Thursday, August 4, 2011

അബ്കാരികള്‍ക്കായി മദ്യനയം

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ചെയ്ത കാര്യങ്ങളിലൊന്ന് ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍ പുതുതായി ആരംഭിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതാണ്. ഒറ്റനോട്ടത്തില്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ളതാണ് ഈ പ്രഖ്യാപനമെന്ന് തോന്നും. എക്സൈസ് മന്ത്രി അങ്ങനെ ഭാവിക്കുകയും ചെയ്തു. എന്നാല്‍ , സൂക്ഷ്മമായ അന്വേഷണത്തില്‍ വെളിപ്പെട്ടത് ചില ബാറുകള്‍ക്കരികെ തുടങ്ങാനിരുന്ന ചില്ലറ വില്‍പ്പനശാലകളാണ് വേണ്ടെന്നുവച്ചത് എന്നാണ്. അവ തുറന്നാല്‍ കച്ചവടം കുറയും എന്ന് ഭയപ്പെട്ട ബാറുടമകളുടെ ആവശ്യമാണ് സര്‍ക്കാര്‍ മറ്റൊരു ന്യായംപറഞ്ഞ് നടപ്പാക്കിക്കൊടുത്തത്. അത് ഒരു തുടക്കം മാത്രമായിരുന്നു. പുതിയ സര്‍ക്കാരിന്റെ മദ്യനയം പിറകെ വന്നു. ആ നയത്തിന് യുഡിഎഫിനകത്തോ കോണ്‍ഗ്രസിനകത്തോ അംഗീകാരമില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.

സര്‍ക്കാരിലോ മുന്നണിയിലോ അതിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയിലോ സമഗ്രമായി ചര്‍ച്ചചെയ്യാതെ വന്നതാണ് ഈ നയം എന്ന് സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവര്‍തന്നെ പരസ്യമായി പറഞ്ഞുകഴിഞ്ഞു. മദ്യനിരോധനത്തിലേക്കുള്ള കാല്‍വയ്പ്പാണ് എന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആദ്യം പ്രതികരിച്ചു. എന്നാല്‍ , ലീഗ് ജനറല്‍സെക്രട്ടി കെ പി എ മജീദ് പിന്നെ അത് തിരുത്തി. ഒന്നിലും അഭിപ്രായസമന്വയമില്ല; യോജിപ്പില്ല. നയമല്ല, നയമില്ലായ്മയാണ് പ്രകടമാകുന്നത്. ഇത്ര ധൃതിവച്ച് എന്തിന് ഇങ്ങനെയൊരു നയം നടപ്പാക്കണം? ആരാണ് അത്യാവശ്യക്കാര്‍ ? യുഡിഎഫ് നേതൃത്വം ഉത്തരം പറയുന്നില്ലെങ്കിലും ഇന്നാട്ടിലെ അബ്കാരി രാജാക്കന്മാര്‍ക്കുവേണ്ടിയുള്ള നയമാണിതെന്ന് പകല്‍പോലെ വ്യക്തം.

കള്ളുഷാപ്പ് നടത്തിപ്പില്‍ തൊഴിലാളി സഹകരണസംഘങ്ങളെ പൂര്‍ണമായും ഒഴിവാക്കുകയാണ് പുതിയ നയത്തില്‍ . സൊസൈറ്റികളെ ഒഴിവാക്കി കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കും. തൊഴിലാളി സഹകരണസംഘങ്ങള്‍ ഒരുതരത്തിലുമുള്ള പാകപ്പിഴയുമില്ലാതെ സുതാര്യമായി നടത്തുന്ന ഷാപ്പുകള്‍പോലും കരാറുകാരുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്. 29 റേഞ്ചുകളിലായി 21 സഹകരണസംഘങ്ങള്‍ നടത്തുന്ന കള്ളുഷാപ്പുകളാണ് തൊഴിലാളി സഹകരണസംഘങ്ങളില്‍നിന്ന് ലാഭക്കൊതിയന്മാരായ കരാറുകാരെ ഇങ്ങനെ ഏല്‍പ്പിക്കുക. തൊഴിലാളിവിരുദ്ധമായ വ്യവസ്ഥയാണിത്.

പതിനായിരത്തോളം തൊഴിലാളികള്‍ അംഗങ്ങളായി തൊഴിലെടുക്കുന്ന തൊഴിലാളി സഹകരണസംഘങ്ങളെയാണ് ഇതിലൂടെ ഈ രംഗത്തുനിന്ന് പുറത്താക്കുന്നത്. ഇത് തൊഴിലാളികളുടെ മാത്രം പ്രശ്നമല്ല. കൃത്രിമക്കള്ളാണ് കരാറുകാര്‍ കള്ളുഷാപ്പുകള്‍വഴി ചിലയിടങ്ങളില്‍ വില്‍ക്കുന്നത്. ഇതിന്റെ ഫലമായി കൂട്ടമരണംതന്നെ ഉണ്ടാകുന്നു. കള്ളില്‍ മായംചേര്‍ക്കുന്നതും കൃത്രിമക്കള്ളും തടയാന്‍ ശരിയായതും ശാസ്ത്രീയവുമായ സംവിധാനം സഹകരണസംഘങ്ങളെ കള്ളുവ്യവസായം ഏല്‍പ്പിക്കലാണ്. അതുചെയ്യാതെ നിലവില്‍ സംഘങ്ങള്‍ നടത്തുന്ന ഷാപ്പുകളും കരാറുകാരെ ഏല്‍പ്പിക്കുന്നത് എന്തിനെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കേണ്ടതുണ്ട്. കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുമെന്ന് പ്രഖ്യാപനം നടത്തി കരാറുകാരെയും ബാറുടമകളെയും സഹായിക്കുന്ന നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടൂറിസംമേഖലയില്‍ ബാര്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കുന്ന നയം കേരളത്തില്‍ ബാര്‍ ഹോട്ടലുകള്‍ വ്യാപകമാകാന്‍ വഴിവയ്ക്കും. കൂടുതല്‍ ബാറിന് ലൈസന്‍സ് കൊടുക്കേണ്ടിവരുമെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്നും മന്ത്രി ആവര്‍ത്തിക്കുന്നു. അബ്കാരി പ്രണയത്തിനൊപ്പം വ്യാജമദ്യത്തെ പ്രോത്സാഹിപ്പിക്കലുമാണ് ഇത്. വിദേശമദ്യഷാപ്പുകളുടെയും ബാറുകളുടെയും പ്രവര്‍ത്തനസമയം എട്ടുമണിക്കൂര്‍ ആക്കണമെന്നാണ് എല്ലാ തൊഴിലാളിസംഘടനകളുടെയും അഭിപ്രായം. പുതിയ നയത്തില്‍ ബാറിന്റെ പ്രവര്‍ത്തനസമയം 15 മണിക്കൂറാണ്. പുതുക്കി നിശ്ചയിച്ച പ്രവൃത്തിസമയം മദ്യപാനം കുറയ്ക്കുന്നതിനല്ല, കൂടുതല്‍ സമയം മദ്യപരെ ബാറുകളിലിരുത്തുന്നതാണ്.

കുറഞ്ഞതും പ്രകൃതിദത്തവുമായ കള്ളിനെ പ്രോത്സാഹിപ്പിക്കുകവഴി കഠിന മദ്യപാനത്തെ നിരുത്സാഹപ്പെടുത്താനാകുമെന്ന് നിരവധി പഠനറിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഇവിടെ വ്യാജക്കള്ളിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെപ്പോലും നിരാകരിക്കുന്നതും മദ്യരാജാക്കന്മാര്‍ക്ക് വിടുപണിചെയ്യുന്നതുമായ മദ്യനയം നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഇന്നാട്ടില്‍ വിനോദസഞ്ചാരം വികസിപ്പിക്കാന്‍ കൂടുതല്‍ ബാറുകളല്ല, സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളാണൊരുക്കേണ്ടത്. ബാര്‍ തുടങ്ങാനായി നക്ഷത്രഹോട്ടല്‍ പണിയുകയും അതിന്റെ ഭാഗമായി "ലോക്കല്‍ ബാര്‍" എന്ന പേരില്‍ കണക്കില്ലാതെ വിലകുറഞ്ഞ മദ്യം വില്‍പ്പന നടത്തുകയുമാണ് ഇന്ന് നടപ്പുള്ള രീതി. ആ രീതിക്ക് കൂടുതല്‍ പ്രോത്സാഹനമാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. സ്പിരിറ്റ് കടത്തുകാരെയും വന്‍കിട ബാറുടമകളെയും വ്യാജമദ്യസംഘങ്ങളെയും സന്തോഷിപ്പിക്കുന്ന കാര്യങ്ങളേ പുതിയ നയത്തിലുള്ളൂ. സമൂഹത്തിന്റെ നാനാകോണുകളില്‍നിന്നുവന്ന പ്രതിഷേധം കണക്കിലെടുത്ത്, യാഥാര്‍ഥ്യബോധത്തിലൂന്നിയതും ശാസ്ത്രീയവീക്ഷണത്തോടെയുള്ളതും നാടിന്റെ നന്മയ്ക്കുതകുന്നതുമായ മദ്യനയത്തിന് രൂപംനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവരടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ പ്രക്ഷോഭത്തെയാകും നേരിടേണ്ടിവരിക. അബ്കാരികള്‍ക്കുവേണ്ടി ജനങ്ങളെയാകെ വെല്ലുവിളിക്കുന്നത് തുടര്‍ന്നാല്‍ പ്രത്യാഘാതം താങ്ങാനായെന്നുവരില്ല.

deshabhimani editorial 040811

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ചെയ്ത കാര്യങ്ങളിലൊന്ന് ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍ പുതുതായി ആരംഭിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതാണ്. ഒറ്റനോട്ടത്തില്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ളതാണ് ഈ പ്രഖ്യാപനമെന്ന് തോന്നും. എക്സൈസ് മന്ത്രി അങ്ങനെ ഭാവിക്കുകയും ചെയ്തു. എന്നാല്‍ , സൂക്ഷ്മമായ അന്വേഷണത്തില്‍ വെളിപ്പെട്ടത് ചില ബാറുകള്‍ക്കരികെ തുടങ്ങാനിരുന്ന ചില്ലറ വില്‍പ്പനശാലകളാണ് വേണ്ടെന്നുവച്ചത് എന്നാണ്. അവ തുറന്നാല്‍ കച്ചവടം കുറയും എന്ന് ഭയപ്പെട്ട ബാറുടമകളുടെ ആവശ്യമാണ് സര്‍ക്കാര്‍ മറ്റൊരു ന്യായംപറഞ്ഞ് നടപ്പാക്കിക്കൊടുത്തത്. അത് ഒരു തുടക്കം മാത്രമായിരുന്നു. പുതിയ സര്‍ക്കാരിന്റെ മദ്യനയം പിറകെ വന്നു. ആ നയത്തിന് യുഡിഎഫിനകത്തോ കോണ്‍ഗ്രസിനകത്തോ അംഗീകാരമില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.

    ReplyDelete