Saturday, August 20, 2011

ബംഗാള്‍ : പേരു മാറുമ്പോള്‍ മറയുന്നത് വിഭജനകാലം തൊട്ടുള്ള ചരിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് പശ്ചിംബംഗ എന്നായി മാറുമ്പോള്‍ മായുന്നത് ഇന്ത്യാവിഭജനകാലം മുതലുള്ള ചരിത്രം. 1947ല്‍ ഇന്ത്യ വിഭജിക്കപ്പെട്ട് ബംഗാളിന്റെ കിഴക്കന്‍ഭാഗം പൂര്‍വ പാകിസ്ഥാനായി മാറിയപ്പോഴാണ് വെസ്റ്റ് ബംഗാള്‍ എന്ന പേര് ഔദ്യോഗികമായി ലഭിച്ചത്. കിഴക്കന്‍ ബംഗാള്‍ പൂര്‍വ പാകിസ്ഥാനായി മാറിയപ്പോള്‍ത്തന്നെ പടിഞ്ഞാറന്‍ ബംഗാള്‍ എന്ന പേരിലെ പടിഞ്ഞാറ് അപ്രസക്തമായിരുന്നു. 1971ല്‍ പൂര്‍വ പാകിസ്ഥാന്‍ ബംഗ്ലാദേശായി മാറിയപ്പോഴും പശ്ചിമബംഗാള്‍ തുടര്‍ന്നു. പേരുമാറ്റം സംബന്ധിച്ച ചര്‍ച്ചകളില്‍ വെസ്റ്റ് ബംഗാളിന്റെ വെസ്റ്റ് മാറ്റണമെന്നതായിരുന്നു പ്രധാന നിര്‍ദേശം. എന്നാല്‍ പടിഞ്ഞാറ് എന്നര്‍ഥം വരുന്ന പശ്ചിം മാറ്റി ബംഗ, ബംഗപ്രദേശ്, ബംഗഭൂമി എന്നീ പേരുകളിലൊന്ന് സ്വീകരിച്ചാല്‍ ബംഗ്ലാദേശ് എന്ന പേരുമായി സാദൃശ്യം വരുമെന്ന വാദവും ഉയര്‍ന്നു. അതിനാല്‍ പശ്ചിംബംഗ എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിലവില്‍ ഇംഗ്ലീഷില്‍മാത്രമാണ് വെസ്റ്റ് ബംഗാള്‍ എന്ന പേര് ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്ത് ബംഗാളിയില്‍ എഴുതുന്ന ബോര്‍ഡുകളിലെല്ലാം വെസ്റ്റ് ബംഗാളിനു പകരം "പശ്ചിംബംഗ" എന്നുതന്നെയാണ് എഴുതുന്നത്. ഇനി ഇംഗ്ലീഷിലും "പശ്ചിംബംഗ" എന്നെഴുതും.

ഇന്നത്തെ പശ്ചിമബംഗാള്‍ , ഒറീസ, ബിഹാര്‍ , ജാര്‍ഖണ്ഡ്, അസം, ത്രിപുര, ബംഗ്ലാദേശ് എന്നിവയടങ്ങുന്നതായിരുന്നു 1905 വരെയുള്ള അവിഭക്ത ബംഗാള്‍ . 1905 ഒക്ടോബര്‍ 15ന് ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്സണ്‍ പ്രഭുവാണ് ബംഗാളിനെ വിഭജിച്ചത്. ഇന്നത്തെ ബംഗ്ലാദേശ്, അസം, ത്രിപുര എന്നിവ ചേര്‍ത്ത് പൂര്‍വ ബംഗാള്‍ രൂപീകരിച്ചു. ബംഗാള്‍ ജനതയുടെ അഭിമാനത്തിനേറ്റ വലിയ ക്ഷതമായി ബംഗാള്‍ വിഭജനം കണക്കാക്കപ്പെട്ടു. വിഭജനത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നു. ബംഗാളിലെ വിപ്ലവ ഗ്രൂപ്പുകള്‍ സജീവമായത് ഇതോടെയാണ്. ബംഗാള്‍വിഭജനത്തിനെതിരെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോര്‍ രചിച്ച എന്റെ സുവര്‍ണ ബംഗാള്‍ എന്നര്‍ഥമുള്ള "അമാര്‍ സോനാര്‍ ബംഗ്ല" വംഗജനത ആവേശപൂര്‍വം പാടിനടന്നു. ഈ ഗാനമാണ് ഇന്ന് ബംഗ്ലാദേശിന്റെ ദേശീയഗാനം. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 1911ല്‍ ബംഗാള്‍ വിഭജനം പിന്‍വലിച്ചെങ്കിലും അസം, ബിഹാര്‍ , ഒറീസ പ്രദേശങ്ങള്‍ ബംഗാളില്‍നിന്ന് ഒഴിവാക്കി ബംഗാളി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ മാത്രം ചേര്‍ത്ത് ബംഗാള്‍ രൂപീകരിച്ചു. 1947ലെ ബംഗാള്‍ വിഭജനം മതാടിസ്ഥാനത്തിലായിരുന്നു. പൂര്‍വ പാകിസ്ഥാന്‍ രൂപീകരിക്കാന്‍ വേണ്ടിയായിരുന്നു ആ വിഭജനം.
(വി ജയിന്‍)

ദേശാഭിമാനി 200811

2 comments:

  1. പശ്ചിമ ബംഗാളിന്റെ പേര് പശ്ചിംബംഗ എന്നായി മാറുമ്പോള്‍ മായുന്നത് ഇന്ത്യാവിഭജനകാലം മുതലുള്ള ചരിത്രം.

    ReplyDelete
  2. പശ്ചിമബംഗാളിന്റെ പുതിയ പേരിനോട് ജനങ്ങള്‍ക്ക് തണുത്ത പ്രതികരണം. "വെസ്റ്റ് ബംഗാളി"നുപകരം ഇംഗ്ലീഷിലും ഇനി "പശ്ചിംബംഗ" എന്ന് ഉപയോഗിക്കണമെന്ന സര്‍വകക്ഷി യോഗതീരുമാനത്തോട് ഇന്റര്‍നെറ്റിലൂടെയും എസ്എംഎസിലൂടെയുംപ്രതികരിച്ചവര്‍ക്ക് നിസ്സംഗഭാവം. പ്രമുഖരില്‍ ബഹുഭൂരിപക്ഷത്തിനും ഒരേ അഭിപ്രായം- പേരുമാറ്റം പ്രായോഗികമായി അനുഭവപ്പെടുന്നില്ല. ഇപ്പോള്‍ത്തന്നെ ബംഗാളിയില്‍ പശ്ചിംബംഗ എന്നാണ് പ്രയോഗിക്കുന്നത്. ഇംഗ്ലീഷില്‍മാത്രമേ വെസ്റ്റ് ബംഗാള്‍ എന്ന് പ്രയോഗിക്കുന്നുള്ളൂ. പശ്ചിമ എന്ന ഭാഗം മാറുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരാണ്. ബംഗ, ബംഗ്ല, ബംഗാള്‍ എന്നിവയിലേതെങ്കിലുമൊന്ന് സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷ വിഫലമായതില്‍ പലര്‍ക്കും പ്രതിഷേധം. വെസ്റ്റ് ഇല്ലാതായതില്‍ സന്തോഷമുണ്ടെങ്കിലും "പശ്ചിം" ഇപ്പോഴും നിലനില്‍ക്കുന്നുവെന്നായിരുന്നു പ്രമുഖ സാഹിത്യകാരനായ സുനില്‍ ഗംഗോപാധ്യായയുടെ പ്രതികരണം. സംവിധായകന്‍ ഗൗതം ഘോഷ് പ്രതികരിച്ചു: "മണ്ടത്തരം, എവിടെയാണ് മാറ്റം?". പശ്ചിംബംഗ എന്ന പേരിന് പ്രസക്തിയില്ലെന്ന് എഴുത്തുകാരനായ ദിവ്യേന്ദു പാലിത്. ബംഗാള്‍ എന്ന പേരാണ് നല്ലതെന്ന് സംവിധായിക അപര്‍ണ സെന്‍ . "ഇപ്പോള്‍ പശ്ചിംബംഗ എന്ന് മാറ്റിയെങ്കില്‍ , വെസ്റ്റ് ബംഗാളിന് എന്തായിരുന്നു കുഴപ്പം?" തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും കവിയുമായ കബീര്‍സുമന്‍ ചോദിക്കുന്നു. ഫേസ്ബുക്കില്‍ പേരുമാറ്റം ചര്‍ച്ചചെയ്യാനായിമാത്രം തുടങ്ങിയ കമ്യൂണിറ്റികളിലെ പ്രതികരണങ്ങള്‍ക്കും ഒരേസ്വരം. എന്തിന്റെ പശ്ചിമം എന്നാണ് പ്രധാന ചോദ്യം. പൂര്‍വ ബംഗാള്‍ എന്നൊരു സംസ്ഥാനമോ രാജ്യമോ നിലവിലില്ലാത്ത സ്ഥിതിക്ക് "പശ്ചിംബംഗ"യുടെ പ്രസക്തിയാണ് ചോദ്യംചെയ്യപ്പെടുന്നത്. 1947ല്‍ വിഭജനത്തോടെ പൂര്‍വ പാകിസ്ഥാനാണ് രൂപംകൊണ്ടത്. അതോടെ പശ്ചിമബംഗാള്‍ എന്ന പേര് അപ്രസക്തമായി. 1947ല്‍തന്നെ ബംഗാള്‍ എന്നുമാത്രമായി ഉപയോഗിച്ചാല്‍ മതിയായിരുന്നു, 1971ല്‍ ബംഗ്ലാദേശ് രൂപംകൊണ്ടിട്ടും ഇന്ത്യന്‍ സംസ്ഥാനത്തിന് പശ്ചിമബംഗാള്‍ എന്ന പേര് തുടര്‍ന്നതില്‍ യുക്തിയില്ല, എന്നൊക്കെയാണ് വിലയിരുത്തല്‍

    ReplyDelete