Saturday, December 17, 2011

3 വര്‍ഷത്തില്‍ തുലച്ചത് 13 ലക്ഷം കോടി

കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ മൂന്നുവര്‍ഷം കേന്ദ്രം നല്‍കിയ നികുതി ഇളവുകളും ആനുകൂല്യങ്ങളും വഴി ഖജനാവിനുണ്ടായ നഷ്ടം 13 ലക്ഷം കോടി രൂപ. പ്രത്യക്ഷ നികുതി ഇളവ്, ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി മൂന്നുവര്‍ഷത്തിനിടെ 2,28,045 കോടി രൂപയാണ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. എക്സൈസ്-കസ്റ്റംസ് തീരുവ ഇളവുകളിലൂടെ ഇക്കാലയളവില്‍ 10,91,153 കോടി രൂപയും നഷ്ടമുണ്ടായി. ഈയിനങ്ങളില്‍ ആകെ വരുമാനനഷ്ടം 13,19,198 കോടി രൂപയാണെന്ന് രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സേവന നികുതി ഇളവുകള്‍ ഉള്‍പ്പെടാതെയുള്ള നഷ്ടക്കണക്കാണിത്. അവ കൂടി ചേരുമ്പോള്‍ സര്‍ക്കാരിനുണ്ടായ വരുമാന നഷ്ടം പിന്നെയും ലക്ഷക്കണക്കിനു കോടി രൂപ വര്‍ധിക്കും. സാമ്പത്തികബാധ്യതയുടെ പേരില്‍ യുപിഎ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുള്ള സബ്സിഡി ഒന്നൊന്നായി എടുത്തുകളയുമ്പോഴാണ് കോര്‍പറേറ്റ് മേഖലയ്ക്ക് വാരിക്കോരി നല്‍കുന്നത്.

കോര്‍പറേറ്റ് മേഖലയ്ക്കുള്ള പ്രത്യക്ഷനികുതി ഇളവുകളും ആനുകൂല്യങ്ങളും ഓരോ വര്‍ഷവും കൂടിവരുന്നതായി ധനമന്ത്രിയുടെ കണക്ക് പറയുന്നു. ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ 2008-09ല്‍ കോര്‍പറേറ്റ് മേഖലയ്ക്ക് 66,901 കോടി രൂപയുടെ ഇളവും ആനുകൂല്യവുമാണ് നല്‍കിയത്. 2009-10ല്‍ 72,881 കോടിയായും 2010-11ല്‍ 88,263 കോടിയായും ഇത് ഉയര്‍ന്നു. എക്സൈസ് തീരുവ ഇളവിലൂടെയുണ്ടായ നഷ്ടവും പ്രകടമായി വര്‍ധിച്ചു. 2008-09ല്‍ ഈയിനത്തില്‍ നഷ്ടം 1,28,293 കോടിയായിരുന്നത് 2009-10ല്‍ 1,69,121 കോടിയായും 2010-11ല്‍ 1,98,291 കോടിയായും ഉയര്‍ന്നു. 2008-09ല്‍ 2,25,752 കോടിയുടെ നഷ്ടം എക്സൈസ് ഇളവിലൂടെ സര്‍ക്കാരിനുണ്ടായി. 2009-10ല്‍ 1,95,288 കോടിയും 2010-11ല്‍ 1,74,418 കോടിയുമായി ഈയിനത്തിലെ നഷ്ടം വര്‍ധിച്ചു. ആദായനികുതി നിയമപ്രകാരം കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രണബ് മുഖര്‍ജി ന്യായീകരിച്ചു. പ്രത്യക്ഷ-പരോക്ഷ നികുതി ഇളവുകള്‍ കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കുന്നുണ്ട്. ധനമന്ത്രി പുറത്തുവിട്ട കണക്കുകള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് പി രാജീവ് പറഞ്ഞു. ഭക്ഷ്യ സബ്സിഡിയും വളം സബ്സിഡിയും ഇന്ധന സബ്സിഡിയും ഏത് വിധേന കുറയ്ക്കാമെന്നതാണ് സര്‍ക്കാരിന്റെ ആലോചന. യു.പി.എ സര്‍ക്കാര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പ്രണാബ് മുഖര്‍ജിയുടെ കണക്കുകള്‍ - രാജീവ് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 171211

1 comment:

  1. കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ മൂന്നുവര്‍ഷം കേന്ദ്രം നല്‍കിയ നികുതി ഇളവുകളും ആനുകൂല്യങ്ങളും വഴി ഖജനാവിനുണ്ടായ നഷ്ടം 13 ലക്ഷം കോടി രൂപ. പ്രത്യക്ഷ നികുതി ഇളവ്, ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി മൂന്നുവര്‍ഷത്തിനിടെ 2,28,045 കോടി രൂപയാണ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. എക്സൈസ്-കസ്റ്റംസ് തീരുവ ഇളവുകളിലൂടെ ഇക്കാലയളവില്‍ 10,91,153 കോടി രൂപയും നഷ്ടമുണ്ടായി. ഈയിനങ്ങളില്‍ ആകെ വരുമാനനഷ്ടം 13,19,198 കോടി രൂപയാണെന്ന് രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സേവന നികുതി ഇളവുകള്‍ ഉള്‍പ്പെടാതെയുള്ള നഷ്ടക്കണക്കാണിത്. അവ കൂടി ചേരുമ്പോള്‍ സര്‍ക്കാരിനുണ്ടായ വരുമാന നഷ്ടം പിന്നെയും ലക്ഷക്കണക്കിനു കോടി രൂപ വര്‍ധിക്കും. സാമ്പത്തികബാധ്യതയുടെ പേരില്‍ യുപിഎ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുള്ള സബ്സിഡി ഒന്നൊന്നായി എടുത്തുകളയുമ്പോഴാണ് കോര്‍പറേറ്റ് മേഖലയ്ക്ക് വാരിക്കോരി നല്‍കുന്നത്.

    ReplyDelete