Wednesday, August 17, 2011

സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലിനായി രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ . പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ജനാധിപത്യവിരുദ്ധനടപടികള്‍ പ്രതിസന്ധിയുടെ ആഴം വിളിച്ചോതുന്നു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൈക്കൊണ്ടതിന് സമാനമായ ജനാധിപത്യവിരുദ്ധനടപടികളാണ് മന്‍മോഹന്‍സര്‍ക്കാരും സ്വീകരിച്ചത്.

സമരം തുടങ്ങുന്നതിനുമുമ്പേ അണ്ണ ഹസാരെ താമസിക്കുന്ന വീട്ടില്‍ ചെന്നാണ് അറസ്റ്റുചെയ്തത്. നിരോധനാജ്ഞ നിലവിലില്ലാത്ത പ്രദേശത്തുവച്ചാണ് അറസ്റ്റ്. സമരത്തിന് അനുമതി നല്‍കാന്‍ പൊലീസ് വച്ച നിബന്ധനകള്‍ അംഗീകരിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ വാദം. ദില്ലിഗേറ്റിന് അടുത്തുള്ള ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ അണ്ണ ഹസാരെയ്ക്ക് നിരാഹാര സത്യഗ്രഹം നടത്താന്‍ അനുവാദം നല്‍കിയെങ്കിലും മൂന്നു ദിവസത്തേക്കുമാത്രമായിരുന്നു അനുവാദം. അവിടെ ടെന്റ് കെട്ടാനോ മൈക്രോഫോണ്‍ ഉപയോഗിക്കാനോ അനുവാദം നല്‍കിയില്ല. അതോടൊപ്പം അയ്യായിരത്തിലധികം ആളുകള്‍ പാര്‍ക്കിലെ സമരത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും 50 വാഹനംമാത്രമേ ഇവിടെ പാര്‍ക്കുചെയ്യാന്‍ പാടുള്ളൂവെന്നും സര്‍ക്കാര്‍ നിബന്ധനവച്ചു. ഈ നിബന്ധനകള്‍ സ്വീകാര്യമല്ലെന്നും രാജ്ഘട്ടില്‍ സമരം നടത്തുമെന്നും അണ്ണ ഹസാരെ പറഞ്ഞതാണ് അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണമായതെന്ന് ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഴിമതിക്കെതിരെ സമാധാനപരമായി സമരം നടത്താന്‍ ആര്‍ക്കും അവകാശമുണ്ടെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായിമാത്രമേ സമരം നടത്താന്‍ പാടുള്ളൂവെന്നും ചിദംബരം വിശദീകരിച്ചു. നിബന്ധനകള്‍ അവകാശങ്ങളുടെ ഭാഗമാണെന്ന പുതിയ ഭാഷ്യവും ചിദംബരം നല്‍കി. ജനലോക്പാല്‍ ബില്‍തന്നെ അംഗീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരെ അണ്ണ ഹസാരെ സമരം ആരംഭിച്ചതുമുതല്‍ അസഹിഷ്ണുതയോടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ പെരുമാറിയത്. ആദ്യം ഹസാരെയെയും പൗരസമൂഹപ്രതിനിധികളെയും ലോക്പാല്‍ ബില്‍ രൂപീകരിക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ , അവരുടെ ബില്ലിലെ പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതിനെതിരെയാണ് ആഗസ്ത് 16 മുതല്‍ നിരാഹാരസമരം തുടങ്ങുമെന്ന് അണ്ണ ഹസാരെ പ്രസ്താവിച്ചത്. ഇതിന് തൊട്ടുമുമ്പ് ഹസാരെയെ വ്യക്തിപരമായി കരിതേച്ചുകാണിക്കാനും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി തയ്യാറായി. ഹസാരെയും അഴിമതിക്കാരനാണെന്നതായിരുന്നു ആരോപണം. അതിനുപുറകെയാണ് അറസ്റ്റ് നടന്നത്. എന്നാല്‍ , സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റുകയാണെന്ന് ചൊവ്വാഴ്ചത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തീര്‍ത്തും ഒറ്റപ്പെട്ടു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എസ്പിയും ആര്‍ജെഡിയും മറ്റും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസിനകത്തുതന്നെ വിഷയം കൈകാര്യംചെയ്ത രീതിക്കെതിരെ വിമര്‍ശമുയര്‍ന്നു. ചിദംബരത്തിനും കപില്‍ സിബലിനുമെതിരെയാണ് രോഷം ശക്തമാകുന്നത്.
(വി ബി പരമേശ്വരന്‍)

അറസ്റ്റ് നാടകീയം

ന്യൂഡല്‍ഹി: ജയപ്രകാശ്നാരായണ്‍ പാര്‍ക്കില്‍ അണ്ണ ഹസാരെ സമരം തുടങ്ങിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൗരസമൂഹം പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നെങ്കിലും ഇത്രനേരത്തെ പ്രതീക്ഷിച്ചില്ല. ചൊവ്വാഴ്ച പുലര്‍ച്ചെതന്നെ ഹസാരെ താമസിക്കുന്ന മയൂര്‍വിഹാര്‍ സുപ്രീം എന്‍ക്ലേവ് നമ്പര്‍ വണ്‍ ഫ്ളാറ്റ് പരിസരത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ വേഷപ്രഛന്നരായി എത്തി. ഹസാരെയുടെ അനുയായികളും ഏതാനും ചില മാധ്യമങ്ങളും രാവിലെ എത്തിയിരുന്നു. ഇവിടെവച്ച് അറസ്റ്റ് പ്രതീക്ഷിക്കാത്തതിനാല്‍ എല്ലാമാധ്യമങ്ങളും കേന്ദ്രീകരിച്ചത് ജെപി പാര്‍ക്കിലാണ്. ഡല്‍ഹി പൊലീസിലെ ചില മുതിര്‍ന്ന ഓഫീസര്‍മാര്‍ ഏഴരയോടെ സമരക്കാര്‍ക്കിടയിലൂടെ ഫ്ളാറ്റിലെത്തി. ഹസാരെ ജെപി പാര്‍ക്കിലെത്താന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിലെ ഉന്നതരുടെ നിര്‍ദേശമാണ് ഡല്‍ഹി പൊലീസ് നടപ്പാക്കിയത്. നിരാഹാരസമരത്തിന് ജെപി പാര്‍ക്കിലേക്ക് പോകരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഹസാരെയോട് ആവശ്യപ്പെട്ടു. ധ്യാനത്തിനായി താന്‍ രാജ്ഘട്ടിലേക്ക് പോവുകയാണെന്ന് ഹസാരെ പറഞ്ഞു. നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്യുകയാണെന്നും സഹകരിക്കണമെന്നും പൊലീസ് ഓഫീസര്‍ ഹസാരെയോട് പറഞ്ഞു. എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്ന് ഹസാരെ ചോദിച്ചപ്പോള്‍ "ഞങ്ങള്‍ക്ക് മുകളില്‍നിന്നുള്ള നിര്‍ദേശമുണ്ട്" എന്നായിരുന്നു പൊലീസ് ഓഫീസറുടെ മറുപടി. ചിരിച്ചുകൊണ്ടാണ് സ്വകാര്യവാഹനത്തില്‍ പൊലീസിനൊപ്പം ഹസാരെ യാത്രയായത്. ഗേറ്റില്‍വച്ച് ഹസാരെയെ കൊണ്ടുപോയ കാര്‍ അനുയായികള്‍ തടഞ്ഞു. ഹസാരെതന്നെയാണ് ഇവരോട് മാറാനും അക്രമസമരങ്ങള്‍ പാടില്ലെന്നും പറഞ്ഞത്. തുടര്‍ന്ന് നൂറോളം പേര്‍ വാഹനത്തെ പിന്തുടര്‍ന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹസാരെയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ചും വ്യാപകമായ സംശയങ്ങളുണ്ടായി. പൊലീസ് ഇക്കാര്യം വ്യക്തമാക്കിയുമില്ല. ഓഫീസേഴ്സ് മെസിലേക്കാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് അനുയായികള്‍ അങ്ങോട്ട് പ്രവഹിച്ചു. ഉടന്‍തന്നെ അവിടെനിന്ന് ഛത്രസാല്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് വിദ്യാര്‍ഥികള്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് നടത്തി. ഇതിനിടെ സ്റ്റേഡിയത്തിനു പിന്‍വശത്തുകൂടി ഹസാരെയെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി.

ചര്‍ച്ച ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചു

ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ അറസ്റ്റുസംബന്ധിച്ച് ചര്‍ച്ച ഒഴിവാക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍ പാര്‍ലമെന്റ് നടപടി തടസ്സപ്പെടുത്തി. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിന്റെ ഇരുസഭയും ചൊവ്വാഴ്ച സ്തംഭിപ്പിച്ചത്. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷപാര്‍ടികള്‍ ആവശ്യപ്പെട്ടു.പ്രതിപക്ഷനേതാക്കള്‍ക്ക് സംസാരിക്കാന്‍ ഇരുസഭയിലും അധ്യക്ഷര്‍ അനുമതി നല്‍കിയെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ച് നടപടി തടസ്സപ്പെടുത്തി. പ്രതിപക്ഷപാര്‍ടികള്‍ പിന്നീട് പ്രത്യേകം യോഗം ചേര്‍ന്ന് അണ്ണ ഹസാരെയുടെ അറസ്റ്റുസംബന്ധിച്ച് പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
രാവിലെ ലോക്സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷനേതാക്കള്‍ വിഷയം ഉന്നയിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഹസാരെവിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസുദേബ് ആചാര്യ, ഗുരുദാസ് ഗുപ്ത, സുഷമ സ്വരാജ്, ശൈലേന്ദ്രകുമാര്‍ എന്നിവര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കാന്‍ നടപടിക്രമം അനുവദിക്കുന്നില്ലെന്നും നോട്ടീസുകള്‍ തള്ളുകയാണെന്നും സ്പീക്കര്‍ അറിയിച്ചു. നോട്ടീസ് നല്‍കിയ എല്ലാവര്‍ക്കും വിഷയം ഹ്രസ്വമായി അവതരിപ്പിക്കുന്നതിന് പ്രത്യേകാനുമതി നല്‍കാമെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ഈ ഘട്ടത്തില്‍ സംസാരിക്കാന്‍ എണീറ്റെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ തടസ്സവാദവുമായി രംഗത്തെത്തി. ഇപ്പോള്‍ ചോദ്യോത്തരവേള അനുവദിക്കണമെന്നും ഹസാരെപ്രശ്നം 12 മണിക്ക് ഉന്നയിച്ചാല്‍ മതിയെന്നും പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു. 12ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ചോദ്യോത്തരവേള വേണമെന്നും ഹസാരെപ്രശ്നം പിന്നീട് മതിയെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടര്‍ന്നു. 11.30 വരെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

വീണ്ടും ചേര്‍ന്നപ്പോഴും ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം തുടര്‍ന്നതോടെ സഭ 12 വരെ നിര്‍ത്തി. 12ന് ചര്‍ച്ചയാകാമെന്ന് തുടക്കത്തില്‍ പറഞ്ഞ സര്‍ക്കാര്‍ , പിന്നീട് നിലപാട് മാറ്റി. സ്പീക്കര്‍ ശ്രീലങ്കയിലെ തമിഴ്വംശജരുടെ പുനരധിവാസപ്രശ്നം ചര്‍ച്ചയ്ക്കെടുത്തു. ഹസാരെപ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഇതോടെ വീണ്ടും ഒച്ചപ്പാടായി. രാജ്യസഭയിലും സമാനരംഗങ്ങളുണ്ടായി. പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലിക്ക് സംസാരിക്കാന്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അനുമതി നല്‍കിയെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ച് എണീറ്റു. ആദ്യം 12 വരെ നിര്‍ത്തിയ സഭ, പിന്നീട് അടുത്തദിവസം ചേരാന്‍ പിരിഞ്ഞു.
(എം പ്രശാന്ത്)

കേന്ദ്രത്തിനും പൊലീസിനും മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്കും ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് നോട്ടീസ്. മനുഷ്യാവകാശപ്രവര്‍ത്തകനായ അനിരുദ്ധസുതന്‍ ചക്രവര്‍ത്തി സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്റെ നടപടി. ഹസാരെയെയും അനുയായികളെയും പൊലീസ് അറസ്റ്റുചെയ്തത് ഭരണഘടനാ ചട്ടങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശച്ചട്ടങ്ങളുടെയും ലംഘനമാണെന്നായിരുന്നു പരാതി. പരാതി സ്വീകരിച്ച കമീഷന്‍ കേന്ദ്രആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ്ങിനും പൊലീസ് കമീഷണര്‍ ബി കെ ഗുപ്തയ്ക്കുമാണ് നോട്ടീസ് അയച്ചത്.

deshabhimani 170811

1 comment:

  1. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലിനായി രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ . പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ജനാധിപത്യവിരുദ്ധനടപടികള്‍ പ്രതിസന്ധിയുടെ ആഴം വിളിച്ചോതുന്നു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൈക്കൊണ്ടതിന് സമാനമായ ജനാധിപത്യവിരുദ്ധനടപടികളാണ് മന്‍മോഹന്‍സര്‍ക്കാരും സ്വീകരിച്ചത്.

    ReplyDelete