Saturday, August 13, 2011

ജ. സൗമിത്ര സെന്നിനെ ഇമ്പീച്ച് ചെയ്യാന്‍ സഭ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ജഡ്ജിയുടെ ഇമ്പീച്ച്മെന്റ് പ്രക്രിയക്ക് പാര്‍ലമെന്റ് വീണ്ടും വേദിയാകുന്നു. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്നിന്റെ ഇമ്പീച്ച്മെന്റ് നടപടികള്‍ക്ക് ബുധനും വ്യാഴവും രാജ്യസഭ വേദിയാകും. സ്വന്തം ഭാഗം വിശദീകരിക്കുന്നതിന് ജസ്റ്റിസ് സെന്നിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ രാജ്യസഭയില്‍ ഹാജരാകാം. ജസ്റ്റിസ് സെന്നിനെ പുറത്താക്കണമെന്ന് ശുപാര്‍ശചെയ്യുന്ന ഇമ്പീച്ച്മെന്റ് പ്രമേയം ആദ്യം സഭയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് സ്വന്തം ഭാഗം വിശദീകരിക്കാന്‍ ജസ്റ്റിസ് സെന്നിന് അവസരം ലഭിക്കും. ചര്‍ച്ചയ്ക്കായി എംപിമാര്‍ക്ക് നാലുമണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. പിന്നീട് പ്രമേയം വോട്ടിനിടും. സഭയില്‍ സന്നിഹിതരായ അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ പിന്താങ്ങിയാല്‍ മാത്രമേ പ്രമേയം പാസാകൂ. ഇല്ലെങ്കില്‍ ഇമ്പീച്ച്മെന്റ് നടപടികള്‍ രാജ്യസഭ കൊണ്ട് അവസാനിക്കും. രാജ്യസഭയില്‍ പാസായാല്‍ ലോക്സഭ പ്രമേയം പരിഗണിക്കും. ഇവിടെയും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടണം. ഇരുസഭയിലുമായി പ്രമേയത്തിന് അനുകൂലമായി കേവല ഭൂരിപക്ഷമുണ്ടാകുകയും വേണം. രണ്ട് സഭകളും ഇമ്പീച്ച്മെന്റ് പ്രമേയം അംഗീകരിച്ചാല്‍ ജഡ്ജിയെ നീക്കി രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിക്കും. സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍ ഗുരുതര വീഴ്ച വരുത്തുകയോ ജഡ്ജിയെന്ന നിലയില്‍ ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ആക്ഷേപമുയരുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ഇമ്പീച്ച്മെന്റിലേക്ക് നീങ്ങുക.

കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ ഒരു കേസില്‍ റിസീവറായിരിക്കുമ്പോള്‍ ലഭിച്ച 33 ലക്ഷം രൂപ സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്നതാണ് ജസ്റ്റിസ് സെന്നിനെതിരെയുള്ളത്. രാജ്യസഭ നിയോഗിച്ച സുപ്രീംകോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി, പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജി മുകുള്‍ മുദ്ഗള്‍ , മുതിര്‍ന്ന അഭിഭാഷകന്‍ ഫലി എസ് നരിമാന്‍ എന്നിവരടങ്ങുന്ന സമിതി ആരോപണങ്ങള്‍ ശരിയെന്ന് കണ്ടെത്തിയതോടെയാണ് ഇമ്പീച്ച്മെന്റ് പ്രക്രിയ ആരംഭിച്ചത്.

ഇന്ത്യയില്‍ ഒരു ജഡ്ജി ഇമ്പീച്ച്മെന്റിന് വിധേയനായത് ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍ വരുന്നതിന് മുമ്പാണ്. അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ശിവ്പ്രസാദ് സിന്‍ഹയെ ആരോപണങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരി ഇമ്പീച്ച് ചെയ്തു. 2003ല്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസ്വാമിക്കെതിരായ ഇമ്പീച്ച്മെന്റ് നടപടിയില്‍ ലോക്സഭയിലെ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് പ്രമേയം പരാജയപ്പെട്ടു. 14 ആരോപണങ്ങളില്‍ 11ലും ജസ്റ്റിസ് രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി ഡി ദിനകരനെതിരായ ഇമ്പീച്ച്മെന്റ് പ്രക്രിയ അന്വേഷണഘട്ടത്തിലേക്ക് കടന്നിരുന്നെങ്കിലും അദ്ദേഹം രാഷ്ട്രപതിക്ക് രാജി അയച്ചുകൊടുത്തു. രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് ദിനകരന്‍ നിയമമന്ത്രാലയത്തിന് കത്തയച്ചെങ്കിലും മന്ത്രാലയം തള്ളി.

deshabhimani 130811

2 comments:

  1. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ജഡ്ജിയുടെ ഇമ്പീച്ച്മെന്റ് പ്രക്രിയക്ക് പാര്‍ലമെന്റ് വീണ്ടും വേദിയാകുന്നു. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്നിന്റെ ഇമ്പീച്ച്മെന്റ് നടപടികള്‍ക്ക് ബുധനും വ്യാഴവും രാജ്യസഭ വേദിയാകും. സ്വന്തം ഭാഗം വിശദീകരിക്കുന്നതിന് ജസ്റ്റിസ് സെന്നിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ രാജ്യസഭയില്‍ ഹാജരാകാം. ജസ്റ്റിസ് സെന്നിനെ പുറത്താക്കണമെന്ന് ശുപാര്‍ശചെയ്യുന്ന ഇമ്പീച്ച്മെന്റ് പ്രമേയം ആദ്യം സഭയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് സ്വന്തം ഭാഗം വിശദീകരിക്കാന്‍ ജസ്റ്റിസ് സെന്നിന് അവസരം ലഭിക്കും. ചര്‍ച്ചയ്ക്കായി എംപിമാര്‍ക്ക് നാലുമണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. പിന്നീട് പ്രമേയം വോട്ടിനിടും. സഭയില്‍ സന്നിഹിതരായ അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ പിന്താങ്ങിയാല്‍ മാത്രമേ പ്രമേയം പാസാകൂ. ഇല്ലെങ്കില്‍ ഇമ്പീച്ച്മെന്റ് നടപടികള്‍ രാജ്യസഭ കൊണ്ട് അവസാനിക്കും. രാജ്യസഭയില്‍ പാസായാല്‍ ലോക്സഭ പ്രമേയം പരിഗണിക്കും.

    ReplyDelete
  2. അണ്ണ ഹസാരെയുടെ അറസ്റ്റിനെതുടര്‍ന്ന് സര്‍ക്കാരും പ്രതിപക്ഷവും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങവെ രാജ്യസഭയില്‍ ബുധനാഴ്ച ആരംഭിക്കേണ്ട ജസ്റ്റിസ് സൗമിത്ര സെന്നിന്റെ ഇംപീച്ച്മെന്റ് നടപടികള്‍ അനിശ്ചിതത്വത്തിലായി. രാജ്യസഭയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ച ആദ്യ നടപടിയായിരുന്നു ഇംപീച്ച്മെന്റ്. ഹസാരെ വിഷയത്തില്‍ ബുധനാഴ്ചയും പാര്‍ലമെന്റ് സ്തംഭിച്ചാല്‍ ഇംപീച്ച്മെന്റ് മാറ്റേണ്ടി വരും. രാജ്യസഭയില്‍ ബുധന്‍ , വ്യാഴം ദിവസങ്ങളിലാണ് ഇംപീച്ച്മെന്റ് നടപടി നിശ്ചയിച്ചിട്ടുള്ളത്. ആദ്യദിവസം സെന്നിന് സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കും. സെന്നിന് നേരിട്ടോ അഭിഭാഷകന്‍ വഴിയോ കേസ് അവതരിപ്പിക്കാം. ജസ്റ്റിസ് സെന്‍തന്നെ സഭയില്‍ ഹാജരാകുമെന്നാണ് സൂചന. ജസ്റ്റിസ് സെന്നിന്റെ വാദം കേട്ടശേഷം ഇംപീച്ച്മെന്റ് പ്രമേയം ചര്‍ച്ചയ്ക്കെടുക്കും. തുടര്‍ന്നാണ് വോട്ടെടുപ്പ്. സീതാറാം യെച്ചൂരി, പ്രശാന്ത ചാറ്റര്‍ജി, അരുണ്‍ ജെയ്റ്റ്ലി എന്നിവരാണ് ഇംപീച്ച്മെന്റ് പ്രമേയാവതാരകര്‍ . 57 എംപിമാര്‍ ഒപ്പിട്ട പ്രമേയം സ്വീകരിച്ച രാജ്യസഭാധ്യക്ഷന്‍ മൂന്നംഗ അന്വേഷണസമിതിയെ നിയമിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് ജസ്റ്റിസ് സെന്നിന് എതിരായതോടെയാണ് ഇംപീച്ച്മെന്റ് പ്രക്രിയ അന്തിമഘട്ടത്തിലേക്ക് കടന്നത്. മൂന്നില്‍ രണ്ട് എംപിമാര്‍ അനുകൂലമായി വോട്ടുചെയ്താല്‍ പ്രമേയം പാസാകും. തുടര്‍ന്ന് രാഷ്ട്രപതി ജസ്റ്റിസ് സെന്നിനെ പുറത്താക്കി വിജ്ഞാപനം പുറത്തിറക്കുന്നതോടെ നടപടിക്രമം പൂര്‍ത്തിയാകും.

    ReplyDelete