Friday, December 2, 2011

പട്ടികവര്‍ഗ ദൈന്യത ജനാധിപത്യ കേരളത്തിന് തീരാകളങ്കം

സംസ്ഥാനത്തെ പട്ടികവര്‍ഗ സമുദായത്തെപ്പറ്റിയുള്ള ഒരു സമഗ്രപഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേരള തദ്ദേശസ്വയംഭരണ ഇന്‍സ്റ്റിറ്റിയൂട്ട് (കില) പുറത്തിറക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പട്ടികവര്‍ഗവകുപ്പും കിലയും ചേര്‍ന്നാണ് സര്‍വേ സംഘടിപ്പിച്ചത്. കേരളത്തെയാകെ ഇരുത്തി ചിന്തിപ്പിക്കേണ്ടതും ഏതൊരു പരിഷ്‌കൃത ജനാധിപത്യസമൂഹത്തിനും അപമാനകരവുമാണ് സര്‍വേയുടെ കണ്ടെത്തലുകള്‍. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ 34 ഗ്രാമപഞ്ചായത്തുകള്‍ ഒഴികെ കേരളത്തിലെ മുഴുവന്‍ പട്ടികവര്‍ഗ സമുദായങ്ങളെയും പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ അനുമതിയോടെ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് കേരളസമൂഹത്തിന്റെയും ഭരണാധികാരികളുടെയും കണ്ണുതുറപ്പിക്കാന്‍ ഉതകണം. സ്വാതന്ത്ര്യ ലബ്ധിയുടെ ആറര പതിറ്റാണ്ടു പിന്നിടുമ്പോഴും കേരളത്തിലെ പട്ടികവര്‍ഗസമുദായം അനുഭവിച്ചുവരുന്ന ജീവിത ദുരവസ്ഥയുടെ ദയനീയ ചിത്രമാണ് സര്‍വേ വരച്ചുകാട്ടുന്നത്.

പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി നടപ്പാക്കിയ എണ്ണമറ്റ പദ്ധതികള്‍ക്കും അതിനുവേണ്ടി ചിലവഴിച്ച കോടാനുകോടി രൂപയ്ക്കും ഹതഭാഗ്യരായ ആ ജനസമൂഹത്തിലെ ഗണ്യമായൊരു പങ്കിന്റെ ജീവിതത്തില്‍ ആശാസ്യമായ മാറ്റങ്ങള്‍ ഒന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മനുഷ്യവികാസത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാന ഘടകങ്ങള്‍ ഏറെയും ആ ജനവിഭാഗങ്ങള്‍ക്ക് അന്യമാണ്. ഭക്ഷണം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി അടിസ്ഥാന അവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടവരാണ് അവരില്‍ വലിയൊരുപങ്കും.

സര്‍വേയ്ക്കു വിധേയമായ 24,269 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകളില്ല. 8,781 കുടുംബങ്ങള്‍ ഭവനരഹിതരാണ്. സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ലാത്ത മറ്റൊരു 16,027 ഉപകുടുംബങ്ങള്‍ മറ്റുകുടുംബങ്ങളെ ആശ്രയിച്ചാണ് കുടിപാര്‍ക്കുന്നത്. സമുദായത്തിന്റെ സാക്ഷരത 72.77 ശതമാനമാണെന്നു പറയുമ്പോഴും ജീവിതത്തില്‍ മൗലികവും അഭിലഷണീയവുമായ മാറ്റം ഉറപ്പുനല്‍കുന്ന വിദ്യാഭ്യാസം മഹാഭൂരിപക്ഷത്തിനുമില്ല. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍പോലും അവരില്‍ 2,112 ബിരുദധാരികളും 200 ബിരുദാനന്തരബിരുദധാരികളും 2,060 സാങ്കേതിക-പ്രഫഷണല്‍ യോഗ്യതയുള്ളവരും തൊഴില്‍ രഹിതരായി തുടരുന്നു. 18 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റൊരു 77,680 പേര്‍ തൊഴില്‍ രഹിതരാണ്. വലിയൊരു വിഭാഗത്തിനും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ല. 361 പട്ടികവര്‍ഗ ഊരുകളിലേയ്ക്ക് നടപ്പാതകള്‍ പോലുമില്ല. സ്വന്തമായി ഭവനങ്ങള്‍ ഉണ്ടെന്നു കണക്കാക്കപ്പെട്ടവയില്‍ ഏറെയും വാസയോഗ്യം പോലുമല്ല എന്നതാണ് യാഥാര്‍ഥ്യം. വൈദ്യുതീകരിക്കാത്ത 1,252 ഊരുകളും 59,269 വീടുകളുമുണ്ട്. 49,406 വീടുകള്‍ക്ക് കക്കൂസ് സൗകര്യങ്ങള്‍പോലുമില്ല.

സര്‍വേ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന പട്ടികവര്‍ഗ സമുദായത്തിന്റെ ജീവിത ദൈന്യതയുടെ ചിത്രം ആവര്‍ത്തിക്കുകയല്ല ഇവിടെ ലക്ഷ്യം. മറിച്ച് ഈ ജനവിഭാഗത്തിന്റെ ജീവിത ദുരിതമകറ്റാന്‍ സമൂഹമാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിലേയ്ക്ക് ശ്രദ്ധക്ഷണിക്കുകയാണ്. കാലാകാലങ്ങളായി മാറിമാറി വരുന്ന ഭരണകൂടങ്ങളും ഭരണാധികാരികളും നാളിതുവരെ നടത്തിയ ശ്രമങ്ങള്‍ക്കൊന്നും അഞ്ചുലക്ഷത്തോളം മാത്രം വരുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ലെന്നത് അക്ഷന്തവ്യമായ സാമൂഹ്യപരാധം മാത്രമായെ കാണാനാവൂ. ഇനിയും മാറ്റിവെക്കാനാവാത്തത്ര പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നമായി ഇതിനെ നോക്കിക്കാണാന്‍ സമൂഹം ഒന്നാകെ സന്നദ്ധമാവണം. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വവും പക്ഷപാതിത്വവും വെടിഞ്ഞ് നിശ്ചയദാര്‍ഢ്യത്തോടെയും ഉന്നതരാഷ്ട്രീയപ്രതിബദ്ധതയോടെയും സമയബന്ധിത പ്രവര്‍ത്തനപദ്ധതിയോടെയും നേരിടേണ്ട വെല്ലുവിളിയായി കേരളം ഈ പ്രശ്‌നത്തെ ഏറ്റെടുക്കണം.

പട്ടികവര്‍ഗ സമുദായങ്ങളുടെ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനും സമയബന്ധിതമായ ഒരു വികസന കര്‍മ്മ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിനും സര്‍വകക്ഷിയോഗം വിളിക്കാന്‍ ഗവണ്‍മെന്റ് മുന്‍കയ്യെടുക്കണം. കഴിഞ്ഞകാല പദ്ധതികളുടെ പരാജയങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ പട്ടികവര്‍ഗ മേഖലയിലെ മുന്‍ഗണനകള്‍ നിശ്ചയിച്ച് നടപ്പാക്കുന്നതിന് കാര്യക്ഷമമായി നേതൃത്വം നല്‍കുന്നതിന് രാഷ്ട്രീയതലത്തിലും ഭരണതലത്തിലും പ്രത്യേക കര്‍മ്മസമതികള്‍ക്ക് രൂപം നല്‍കണം. അവ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധിതമാക്കണം. പദ്ധതി നടത്തിപ്പില്‍ വീഴ്ചവരുന്നത് തടയുന്നതിനും അതിനു ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിനും അധികാരവും വ്യവസ്ഥയും നിയമപരമായി ഉറപ്പുവരുത്തണം. അത്തരം ഒരു സമീപനത്തിനുമാത്രമേ കേരളത്തിന്റെ ജനാധിപത്യ-പുരോഗമന പാരമ്പര്യത്തിനേറ്റ ഈ കളങ്കം തുടച്ചുനീക്കാനാവൂ.

janayugom editorial 021211

1 comment:

  1. സംസ്ഥാനത്തെ പട്ടികവര്‍ഗ സമുദായത്തെപ്പറ്റിയുള്ള ഒരു സമഗ്രപഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേരള തദ്ദേശസ്വയംഭരണ ഇന്‍സ്റ്റിറ്റിയൂട്ട് (കില) പുറത്തിറക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പട്ടികവര്‍ഗവകുപ്പും കിലയും ചേര്‍ന്നാണ് സര്‍വേ സംഘടിപ്പിച്ചത്. കേരളത്തെയാകെ ഇരുത്തി ചിന്തിപ്പിക്കേണ്ടതും ഏതൊരു പരിഷ്‌കൃത ജനാധിപത്യസമൂഹത്തിനും അപമാനകരവുമാണ് സര്‍വേയുടെ കണ്ടെത്തലുകള്‍. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ 34 ഗ്രാമപഞ്ചായത്തുകള്‍ ഒഴികെ കേരളത്തിലെ മുഴുവന്‍ പട്ടികവര്‍ഗ സമുദായങ്ങളെയും പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ അനുമതിയോടെ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് കേരളസമൂഹത്തിന്റെയും ഭരണാധികാരികളുടെയും കണ്ണുതുറപ്പിക്കാന്‍ ഉതകണം. സ്വാതന്ത്ര്യ ലബ്ധിയുടെ ആറര പതിറ്റാണ്ടു പിന്നിടുമ്പോഴും കേരളത്തിലെ പട്ടികവര്‍ഗസമുദായം അനുഭവിച്ചുവരുന്ന ജീവിത ദുരവസ്ഥയുടെ ദയനീയ ചിത്രമാണ് സര്‍വേ വരച്ചുകാട്ടുന്നത്.

    ReplyDelete