്‍) വകുപ്പുകളാണ് പൊലീസ് ഹസാരെയ്ക്കുമേല് ചുമത്തിയത്.
deshabhimani 170811
അഴിമതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ച സര്‍ക്കാരിനെതിരെ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്താന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും പിബി ആവശ്യപ്പെട്ടു.
ReplyDeleteസമരം ചെയ്യാനുള്ള അവകാശം നിഷേധിച്ച യുപിഎ സര്‍ക്കാരിന്റെ നിലപാട് പ്രാകൃതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന് പറഞ്ഞു. അണ്ണാ ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ നിഷേധമാണ്. ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ എത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എത്രയോ ബില്ലുകള്‍ പാര്ലമെന്റിലുള്ളപ്പോള്തന്നെ ജനങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാമൊലിന്‍ കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്രയുംപെട്ടെന്ന് രാജി വയ്ക്കണം. രാജിവയ്ക്കാന്‍ മടിച്ചാല്‍ രാഷ്ട്രീയ ആത്മഹത്യയായിരിക്കും ഫലം. അധികാര ദുര്‍വിനിയോഗത്തിലൂടെ കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് ദുര്‍ബലമാക്കുകയും അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടി സ്വന്തം കേസില്‍ നീതി നടപ്പാക്കുമെന്ന് ആരും വിശ്വസിക്കില്ല. രാജിയില്‍ കുറഞ്ഞ പരിഹാരമില്ല. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തുനിന്ന് പി ജെ തോമസ് ഒഴിയേണ്ടിവന്നത് പാമൊലിന്‍ കേസിലാണ്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടര്‍ന്നാല്‍ ശക്തമായ ബഹുജന പ്രക്ഷോഭം നേരിടേണ്ടിവരും. രാജിവയ്ക്കുംവരെ എല്‍ഡിഎഫ് പ്രക്ഷോഭം തുടരും-ചന്ദ്രപ്പന് പറഞ്ഞു.
ReplyDeleteഹസാരെയെ അറസ്റ്റുചെയ്തതില്‍ പ്രചിഷേധിക്കുന്നു
ReplyDeleteഅണ്ണ ഹസാരെയുടെ അറസ്റ്റുസംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷപാര്‍ടികള്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ പാര്‍ലമെന്റിലെ മുറിയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവന വന്നെങ്കിലും പ്രധാനമന്ത്രിതന്നെ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ സമരം പാര്‍ലമെന്റിനകത്തും പുറത്തും തുടരാന്‍ തീരുമാനിച്ചതായി യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. പാര്‍ലമെന്റ് പിരിഞ്ഞശേഷമാണ് പ്രതിപക്ഷപാര്‍ടികള്‍ യോഗം ചേര്‍ന്നത്. സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, ജസ്വന്ത് സിങ് (ബിജെപി), സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ, രാമചന്ദ്ര ഡോം (സിപിഐ എം), ഡി രാജ, ഗുരുദാസ്ദാസ് ഗുപ്ത (സിപിഐ), രഘുവംശപ്രസാദ് സിങ് (ആര്‍ജെഡി), ശൈലേന്ദ്രകുമാര്‍ (എസ്പി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അണ്ണ ഹസാരെയുടെ അറസ്റ്റിനെക്കുറിച്ചുമാത്രമാണ് യോഗത്തില്‍ ചര്‍ച്ചയുണ്ടായത്. ഹസാരെയെ ജനാധിപത്യവിരുദ്ധമായി അറസ്റ്റുചെയ്ത പ്രശ്നത്തില്മാത്രമാണ് മറ്റു പാര്‍ടികളുമായുള്ള യോജിപ്പെന്ന് ഇടതുപക്ഷനേതാക്കള്‍ പറഞ്ഞു.
ReplyDeleteപ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിഐടിയു ആഹ്വാനംചെയ്തു. ഫലപ്രദമായ ലോക്പാല്‍ ബില്ലിനുവേണ്ടിയും അഴിമതി സ്ഥാപനവല്ക്കരിച്ച നവ ഉദാര നയങ്ങള്‍ക്കെതിരെയും ശക്തമായി പോരാടാന്‍ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളോട് സിഐടിയു ആഹ്വാനംചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിച്ചതിന്റെ അനുഭവം നേരത്തെതന്നെ ട്രേഡ് യൂണിയന് പ്രസ്ഥാനം അനുഭവിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete