Thursday, August 4, 2011

മുത്തങ്ങാവിധി സ്വാഗതാര്‍ഹം; ലക്ഷ്യത്തിലേക്ക് ഇനിയും ഏറെദൂരം

മുത്തങ്ങാ സംഭവത്തില്‍ കുറ്റാരോപിതരായ എഴുപത് ആദിവാസികളെ കുറ്റവിമുക്തരായി പ്രഖ്യാപിച്ച സുല്‍ത്താന്‍ബത്തേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു.

ഭൂമിക്കുവേണ്ടിയുള്ള ആദിവാസി ജനതയുടെ തലമുറകളായുള്ള കാത്തിരിപ്പിന്റെ ചരിത്രത്തിലേക്കാണ് മുത്തങ്ങാ സമരം കേരളത്തിന്റെ ശ്രദ്ധയെ  കൂട്ടിക്കൊണ്ടുപോയത്. 2003 ഫെബ്രുവരിയില്‍ യു ഡി എഫ് ഗവണ്‍മെന്റ് അധികാരം കൈയാളുമ്പോഴാണ് മുത്തങ്ങയില്‍ ഭൂമി ചോദിച്ച ആദിവാസികള്‍ക്ക് വെടിയുണ്ട പകരം ലഭിച്ചത്. ആദിവാസി സ്‌നേഹത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ധാരാളം പറഞ്ഞുകൊണ്ടാണ് അന്നത്തെ ഭരണക്കാര്‍ ആദിവാസി ഗോത്ര മഹാസഭയുമായി ഉടമ്പടിയുണ്ടാക്കിയത്. അവര്‍ക്ക് ഭൂമിയും വീടുവയ്ക്കാന്‍ പണവും തൊഴിലും മറ്റു സൗകര്യങ്ങളുമെല്ലാം ഉടമ്പടിയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് നടയില്‍ ഗോത്രമഹാസഭ നടത്തിവന്ന സമരം അവസാനിപ്പിച്ചത്. സമരം ചെയ്ത സംഘടനാ നേതാക്കളുമായി സര്‍ക്കാരിന്റെ നായകന്മാര്‍ക്ക് രാഷ്ട്രീയ ലാഭേച്ഛയോടുകൂടിയ സൗഹൃദങ്ങളുണ്ടായിരുന്നൂവെന്ന് അന്നേ നിരീക്ഷണങ്ങളുണ്ടായതാണ്. എന്തായാലും യു ഡി എഫ് ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് അന്ന് ഗോത്രമഹാസഭാ നേതാക്കള്‍ തലസ്ഥാനത്തു നിന്നു യാത്ര പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. രാഷ്ട്രീയപ്രേരിതമായി ഊട്ടിയുറപ്പിച്ച സൗഹാര്‍ദ ബന്ധങ്ങള്‍ പ്രശ്‌നപരിഹാരത്തിനു വഴിതെളിച്ചില്ല. വാഗ്ദാന ലംഘനത്തെക്കുറിച്ച് ആദിവാസി ജനസമൂഹം സ്വാഭാവികമായി രോഷാകുലരാവുകയായിരുന്നു. മുത്തങ്ങാ സമരം ആ രോഷത്തില്‍ നിന്ന് ഉടലെടുത്തതാണ്.

സെക്രട്ടേറിയറ്റ് നടയില്‍ കൈകൊട്ടി പാടാന്‍ ചെന്ന ഭരണക്കാര്‍ ഭൂമിയുടെ കാര്യം വന്നപ്പോള്‍ ആദിവാസികളെ കണ്ടഭാവം നടിച്ചില്ല. പ്രശ്‌നപരിഹാരത്തിനായി ഗൗരവതരമായ ഒരിടപെടലും അന്ന് യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സമരം സംഘര്‍ഷത്തിലേയ്ക്കും വെടിവയ്പിലേയ്ക്കും നീങ്ങിയത് ഭരണക്കാര്‍ പുലര്‍ത്തിയ നിസംഗമായ നിലപാടിന്റെ ഫലമായാണ്. ജോഗി എന്ന ആദിവാസി ഭൂമിക്കു വേണ്ടിയുള്ള സമരഭൂമിയില്‍ അധികാരികളുടെ വെടിയുണ്ടക്കിരയായി മരിച്ചുവീണു. സി കെ ജാനുവും ഗീതാനന്ദനും അടക്കമുള്ളവര്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയായി തടവറയിലടയ്ക്കപ്പെട്ടു. നിരവധി പേര്‍ പരിക്കുകളോടെ ആശുപത്രികളെ ശരണംപ്രാപിച്ചു. ദിവസങ്ങളോളം പലരേയും കാണാതായി. ഭീതിദമായ ആ സംഭവങ്ങളുടെ പേരിലാണ് 114 ആദിവാസികളുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യപ്പെട്ടത്. കര്‍ശനമായ വന്യജീവി സംരക്ഷണ നിയമത്തിന്റെ 27 (എ) 29, 13, 31 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളാണ് അവരുടെമേല്‍ ആരോപിക്കപ്പെട്ടത്. കേസുകളിലും കോടതികളിലുമായി ജീവിതകാലം മുഴുവന്‍ അവര്‍ നട്ടം തിരിയണമെന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധമുണ്ടായിരുന്നു. ഭൂമി ചോദിച്ചുകൊണ്ട് ഇനി ആരും അധികാരികളുടെ സ്വസ്ഥത കെടുത്തരുതെന്നാണ് ലക്ഷ്യമിട്ടത്. 2003 മുതല്‍ കേസുകളില്‍പ്പെട്ട് നട്ടം തിരിഞ്ഞ 114 പേരില്‍ എഴുപത് പേര്‍ക്കാണ് ഇന്നത്തെ സുല്‍ത്താന്‍ബത്തേരി കോടതി വിധി ആശ്വാസമേകുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാരമേറ്റയുടന്‍ ചെയ്തത് ജോഗിയുടെ കുടുംബത്തിന് സഹായധനം നല്‍കുകയായിരുന്നു. വെടിയേറ്റുമരിച്ച ആ അച്ഛന്റെ മകള്‍ സീതയ്ക്ക് റവന്യൂ വകുപ്പില്‍ ജോലി നല്‍കുന്നതിനും എല്‍ ഡി എഫ് ഗവണ്‍മെന്റ് മുന്‍കൈയെടുത്തു. അതിനുമുമ്പ് യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്തുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ജോഗിയുടെ കുടുംബത്തിന് സഹായധനം എത്തിക്കാന്‍ ജാഗ്രത കാണിച്ചു.

ഇന്ത്യയിലെമ്പാടും ആദിവാസി ജനസമൂഹം ഇന്ന് നാനാവിധങ്ങളായ ചൂഷണത്തിനും മര്‍ദനത്തിനും വിധേയരാവുകയാണ്. ലാഭാര്‍ത്തി പൂണ്ട പുത്തന്‍ മൂലധനശക്തികളും അവരുടെ കാര്യസ്ഥപ്പണി ഏറ്റെടുത്ത ഭരണക്കാരും ചേര്‍ന്ന് മണ്ണിന്റെ മകളായ ഇവരുടെ ജീവിതം ദുസഹമാക്കുന്ന സംഭവങ്ങളാണ് സംസ്ഥാനങ്ങള്‍ തോറും അരങ്ങേറുന്നത്. ഒറീസയിലെ പോസ്‌കോ കൊള്ളക്കാരും കര്‍ണാടകത്തില്‍ യദ്യൂരപ്പ-റെഡ്ഢി ബ്രദേഴ്‌സ് ആന്‍ഡ് കമ്പനിയും ആന്ധ്രയിലെയും ഛത്തീസ്ഗഢിലെയും ഖനി രാജാക്കന്‍മാരുമെല്ലാം വനങ്ങളെയും പ്രകൃതി സമ്പത്തിനെയും കുത്തിക്കവരാന്‍ മത്സരിക്കയാണ്. അതോടൊപ്പം തലമുറകളായി വനങ്ങളുമായി ബന്ധപ്പെട്ട് സ്വന്തം ജീവിതം കെട്ടിപ്പടുത്ത ആദിവാസി സമൂഹങ്ങളെ പിഴുതെറിയാനും അവര്‍ക്ക് മടിയില്ല. ഭൂമിയും തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവുമടക്കം ആദിവാസികളുടെ ജീവിതാവകാശങ്ങളെല്ലാം തട്ടിപ്പറിക്കപ്പെടുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണുന്നത്.
ചൂഷണത്തിന്റെ കഠിനാനുഭവങ്ങള്‍ പേറുന്ന ആദിവാസി സമൂഹം അവകാശ ബോധമാര്‍ജിക്കാന്‍ പണിപ്പെടുമ്പോള്‍ ശത്രുക്കളേയും മിത്രങ്ങളേയും വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു കഴിയേണ്ടതുണ്ട്. വര്‍ഗീയവാദികളും തീവ്രവാദശക്തികളും ജാതി സങ്കുചിത താല്‍പര്യങ്ങളും രാഷ്ട്രീയ ലാഭമോഹികളുമെല്ലാം ആദിവാസി സ്‌നേഹത്തിന്റെ മുഖംമൂടി അണിയാന്‍ ഇന്നു മടിക്കുന്നില്ല. വര്‍ഗബോധത്തിന്റെയും വര്‍ഗ സമരത്തിന്റെയും പാതയില്‍ നിന്നു അവരെ അകറ്റിക്കൊണ്ടു പോകലാണ് ഇക്കൂട്ടരുടെയെല്ലാം ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ഇടതുപക്ഷ ശക്തികളും ആദിവാസി മഹാസഭയെപ്പോലുള്ള വര്‍ഗസംഘടനകളും ആദിവാസി രംഗത്തു കൂടുതല്‍ ശ്രദ്ധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ആദിവാസി ക്ഷേമത്തിനു വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന സഹസ്രകോടിക്കണക്കിനുള്ള രൂപയാണ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്. അവര്‍ക്കായി നീക്കിവയ്ക്കുന്ന നൂറ് രൂപയില്‍ പതിനാല് രൂപപോലും അവരിലേക്ക് എത്തുന്നില്ലത്രെ. സര്‍ക്കാരുകളും ഉദ്യോഗസ്ഥ സന്നാഹങ്ങളും ഈ ശൈലിക്കു മാറ്റം വരുത്തുമെന്നു വ്യാമോഹിക്കുന്നതില്‍ അര്‍ഥമില്ല. അതിന് സംഘടിതമായ വര്‍ഗ ഐക്യവും ഇടപെടലുമാണാവശ്യം.

ആദിവാസി ക്ഷേമ നടപടികളുടെ കാര്യത്തില്‍ എന്നും അഭിമാനിക്കത്തക്ക നടപടികളാണ് 2006-2011 കാലഘട്ടത്തിലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് കൈക്കൊണ്ടത്. ഇടതുപക്ഷ സമ്മര്‍ദം മൂലം ഒന്നാം യു പി എ ഗവണ്‍മെന്റ് കൊണ്ടുവന്ന വനാവകാശ നിയമം മാതൃകാപരമായി നടപ്പിലാക്കാന്‍ വനം-റവന്യൂ-പട്ടികവര്‍ഗ ക്ഷേമ വകുപ്പുകള്‍ മുമ്പൊരിക്കലും ഉണ്ടാകാത്തത്ര കൂട്ടായ പ്രവര്‍ത്തനങ്ങളാണ് അന്നുനടത്തിയത്. അവര്‍ക്കു ഭൂമി ലഭ്യമാക്കാനും വിദ്യാഭ്യാസ പുരോഗതി നേടാനും ആരോഗ്യ പരിരക്ഷയും പാര്‍പ്പിട സൗകര്യങ്ങളും വിപുലപ്പെടുത്താനും എല്‍ ഡി എഫ് ഗവണ്‍മെന്റ് പരമാവധി പരിശ്രമിച്ചു. ആദിവാസി ഭവനങ്ങള്‍ക്ക് വനം വകുപ്പ് ഡിപ്പോകളില്‍ നിന്ന് സൗജന്യമായി തടി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ആദിവാസികള്‍ പ്രതികളായ വനം കൈയേറ്റം, വന്യജീവി കുറ്റകൃത്യം എന്നിവ ഒഴികെയുളള കേസുകളെല്ലാം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനങ്ങളുടെ പോലും ഗുണഫലങ്ങള്‍ ആദിവാസികള്‍ക്കു വേണ്ടത്ര ലഭിച്ചുവോ എന്നു പരിശോധിക്കപ്പെടണം.

ആദിവാസി ഊരുകളില്‍ മദ്യവും മയക്കുമരുന്നും വ്യാപകമാകുന്നതിന്റെയും അവിടത്തെ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതിന്റെയും വാര്‍ത്തകള്‍ കൂടിക്കൊണ്ടിരിക്കുന്നു. ആദിവാസികളെ 'അപരിഷ്‌കൃതര്‍' എന്ന് ആക്ഷേപിക്കുന്ന 'പരിഷ്‌കാര' പ്രഭുക്കന്‍മാര്‍ തന്നെയാണ് ഇതിന്റെയെല്ലാം പുറകിലെ വില്ലന്‍മാര്‍. കഞ്ചാവ് മാഫിയയും കള്ളചാരായ ലോബിയും റിയല്‍ എസ്റ്റേറ്റ് പ്രമാണിമാരും കാറ്റാടി കമ്പനിയും റിസോര്‍ട്ട് കം കൈയേറ്റവീരന്‍മാരും ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയും ജീവിത സുരക്ഷയും തട്ടിപ്പറിക്കാന്‍ കരുനീക്കുന്നുണ്ട്. ഇവരില്‍ നിന്നെല്ലാം ആദിവാസി ജനവിഭാഗത്തിന് മോചനം ഉണ്ടാകണം. അവര്‍ക്ക് ഭൂമിയും വീടും തൊഴിലും വിദ്യാഭ്യാസവും അവകാശമെന്ന നിലയില്‍ അംഗീകരിക്കപ്പെടണം. അവകാശ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ അവര്‍ കേസില്‍പെട്ടു വലയരുത്. ഈ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ ആദിവാസികള്‍ വര്‍ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യപ്പെടേണ്ട കാലമാണിത്. അതിനുള്ള പരിശ്രമങ്ങളില്‍ യോജിക്കാനാകുന്ന എല്ലാവരും ഒറ്റക്കെട്ടായി കൈകോര്‍ത്തു പിടിക്കട്ടെ. ഓഗസ്റ്റ് മൂന്നാം വാരം കോഴിക്കോട്ട് നടക്കുന്ന ആദിവാസി മഹാസഭ സംസ്ഥാന സമ്മേളനം ഇത്തരം ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും വേദിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

janayugom editorial 040811

1 comment:

  1. മുത്തങ്ങാ സംഭവത്തില്‍ കുറ്റാരോപിതരായ എഴുപത് ആദിവാസികളെ കുറ്റവിമുക്തരായി പ്രഖ്യാപിച്ച സുല്‍ത്താന്‍ബത്തേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു.

    ReplyDelete