Friday, December 16, 2011

സ്വകാര്യ ആശുപത്രികളിലെ നരകയാതന

ആഗോളവല്‍ക്കരണനയങ്ങളുടെ കരുത്തില്‍ വളര്‍ന്നുപന്തലിക്കുന്ന പ്രധാന "വ്യവസായ"മാണ് സ്വകാര്യ ആശുപത്രികള്‍ . പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനം സര്‍ക്കാരിന്റെ കടമയല്ലെന്നും ലാഭാധിഷ്ഠിതമായി നടത്തേണ്ട ഒന്നാണ് ആരോഗ്യരംഗത്തെ സേവനമെന്നുമാണ് ആഗോളവല്‍ക്കരണ വക്താക്കളുടെ ന്യായം. അതുകൊണ്ടുതന്നെ, ധര്‍മാശുപത്രികള്‍ എന്ന ഉദാത്തമായ സങ്കല്‍പ്പം പടിപടിയായി ഇല്ലാതാകുകയും പണംകൊടുക്കുന്നവന് ചികിത്സ എന്ന അവസ്ഥ നിലവില്‍ വരികയും ചെയ്യുന്നു. മറുവശത്ത്, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇടപെടലാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിവരണാതീതമായ മാറ്റങ്ങളാണ് നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി വന്നത്. രാജ്യത്തിനകത്തും പുറത്തും വേരൂന്നിയ അനേകം ഇന്‍ഷുറന്‍സ് കമ്പനികള്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അതില്‍ പ്രധാനം ആരോഗ്യമേഖലതന്നെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെടുത്തിയാണ് വന്‍കിട സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതുതന്നെ. കാണെക്കാണെ പുതിയ ആശുപത്രികള്‍ വരുന്നു. മിക്കതിലും പഞ്ചനക്ഷത്രസൗകര്യങ്ങള്‍ ലഭിക്കുന്നു. മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നും വലിയ ലാഭമുണ്ടാക്കാമെന്നും ഉറപ്പുള്ള മേഖലയായാണ് സ്വകാര്യ ആശുപത്രികളെ കണക്കാക്കുന്നത്്. അവയുമായി ബന്ധപ്പെട്ട് അനേകലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ഡോക്ടര്‍മാര്‍ , നേഴ്സുമാര്‍ , സാങ്കേതികവിദഗ്ധര്‍ , അവിദഗ്ധ തൊഴിലാളികള്‍ , ഭരണതലജീവനക്കാര്‍ -ഇങ്ങനെ വ്യത്യസ്ത തൊഴിലുകള്‍ ചെയ്യുന്നവരുടെ വലിയൊരു നിരതന്നെ സ്വകാര്യ ആശുപത്രികളിലുണ്ട്. ഈ തൊഴില്‍സേനയുടെ സേവന-വേതന വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ , അതീവ ദയനീയമായ ചിത്രമാണ് കാണാനാവുക.

മിനിമം വേതനവും സര്‍വീസ് വ്യവസ്ഥകളുമൊക്കെ നിലനില്‍ക്കെത്തന്നെ ഇവര്‍ ഭയാനകമാംവിധം ചൂഷണംചെയ്യപ്പെടുന്നു. സ്വകാര്യ ആശുപത്രികളിലെ മിനിമം വേതനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നു. ഇതിന് കോടതികളെ ദുരുപയോഗം ചെയ്യുന്നു. ട്രെയിനിങ്ങിന്റെയും മറ്റും പേരില്‍ തുച്ഛവേതനത്തിന് അടിമപ്പണി ചെയ്യിക്കുന്നു. അണ്‍എയ്ഡഡ് സ്കൂളുകളില്‍ വലിയ തുകയുടെ വൗച്ചര്‍ ഒപ്പിട്ടുവാങ്ങി അധ്യാപകര്‍ക്ക് പട്ടിണിക്കൂലി കൊടുക്കുന്ന അവസ്ഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഏറെക്കുറെ അതുതന്നെയാണ് സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും. എല്ലാവിധ അവകാശപോരാട്ടങ്ങളെയും ജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ ബാധ്യതപ്പെട്ട മാധ്യമസ്ഥാപനങ്ങളിലും വേതനവ്യവസ്ഥ പരിതാപകരമാണ്. ഒരു ദശാബ്ദത്തിനുശേഷം അംഗീകരിക്കപ്പെട്ട വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് വന്‍കിട മാധ്യമസ്ഥാപനങ്ങള്‍ ഗവേഷണംനടത്തി കണ്ടുപിടിക്കുന്നത്. സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വന്നിട്ടുപോലും വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പത്ര ഉടമകളുടെ സംഘടന മിണ്ടുന്നില്ല. കരാര്‍ ജോലി സമ്പ്രദായം വ്യാപിക്കുകയാണ്. സുപ്രധാനമെന്ന് വിലയിരുത്തപ്പെടുന്ന ഈ മേഖലകളിലാകെ തൊഴില്‍രംഗത്ത് അസംതൃപ്തി പടരുകയാണെന്നര്‍ഥം. സ്വകാര്യ ആശുപത്രികളില്‍ നടമാടുന്ന ചൂഷണവും മനുഷ്യത്വഹീനമായ പ്രവൃത്തികളും സുരക്ഷാവീഴ്ചകളുമൊക്കെ ജനങ്ങളുടെ ശ്രദ്ധയില്‍ വരുത്താനുതകുന്ന നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കൊല്‍ക്കത്തയിലെ വന്‍കിട ആശുപത്രിയില്‍ സുരക്ഷാവീഴ്ച കാരണമുണ്ടായ അഗ്നിബാധയില്‍ ജീവന്‍ പൊലിഞ്ഞവരില്‍ രണ്ട് മലയാളി നേഴ്സുമാരും ഉള്‍പ്പെടുന്നു. ഉത്തരേന്ത്യയിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാര്‍ അനുഭവിക്കുന്ന പീഡനവും ദുരിതവും ചൂഷണവും ഞെട്ടിക്കുന്നതാണ്. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നേഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ നിര്‍മല സിങ് കോട്ടയം സ്വദേശിനി ആതിരയെ അപമാനിച്ച സംഭവം ആ അവസ്ഥയുടെ ഭീകരതയിലേക്ക് വിരല്‍ചൂണ്ടുന്നു. സൂപ്രണ്ടിനെയും മറ്റും കണ്ട് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് 40 മലയാളികളുള്‍പ്പെടെ ഇരുനൂറോളം വിദ്യാര്‍ഥികള്‍ക്ക് ആശുപത്രിക്ക് മുന്നില്‍ സമരംനടത്തേണ്ടിവന്നു. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫ് നേഴ്സ് തൊടുപുഴ സ്വദേശി ബീന ബേബി ആശുപത്രി അധികൃതരുടെ പീഡനം സഹിക്കാനാകാതെ കഴിഞ്ഞമാസം ആത്മഹത്യ ചെയ്തു. 17.5 ലക്ഷം നേഴ്സുമാരാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 12 ലക്ഷത്തോളം മലയാളികളാണ്. കേരളത്തില്‍ ജോലി ലഭിക്കാത്തതുകൊണ്ടാണ് അവര്‍ അന്യസംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് ചേക്കേറുന്നത്. കുടുംബം പോറ്റാനായി അന്യസംസ്ഥാനത്തുപോയി കഷ്ടപ്പെടുന്ന യുവതികളെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. മാസത്തില്‍ 28 ദിവസം വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് 30,000 രൂപ വരെ ശമ്പളം ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ 3000 രൂപ പോലും ലഭിക്കാത്ത നേഴ്സുമാരുണ്ട്. വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ ശമ്പളം കൂട്ടാനോ പ്രൊമോഷന്‍ നല്‍കാനോ ആശുപത്രിക്കാര്‍ തയ്യാറല്ല. ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ശമ്പളകുടിശ്ശിക നല്‍കാതിരിക്കുക, എന്തെങ്കിലും കാരണമുണ്ടാക്കി ശമ്പളം പിടിച്ചുവയ്ക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ ക്രൂരതകളും നേഴ്സുമാര്‍ക്ക് അനുഭവിക്കേണ്ടിവരുന്നു. ആറ് മണിക്കൂര്‍ ജോലിയെന്നാണ് നിയമിക്കുമ്പോള്‍ പറയുന്നതെങ്കിലും ദിവസം പത്തും പതിനൊന്നും മണിക്കൂര്‍ ജോലി ചെയ്യുന്നവരാണ് മിക്ക സ്വകാര്യ ആശുപത്രിയിലെയും നേഴ്സുമാര്‍ . കേരളത്തിലും പുറത്തും ഒരേ സ്ഥിതിയാണെന്നര്‍ഥം.

നേഴ്സുമാര്‍ മാത്രമല്ല ആശുപത്രിയിലെ ഒട്ടുമിക്ക ജീവനക്കാരും ഇത് നേരിടുന്നു. ഈ അവസരം മുതലെടുത്ത് ചില സംഘടനകള്‍ തട്ടിക്കൂട്ടി വാര്‍ത്തയിലിടം നേടുന്നവരുമുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയാകെ സംഘടന; അതിന് ശരിയായ നേതൃത്വം; തൊഴില്‍ പ്രശ്നങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ ; തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന നിയമം-ഇത്രയും കാര്യങ്ങള്‍ അടിയന്തരമായും യാഥാര്‍ഥ്യമാകേണ്ടതുണ്ട്. നവ ലിബറല്‍ നയങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണം എന്ന് മനസ്സിലാക്കിയുള്ള ഇടപെടലിനേ പ്രസക്തിയുള്ളൂ. തൊഴിലാളിവിരുദ്ധ കാഴ്ചപ്പാടും നവ ലിബറല്‍ നയങ്ങളും പേറി നടക്കുന്നവര്‍ക്കോ അവരുടെ തണലില്‍ ജനിക്കുന്ന സംഘടനകള്‍ക്കോ പരിഹരിക്കാനാകുന്നതല്ല പ്രശ്നം. അത്തരക്കാരുടെ സാന്നിധ്യം ആശുപത്രി ജീവനക്കാരുടെ ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂ. തൊഴിലാളിവര്‍ഗ കാഴ്ചപ്പാടോടെയുള്ള പുരോഗമന സംഘടനയില്‍ അണിനിരക്കാനും അവകാശ പോരാട്ടങ്ങളില്‍ അണിചേരാനുമാണ് ജീവനക്കാര്‍ തയ്യാറാകേണ്ടത്. സംസ്ഥാനത്ത് കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ ഈ രംഗത്ത് നടത്തുന്ന സജീവമായ ഇടപെടല്‍ ശ്ലാഘനീയമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ അര്‍ഹിക്കുന്നുണ്ട്.

deshabhimani editorial 161211

1 comment:

  1. ആഗോളവല്‍ക്കരണനയങ്ങളുടെ കരുത്തില്‍ വളര്‍ന്നുപന്തലിക്കുന്ന പ്രധാന "വ്യവസായ"മാണ് സ്വകാര്യ ആശുപത്രികള്‍ . പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനം സര്‍ക്കാരിന്റെ കടമയല്ലെന്നും ലാഭാധിഷ്ഠിതമായി നടത്തേണ്ട ഒന്നാണ് ആരോഗ്യരംഗത്തെ സേവനമെന്നുമാണ് ആഗോളവല്‍ക്കരണ വക്താക്കളുടെ ന്യായം. അതുകൊണ്ടുതന്നെ, ധര്‍മാശുപത്രികള്‍ എന്ന ഉദാത്തമായ സങ്കല്‍പ്പം പടിപടിയായി ഇല്ലാതാകുകയും പണംകൊടുക്കുന്നവന് ചികിത്സ എന്ന അവസ്ഥ നിലവില്‍ വരികയും ചെയ്യുന്നു. മറുവശത്ത്, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇടപെടലാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിവരണാതീതമായ മാറ്റങ്ങളാണ് നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി വന്നത്. രാജ്യത്തിനകത്തും പുറത്തും വേരൂന്നിയ അനേകം ഇന്‍ഷുറന്‍സ് കമ്പനികള്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അതില്‍ പ്രധാനം ആരോഗ്യമേഖലതന്നെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെടുത്തിയാണ് വന്‍കിട സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതുതന്നെ.

    ReplyDelete