ഇന്ത്യയുടെ അക്കാദമിക് രംഗത്തേക്ക് അസഹിഷ്ണുതയോടെ വര്‍ഗീയ ജാതിമതശക്തികള്‍ നടത്തുന്ന കടന്നുകയറ്റം ആശങ്കാജനകമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ട ഭരണാധികാരികളാകട്ടെ, വര്‍ഗീയശക്തികളുടെ കല്‍പ്പനകള്‍ക്ക് നിരുപാധികം കീഴടങ്ങി അക്കാദമിക് രംഗത്തെ മതനിരപേക്ഷസ്വഭാവം നിരന്തരം ചോര്‍ത്തുന്നു. ചെറുക്കപ്പെടേണ്ട വിപത്താണിത്. കേരളത്തിലെ സ്കൂള്‍ സിലബസിന്റെ രംഗംതൊട്ട് ഡല്‍ഹി സര്‍വകലാശാലയിലെ സിലബസ് രംഗംവരെ ഈ വിപത്തിന്റെ കരിനിഴല്‍ പടര്‍ന്നുനില്‍ക്കുകയാണ്. എ കെ രാമാനുജന്റെ "മുന്നൂറ് രാമായണങ്ങള്‍ : അഞ്ച് ഉദാഹരണങ്ങളും പരിഭാഷയെക്കുറിച്ചുള്ള മൂന്ന് ചിന്തകളും" എന്ന ലേഖനം ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദപഠനത്തിനുള്ള സിലബസില്‍നിന്ന് നീക്കംചെയ്യാന്‍ അക്കാദമിക് കൗണ്‍സില്‍ നിശ്ചയിച്ചത് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയാണ്. ഒരു സംഘം വര്‍ഗീയവാദികളാണ് ഈ ലേഖനത്തിനെതിരായി അസഹിഷ്ണുത പടര്‍ത്തിയത്. അവര്‍ പ്രക്ഷോഭമാരംഭിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി എസ് ഇസഡ് എച്ച് ജാഫ്രിയെ മര്‍ദിച്ചു. ചരിത്രവിഭാഗത്തില്‍ കടന്നുകയറി കണ്ണില്‍ കണ്ടതൊക്കെ തല്ലിത്തകര്‍ത്തു. ഇവരുടെ ഭീഷണിക്കുവഴങ്ങി എ കെ രാമാനുജന്റെ മൗലികസമീപനങ്ങളും ആര്‍ജവത്വമുള്ള നിലപാടുകളുംകൊണ്ട് ശ്രദ്ധേയമായ ലേഖനം അധികൃതര്‍ പഠനവിഷയത്തില്‍നിന്ന് നീക്കി.
ഏകശിലാരൂപത്തിലുള്ള സംസ്കാരമല്ല, മറിച്ച് വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ ബഹുവര്‍ണശബളാഭമായ സമന്വയമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ രാമായണങ്ങളും അവയുടെ വ്യത്യസ്തങ്ങളായ പാരായണ സമ്പ്രദായങ്ങളുമുണ്ടായി. വാല്‍മീകിയുടെ രാമായണത്തില്‍നിന്ന് ഭിന്നമാണ് കമ്പരുടെ രാമായണം. ജൈനസംസ്കാരധാരയിലുള്ള രാമായണത്തില്‍നിന്ന് വ്യത്യസ്തമാണ് ബുദ്ധമതസംസ്കാരത്തിന്റെ ധാരയിലുള്ള രാമായണം. സംസ്കൃതത്തില്‍ മാത്രമല്ല, പാലിയിലും പ്രാകൃതിലും രാമായണമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, കമ്പോഡിയയിലും മലേഷ്യയിലും ചൈനീസ് ഭാഷയിലും രാമായണമുണ്ട്. ഇവയില്‍ ഒന്നും മറ്റൊന്നിനോട് പൂര്‍ണ സാദൃശ്യമുള്ളതല്ല. രാമനും സീതയും സഹോദരങ്ങളാണെന്നുപറയുന്ന രാമായണമുണ്ട്; സീത രാവണന്റെ പുത്രിയാണെന്നുപറയുന്ന രാമായണവുമുണ്ട്. സീത രാവണപുത്രിയാണെന്ന നിലപാട് പ്രതിഫലിക്കുന്ന ഒരു കവിത മലയാളഭാഷയില്‍ വയലാറിന്റേതായിട്ടുണ്ടുതാനും. ചുരുക്കംപറഞ്ഞാല്‍ വൈവിധ്യപൂര്‍ണമാണ് രാമായണലോകം. മുന്നൂറ് രാമായണങ്ങള്‍ കാമില്‍ബുല്‍ക്കെ കണ്ടെത്തിയിട്ടുണ്ട്. റോമിലാ ഥാപ്പറെപോലുള്ളവര്‍ ഈ വൈവിധ്യത്തെ അപഗ്രഥിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കംപറഞ്ഞാല്‍ ഏകശിലാരൂപത്തിലുള്ളതല്ല രാമകഥ എന്നത് വ്യക്തം. ഇക്കാര്യം മാത്രമേ എ കെ രാമാനുജന്‍ തന്റെ രാമായണലേഖനത്തില്‍ പറഞ്ഞിട്ടുള്ളൂ. അതിനെതിരായ അസഹിഷ്ണുതയാണ് ആ ലേഖനം പിന്‍വലിപ്പിക്കുന്നിടത്ത് എത്തിനില്‍ക്കുന്നത്.
സംഘടിതശക്തികൊണ്ട് ചരിത്രത്തെ തിരുത്തിക്കുന്ന ഈ രീതി അപകടകരമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. റോഹിന്‍ടണ്‍ മിസ്ട്രിയുടെ വിഖ്യാതമായ "സച്ച് എ ലോങ് ജേര്‍ണി" മുംബൈ സര്‍വകലാശാലയെക്കൊണ്ട് പിന്‍വലിപ്പിച്ചു. മറാത്താവികാരത്തെ പുസ്തകം മുറിവേല്‍പ്പിക്കുന്നുവെന്ന ആരോപണവുമായി ശിവസേനാനേതാവ് ബാല്‍താക്കറെയുടെ പൗത്രന്‍ പ്രക്ഷോഭം കൂട്ടിയതിനെത്തുടര്‍ന്നായിരുന്നു അത്. സമാനമായ അവസ്ഥ ഇപ്പോള്‍ കേരളത്തിലും ഉണ്ടാകുന്നു. സ്കൂള്‍ സിലബസ് ജാതിമത താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി തിരുത്തുകയാണിവിടെ. മതനിരപേക്ഷമായ ഉള്ളടക്കത്തോടുകൂടിയ പാഠ്യപദ്ധതി അട്ടിമറിച്ച് വര്‍ഗീയസ്വഭാവമുള്ള ഉള്ളടക്കം ഉള്ള കരിക്കുലം കൊണ്ട് പകരംവയ്ക്കാനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്. 5, 7, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ തിരുത്തുന്നു. ഒമ്പതാംക്ലാസിലെ ചരിത്രപാഠം അപ്പാടെ മാറ്റുന്നു. ചില ജാതിമതസംഘടനകളുടെ നിവേദനം കിട്ടി എന്നുപറഞ്ഞാണ് കരിക്കുലം കമ്മിറ്റിയെപോലും മറികടന്ന് സര്‍ക്കാര്‍ ഇത് ചെയ്യുന്നത്. കരിക്കുലം കമ്മിറ്റിക്കല്ലാതെ സര്‍ക്കാരിന് ഇതിന് അധികാരമില്ല. എന്നിട്ടും സര്‍ക്കാര്‍ ഉത്തരവിലൂടെ പാഠങ്ങള്‍ ഭേദഗതിപ്പെടുത്തുകയാണിവിടെ. കഴിഞ്ഞ ഏപ്രിലില്‍ എസ്സിഇആര്‍ടി, എന്‍സിഇആര്‍ടി പ്രതിനിധികളുടെ സെമിനാറില്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന കരിക്കുലമാണിവിടെയുള്ളത് എന്ന് വിലയിരുത്തപ്പെട്ടതാണ്. പാഠങ്ങളുടെ മതനിരപേക്ഷസ്വഭാവം വാഴ്ത്തപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അക്കാദമിക് വിദഗ്ധര്‍ വിലയിരുത്തിയ പാഠപുസ്തകത്തിനാണിപ്പോള്‍ ഈ ദുര്‍ഗതി. നവംബറില്‍ പഠിപ്പിച്ചതൊക്കെ തെറ്റാണെന്നുപറഞ്ഞ് ഡിസംബറില്‍ അധ്യാപകര്‍ മറ്റൊന്നുപഠിപ്പിക്കണം എന്നതാണ് അവസ്ഥ. ഒ എന്‍ വി, ഡോ. കെ പി ശങ്കരന്‍ , ഡോ. എം ആര്‍ രാഘവവാര്യര്‍ , പി വത്സല, അടൂര്‍ ഗോപാലകൃഷ്ണന്‍ , ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരുള്‍പ്പെട്ട കരിക്കുലം കമ്മിറ്റി രൂപപ്പെടുത്തിയ പാഠങ്ങളാണ് സര്‍ക്കാര്‍ തിരുത്തിയത്. ഈ പ്രഗത്ഭമതികളിരുന്ന സമിതിക്കുപകരം കേരളസര്‍ക്കാര്‍ മറ്റൊരു കരിക്കുലം കമ്മിറ്റിയുണ്ടാക്കി. 44 പേരുള്ള കമ്മിറ്റിയില്‍ 11 പേര്‍ മുസ്ലിംലീഗുകാര്‍! ഈ കമ്മിറ്റിയില്‍ കേരളത്തിന്റെ പൊതുസമൂഹത്തിന് മനസ്സിലാകുന്ന ചുരുക്കം പേരേയുള്ളൂ. ഹൃദയകുമാരി, വി മധുസൂദനന്‍നായര്‍ , കെ പി രാമനുണ്ണി തുടങ്ങിയവര്‍ . ഇതില്‍ , ഹൃദയകുമാരി കരിക്കുലത്തില്‍ നടക്കാനിടയുള്ള അവിഹിതമായ വര്‍ഗീയ-രാഷ്ട്രീയ ഇടപെടലുകള്‍ മനസ്സിലായതോടെ രാജിവച്ചുപോയി. സ്കൂള്‍ ഉടമകളും അക്കാദമിക് പശ്ചാത്തലമില്ലാത്തവരും ഒക്കെയാണ് കമ്മിറ്റിയിലുള്ളത്. പത്താംക്ലാസിലെ "ആധുനികലോകത്തിന്റെ ഉദയം" എന്ന പാഠപുസ്തക അധ്യായം ഇടയ്ക്ക് ഒരു കമ്മിറ്റിയെവച്ച് സര്‍ക്കാര്‍ തിരുത്തിച്ചു. എം ജി എസ് നാരായണന്‍ അധ്യക്ഷനായ കമ്മിറ്റി.
അധ്യക്ഷന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ചരിത്രപാഠം നിശ്ചയിച്ച കമ്മിറ്റിയില്‍ ഒരു ചരിത്രകാരന്‍പോലുമില്ലാത്ത അവസ്ഥ. ഇങ്ങനെ പാഠ്യപദ്ധതി അട്ടിമറിക്കുന്ന അവസ്ഥ അനുവദിക്കാനാകില്ല. പ്രബുദ്ധകേരളം എങ്ങനെ രൂപപ്പെട്ടുവെന്നതിന്റെ നേര്‍പാഠങ്ങള്‍ മനസ്സിലാക്കിയാണ് പുതിയ തലമുറ വളരേണ്ടത്. അവര്‍ക്ക് വികലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന കുറ്റകൃത്യമാണ്. ഇങ്ങനെ വികലപാഠങ്ങള്‍ സൃഷ്ടിക്കുന്നതാകട്ടെ, ചില ജാതി-മത വര്‍ഗീയസംഘടനകളുടെ കല്‍പ്പന പ്രകാരമാണെന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. മതനിരപേക്ഷത ഭരണഘടനാമൂല്യമാണെന്നതുപോലും വിസ്മരിച്ചാണ് സര്‍ക്കാര്‍ ഇടപെട്ട് മതനിരപേക്ഷമൂല്യങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ചോര്‍ത്തുന്നതും അവയെ മതനിരപേക്ഷവിരുദ്ധചിന്തകള്‍കൊണ്ട് പകരംവയ്ക്കുന്നതും. ഇതിലെ ആപത്ത് ജനങ്ങള്‍ തിരിച്ചറിയേണ്ടസമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാത്രം ഇപ്പോള്‍ പറയട്ടെ.
സാംസ്കാരികരംഗത്തിനുനേര്‍ക്ക് നേരത്തേതന്നെ വര്‍ഗീയശക്തികള്‍ അസഹിഷ്ണുതയോടെ കടന്നാക്രമണം നടത്തിവന്നിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയ്ക്കുവേണം ഇന്നത്തെ പുതിയ നീക്കത്തെ കാണാന്‍ . എം എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തിനുനേര്‍ക്ക്, ദീപാമേത്തയുടെ ചലച്ചിത്രത്തിനുനേര്‍ക്ക്, തസ്ലീമ നസ്റീന്റെ പത്രസമ്മേളനത്തിനുനേര്‍ക്ക്, ദിലീപ്കുമാറിന്റെ പുരസ്കാരലബ്ധിക്കുനേര്‍ക്ക്, അലീഷാ ചിനായിയുടെ പോപ്പ് കച്ചേരിയുടെ നേര്‍ക്ക്, ഇര്‍ഫാന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനുനേര്‍ക്ക് ഒക്കെ കായിക ആക്രമണങ്ങള്‍ നടന്നത് മറക്കാറായിട്ടില്ല. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍നിന്ന് ഹുസൈന്റെ ഡോക്യുമെന്ററി പിന്‍വലിപ്പിക്കാന്‍ ഉണ്ടായ സമ്മര്‍ദം നമ്മെ ബോധ്യപ്പെടുത്തുന്നത് വര്‍ഗീയതയുടെ അസഹിഷ്ണുത അറുതിയില്ലാതെ തുടരുന്നുവെന്നാണ്. സാംസ്കാരികലോകത്തിന്റെയും രാഷ്ട്രീയസമൂഹത്തിന്റെയും ജാഗ്രത്തായ ഇടപെടലുകള്‍കൊണ്ടേ ഈ വിപത്തിനെ ഈ ഘട്ടത്തില്‍ത്തന്നെ നേരിടാനും അവസാനിപ്പിക്കാനുമാകൂ.
deshabhimani editorial 021211
സാംസ്കാരികരംഗത്തിനുനേര്‍ക്ക് നേരത്തേതന്നെ വര്‍ഗീയശക്തികള്‍ അസഹിഷ്ണുതയോടെ കടന്നാക്രമണം നടത്തിവന്നിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയ്ക്കുവേണം ഇന്നത്തെ പുതിയ നീക്കത്തെ കാണാന്‍ . എം എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തിനുനേര്‍ക്ക്, ദീപാമേത്തയുടെ ചലച്ചിത്രത്തിനുനേര്‍ക്ക്, തസ്ലീമ നസ്റീന്റെ പത്രസമ്മേളനത്തിനുനേര്‍ക്ക്, ദിലീപ്കുമാറിന്റെ പുരസ്കാരലബ്ധിക്കുനേര്‍ക്ക്, അലീഷാ ചിനായിയുടെ പോപ്പ് കച്ചേരിയുടെ നേര്‍ക്ക്, ഇര്‍ഫാന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനുനേര്‍ക്ക് ഒക്കെ കായിക ആക്രമണങ്ങള്‍ നടന്നത് മറക്കാറായിട്ടില്ല. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍നിന്ന് ഹുസൈന്റെ ഡോക്യുമെന്ററി പിന്‍വലിപ്പിക്കാന്‍ ഉണ്ടായ സമ്മര്‍ദം നമ്മെ ബോധ്യപ്പെടുത്തുന്നത് വര്‍ഗീയതയുടെ അസഹിഷ്ണുത അറുതിയില്ലാതെ തുടരുന്നുവെന്നാണ്. സാംസ്കാരികലോകത്തിന്റെയും രാഷ്ട്രീയസമൂഹത്തിന്റെയും ജാഗ്രത്തായ ഇടപെടലുകള്‍കൊണ്ടേ ഈ വിപത്തിനെ ഈ ഘട്ടത്തില്‍ത്തന്നെ നേരിടാനും അവസാനിപ്പിക്കാനുമാകൂ.
ReplyDelete