Friday, December 2, 2011

വ്യാപാരബന്ദ് പൂര്‍ണം

ചില്ലറ വില്‍പ്പന മേഖല വിദേശകുത്തകകള്‍ക്ക് അടിയറവെച്ച യുപിഎ സര്‍ക്കാരിനെതിരെ രാജ്യമെങ്ങും വ്യാപാരികളുടെ ശക്തമായ പ്രതിഷേധം. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ പ്രധാന കടകമ്പോളങ്ങള്‍ വ്യാഴാഴ്ച അടഞ്ഞുകിടന്നു. ഡല്‍ഹിയിലെ കരോള്‍ബാഗ്, സദര്‍ബസാര്‍ , കമലാനഗര്‍ , പാവ്ഡിബസാര്‍ , കശ്മീരിഗേറ്റ്, തുലക് നഗര്‍ , രോഹിണി, കൃഷ്ണനഗര്‍ തുടങ്ങിയ കമ്പോളമെല്ലാം അടഞ്ഞുകിടന്നു. മഹാരാഷ്ട്രയില്‍ 35 ലക്ഷം ചെറുകിട കച്ചവടക്കാര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. മുംബൈയില്‍ മാത്രം ഒരു ലക്ഷത്തിലധികം വ്യാപാരികള്‍ കടകളടച്ചിട്ടു.

എന്നാല്‍ വിദേശനിക്ഷേപം അനുവദിച്ച തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. സഖ്യകക്ഷികളുടെ പ്രതിഷേധം വകവയ്ക്കേണ്ടതില്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസും സര്‍ക്കാരും നല്‍കുന്നത്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രക്ഷോഭത്തില്‍ പശ്ചിമബംഗാള്‍ , ത്രിപുര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ചില്ലറ വില്‍പ്പനമേഖല പൂര്‍ണമായും സ്തംഭിച്ചു. ഉത്തര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കടയടപ്പ് സമരം പൂര്‍ണ ബന്ദായി. ഗുജറാത്ത്, ബിഹാര്‍ , ഡല്‍ഹി, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഭാഗികമായിരുന്നു. വ്യാപാരികള്‍ പലയിടത്തും പ്രകടനം നടത്തുകയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലം കത്തിക്കുകയും ചെയ്തു.

ബംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, കട്ടക്ക്, ഭോപാല്‍ , കാണ്‍പുര്‍ , ജമ്മു, കൊല്‍ക്കത്ത തുടങ്ങിയ നഗരത്തിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. നാഗ്പൂരില്‍ കടകളടച്ച് വ്യാപാരികള്‍ വന്‍ പ്രകടനം നടത്തി. ജമ്മുവില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു നേതൃത്വത്തില്‍ പ്രകടനം നടന്നു. സിഐടിയു സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് യൂസഫ് തരിഗാമി എംഎല്‍എ സംസാരിച്ചു. ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. 20 ഇടങ്ങളില്‍ മുഖ്യമന്ത്രി ഷീലാദീക്ഷിത്തിന്റെ കോലവും കത്തിച്ചു. ജന്തര്‍മന്ദിറില്‍ വ്യാപാരി ധര്‍ണയില്‍ ബിജെപി നേതാവ് അരുണ്‍ജെയ്റ്റ്ലിയും ജെഡി യു നേതാവ് ശരത്യാദവും പങ്കെടുത്തു. ലഖ്നൗവില്‍ ബന്ദിനെ പിന്തുണച്ച സമാജ്വാദി പാര്‍ടി പ്രവര്‍ത്തകര്‍ നിയമസഭയ്ക്കു മുന്നില്‍ പ്രകടനം നടത്തി. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. സൂറത്തിലെ ടെക്സ്റ്റൈല്‍ വ്യാപാരം പൂര്‍ണമായും സ്തംഭിച്ചു. രത്ന കമ്പോളവും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്, ഭാരത് ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ എന്നീ സംഘടനകളാണ് വ്യാപാരബന്ദിന് ആഹ്വാനം ചെയ്തത്. പതിനായിരത്തോളം ചെറുതും വലുതുമായ സംഘടനകള്‍ വ്യാപാരബന്ദില്‍ അണിചേര്‍ന്നതായി സിഎഐടി ജനറല്‍സെക്രട്ടരി പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പറഞ്ഞു. വ്യാപാര ബന്ദിനോട് അഭൂതപൂര്‍വമായ പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം തുടര്‍ന്നു. ബിജെപി, സിപിഐ എം, സിപിഐ, എസ്പി, ജെഡി യു എന്നീ രാഷ്ട്രീയ പാര്‍ടികള്‍ വ്യാപാരബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച കടയടപ്പ് സമരം നടന്നതിനാല്‍ കേരളത്തെ വ്യാപാരബന്ദില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

വ്യാപാര ബന്ദ് വന്‍ വിജയം

 ചെറുകിട വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേ്രന്ദസര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപാരികള്‍ രാജ്യവ്യാപകമായി നടത്തിയ ഏകദിന കടയടപ്പ് സമരം വന്‍ വിജയം. രാജ്യത്തെ സുപ്രധാന തൊഴില്‍ മേഖലയായ വ്യാപാര രംഗത്ത് നടന്ന സമരം വ്യാപാരമേഖലയെ ഗണ്യമായി ബാധിച്ചു. പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഭോപ്പാല്‍, ലക്‌നൗ, ജമ്മു, കാണ്‍പൂര്‍ എന്നിവിടങ്ങളിലും ബന്ദ് പൂര്‍ണ വിജയമായിരുന്നു.

വ്യാപാര രംഗത്ത് രാജ്യവ്യാപകമായി ആദ്യമായാണ് ഇത്തരത്തിലൊരു സമരം നടക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം വ്യാപാരികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.
ഡല്‍ഹിയില്‍ കരോള്‍ ബാഗ്, സദര്‍ ബസാര്‍, കമലാ നഗര്‍, ചൗരി ബസാര്‍, കഷ്മീരി ഗെയ്റ്റ്, തിലക് നഗര്‍, രോഹിണി, കൃഷ്ണ നഗര്‍, കൈലാഷ് എം ബ്ലോക്ക് തുടങ്ങിയ പ്രമുഖ വ്യാപാര കേന്ദ്രങ്ങളെല്ലാം ഇന്നലെ അടച്ചിട്ടു. ഡല്‍ഹിയില്‍ ഇരുപതിലേറെ ഭാഗങ്ങളിലായി നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെയും കോലങ്ങള്‍ കത്തിച്ചു.

മഹാരാഷ്ട്രയില്‍ മുംബൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കടകളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. മുംബൈയില്‍ മാത്രം 35 ലക്ഷം വ്യാപാരികളാണ് സമരത്തില്‍ പങ്കുചേര്‍ന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഓഫ് മഹാരാഷ്ട്ര (എഫ് എ എം) അറിയിച്ചു. ബംഗാളിലും സമരം പൂര്‍ണവിജയമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ബുറാബസാര്‍ ഉള്‍പ്പെടെ പ്രധാന വ്യാപാര മേഖലകള്‍ അടഞ്ഞു കിടന്നു.

രാജ്യത്തെ പതിനായിരത്തോളം വ്യാപാര സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഏകദേശം അഞ്ച് കോടിയോളം വ്യാപാരികള്‍ സമരത്തിന് പിന്തുണയേകിയതായി കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെയ്‌ഡേഴ്‌സ് (സി എ ഐ ടി) ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡെല്‍വാള്‍ അറിയിച്ചു. തമിഴ്‌നാട്, ഒഡീഷ, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും പണിമുടക്ക് പൂര്‍ണ്ണമായിരുന്നു.

ഇടതുപാര്‍ട്ടികളടക്കം പ്രതിപക്ഷം ബന്ദിന് പിന്തുണ നല്‍കിയിരുന്നു. അതേസമയം പ്രതിപക്ഷമായ ബി ജെ പി ഭരിക്കുന്ന ഗുജറാത്തില്‍ അഹമ്മദാബാദിലൊഴിച്ച് ബന്ദ് ഭാഗികമായിരുന്നു. മറ്റൊരു ബി ജെ പി സംസ്ഥാനമായ ബിഹാറിലും ബന്ദ് ഭാഗീകമായിരുന്നു. സമരം അക്രമാസക്തമാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പാട്‌നയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കി.

വിവിധ സംസ്ഥാനങ്ങളില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി പി ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. ആന്ധ്രയിലെ നാരായണഗുഡയില്‍ ഇന്നലെ സി പി ഐ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോലങ്ങള്‍ കത്തിച്ചു. ബീഗം ബസാറിലും സി പി ഐയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേവിഷയത്തില്‍ സംസ്ഥാന വ്യാപകമായി കടയടുപ്പ് സമരം നടത്തിയത് കണക്കിലെടുത്ത് കേരളം ഇന്നലെ സമരത്തില്‍ നിന്ന് വിട്ടു നിന്നു. പഞ്ചാബിലെ ലുധിയാനയില്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു.

deshabhimani/janayugom 021211

1 comment:

  1. ചില്ലറ വില്‍പ്പന മേഖല വിദേശകുത്തകകള്‍ക്ക് അടിയറവെച്ച യുപിഎ സര്‍ക്കാരിനെതിരെ രാജ്യമെങ്ങും വ്യാപാരികളുടെ ശക്തമായ പ്രതിഷേധം. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ പ്രധാന കടകമ്പോളങ്ങള്‍ വ്യാഴാഴ്ച അടഞ്ഞുകിടന്നു. ഡല്‍ഹിയിലെ കരോള്‍ബാഗ്, സദര്‍ബസാര്‍ , കമലാനഗര്‍ , പാവ്ഡിബസാര്‍ , കശ്മീരിഗേറ്റ്, തുലക് നഗര്‍ , രോഹിണി, കൃഷ്ണനഗര്‍ തുടങ്ങിയ കമ്പോളമെല്ലാം അടഞ്ഞുകിടന്നു. മഹാരാഷ്ട്രയില്‍ 35 ലക്ഷം ചെറുകിട കച്ചവടക്കാര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. മുംബൈയില്‍ മാത്രം ഒരു ലക്ഷത്തിലധികം വ്യാപാരികള്‍ കടകളടച്ചിട്ടു.

    ReplyDelete