Wednesday, August 17, 2011

സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

സര്‍ക്കാരിനെതിരായ സമരങ്ങള്‍ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്. ഇത്തരം സമരങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനപരേഡില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി പൗരാവകാശങ്ങള്‍ ധ്വംസിച്ച് വ്യാപക അക്രമം അഴിച്ചുവിട്ട് സമരങ്ങള്‍ നടക്കുന്നു. നിയമം കൈയിലെടുത്ത് നടത്തുന്ന സമരത്തെ അംഗീകരിക്കില്ല. ഏതു പ്രശ്നവും കേള്‍ക്കാനും ചര്‍ച്ചയിലൂടെ പരിഹരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. വിട്ടുവീഴ്ചാമനോഭാവവും സഹിഷ്ണുതയും ദൗര്‍ബല്യമായി കരുതി അക്രമാസക്തമായ സമരങ്ങളിലൂടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കില്ല. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഭീഷണി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാനും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് സംരക്ഷണം നല്‍കാനും തൂവല്‍സ്പര്‍ശം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്തുന്നതിന് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ഭേദഗതിചെയ്യും. തിരുവനന്തപുരത്ത് സ്വാതന്ത്ര്യസമര ചരിത്രമ്യൂസിയവും വട്ടിയൂര്‍ക്കാവില്‍ സ്വാതന്ത്ര്യസ്മാരകവും സ്ഥാപിക്കും. ഒരു രൂപ നിരക്കില്‍ 25 കിലോ അരി, അപേക്ഷിച്ചാലുടന്‍ റേഷന്‍കാര്‍ഡ് പദ്ധതികള്‍ ഓണത്തിന് പ്രാബല്യത്തില്‍വരും. സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം കൃത്യമായി ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സേവനാവകാശനിയമം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരവിരുദ്ധപ്രഖ്യാപനം അധികാരം പോകുമെന്ന വിഭ്രാന്തിയില്‍ : കോടിയേരി

ജനകീയസമരങ്ങള്‍ പാടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം പാമൊലിന്‍ കേസില്‍ കുടുങ്ങി അധികാരം നഷ്ടപ്പെടുമെന്ന വിഭ്രാന്തിമൂലമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു. മുഖ്യമന്ത്രിപദം പോകുമെന്നു വന്നതോടെ ഉമ്മന്‍ചാണ്ടിക്ക് സമനില തെറ്റിയതിന്റെ തെളിവാണ് സാതന്ത്ര്യദിനത്തില്‍ നടത്തിയ സമരവിരുദ്ധപ്രഖ്യാപനമെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജനാധിപത്യകേരളം ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുമെന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സേവ് ഇന്ത്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
അണ്ണാഹസാരെയുടെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 5000 കവിയരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിബന്ധനവച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ഇവിടെ ജനകീയപ്രക്ഷോഭങ്ങള്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ചു. സംഘടിക്കലും സമരംചെയ്യലും മൗലികാവകാശമാണ്. അത് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിയെ അനുവദിക്കില്ല. അഴിമതിക്കെതിരായ സമരം അടിച്ചമര്‍ത്താമെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹംമാത്രമാണ്. ഉമ്മന്‍ചാണ്ടിയേക്കാള്‍ വലിയവര്‍ ഇത്തരം പ്രഖ്യാപനം നടത്തി ജനങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഒഴിയുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും കേരള യുവത്വം സമരമേറ്റെടുക്കുമെന്നും കോടിയേരി പ്രഖ്യാപിച്ചു.

അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രധാനമന്ത്രിയാണ് കേന്ദ്രത്തില്‍ . ഉമ്മന്‍ചാണ്ടിയാകട്ടെ അഴിമതിക്കാരായ മന്ത്രിമാരുടെ കാവല്‍ക്കാരനായി മാറി. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയും പാമൊലിന്‍ കേസില്‍ അന്വേഷണം നേരിടുന്നു. ധാര്‍മികതയുണ്ടെങ്കില്‍ രാജിവയ്ക്കണം. വിവിധ കേസില്‍ അന്വേഷണം നേരിടുന്ന കുഞ്ഞാലിക്കുട്ടിക്കും പി ജെ ജോസഫിനും മറ്റു ഘടകകക്ഷിനേതാക്കള്‍ക്കും ഉമ്മന്‍ചാണ്ടിയോട് രാജി ആവശ്യപ്പെടാന്‍ കഴിയില്ല. പാമൊലിന്‍ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് മുഖ്യമന്ത്രി മൗനാനുവാദം നല്‍കി.

പാകിസ്ഥാന്‍കാര്‍പോലും മടിക്കുന്ന കാര്യമാണ് വിജിലന്‍സ് ജഡ്ജി ചെയ്തതെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ ആരോപണം മതേതരത്വത്തിനെതിരായ വെല്ലുവിളിയാണ്. ഇത് മുഖ്യമന്ത്രിയുടെ അഭിപ്രായംതന്നെയാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ടി എച്ച് മുസ്തഫയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം വ്യക്തിപരമാണോ അതോ കോണ്‍ഗ്രസിന്റെ അഭിപ്രായമാണോ എന്നും വ്യക്തമാക്കണം. അഴിമതിക്കാരനായ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടാന്‍ തന്റേടമില്ലാത്ത കെപിസിസി പ്രസിഡന്റാണ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു.

deshabhimani 170811

1 comment:

  1. സര്‍ക്കാരിനെതിരായ സമരങ്ങള്‍ നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്. ഇത്തരം സമരങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനപരേഡില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി പൗരാവകാശങ്ങള്‍ ധ്വംസിച്ച് വ്യാപക അക്രമം അഴിച്ചുവിട്ട് സമരങ്ങള്‍ നടക്കുന്നു. നിയമം കൈയിലെടുത്ത് നടത്തുന്ന സമരത്തെ അംഗീകരിക്കില്ല. ഏതു പ്രശ്നവും കേള്‍ക്കാനും ചര്‍ച്ചയിലൂടെ പരിഹരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. വിട്ടുവീഴ്ചാമനോഭാവവും സഹിഷ്ണുതയും ദൗര്‍ബല്യമായി കരുതി അക്രമാസക്തമായ സമരങ്ങളിലൂടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കില്ല. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഭീഷണി.

    ReplyDelete