Saturday, December 17, 2011

വിപ്ലവ വീര്യം ചോരാതെ കയ്യൂര്‍ പോരാളി


ചെറുവത്തൂര്‍ : "നിനക്ക് ഇന്‍ക്വിലാബ് വിളിക്കാന്‍ അറിയുമോടാ... കാക്കിപ്പടയെ തെല്ലും ഭയക്കാതെ കുറുവാടന്‍ നാരായണന്‍ നായര്‍ മറുപടി പറഞ്ഞു, അറിയാം"- കയ്യൂരില്‍ ബ്രിട്ടീഷ് പൊലീസ് അഴിഞ്ഞാടുമ്പോഴും വിചാരണക്കിടയില്‍ വിപ്ലവകാരി കാട്ടിയ തന്റേടം അധികാരി വര്‍ഗത്തെ അത്ഭുതപ്പെടുത്തി. കര്‍ഷകന് കൂച്ചുവിലങ്ങിടുന്ന ജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പടപൊരുതി കഴുമരമേറിയ നാല് സഹപ്രവര്‍ത്തകരുടെ അണമുറിയാത്ത ഓര്‍മകളുമായി നന്ദാവനത്തെ വീട്ടില്‍ കഴിയുന്ന നാരായണന്‍ നായര്‍ക്ക് ചരിത്രം പറഞ്ഞുതുടങ്ങിയപ്പോള്‍ ആവേശമടക്കാനായില്ല.

കൊടക്കാട്ടെ കര്‍ഷക സമ്മേളനത്തില്‍ ചെങ്കൊടിയേന്തിയെത്തിയ പത്തുവയസുകാരനില്‍നിന്നും കയ്യൂരിലെ കര്‍ഷക പോരാളിയായി മാറിയ ഇദ്ദേഹം സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. സുബ്ബറായന്‍ എന്ന പൊലീസുകാരന്റെ മരണത്തോടെ കര്‍ഷകരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ 17 വയസ്സുള്ള നാരായണന്‍ നായരോടൊപ്പം ജ്യേഷ്ഠന്മാരായ രാമന്‍ നായരും കൃഷ്ണന്‍ നായരും അഴിക്കകത്തായി. വീട്ടില്‍ അമ്മയും നാല് സഹോദരിമാരും തനിച്ചായതോടെ നട്ടുനനച്ച കൃഷിയിടങ്ങള്‍ ജന്മിയുടെ ശിങ്കിടികളും പൊലീസും കൊള്ളയടിച്ചു. 11 മാസത്തെ ജയില്‍വാസത്തിനുശേഷമാണ് സഖാക്കള്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. പോരാട്ടത്തിനിടെ വീട്ടുകാരുടെ ദുരിതങ്ങള്‍ കയ്യൂരിന്റെ പോരാളി വിവരിച്ചു. ജന്മിത്തം തുലയണം.. കൃഷിഭൂമി കൃഷിക്കാരന് നല്‍കണം.. മണ്ണിന്റെ മണമറിഞ്ഞവന്‍ തന്നെ വിളകൊയ്യണം.. സംഭവബഹുലമായ സമര ചരിത്രത്തിലെ മുദ്രാവാക്യങ്ങള്‍ ഈ തൊണ്ണൂറുകാരന്‍ ഓര്‍ത്തെടുത്തു.

പ്രിയപത്നി ഗര്‍ഭിണിയായിരിക്കെയാണ് മുഴക്കോം പന്തല്‍ തീവയ്പ്പ് കേസിനെ തുടര്‍ന്ന് വീണ്ടും ജയിലിലാകുന്നത്. പിലിക്കോടേക്ക് സംഘടിച്ചെത്തിയ ബ്രിട്ടീഷ് പൊലീസ് മരക്കഷണം കൊണ്ട് തലക്കടിച്ച് വീഴ്ത്തിയാണ് അറസ്റ്റ് ചെയ്തത്. മിച്ചഭൂമി സമരം തീക്ഷ്ണമായ വേളയില്‍ ജയില്‍ മോചിതനായി നാട്ടിലെത്തിയ നാരായണന്‍ നായര്‍ കോട്ടമല എസ്റ്റേറ്റിലേക്കുള്ള തൊഴിലാളി പ്രകടനത്തിന്റെ നേതൃനിരയില്‍ നിന്നു. മുദ്രാവാക്യം മുഴക്കിയും കവുങ്ങില്‍ കയറി അടക്ക പറിച്ചും പ്രതിഷേധമറിയിച്ചു. പൊലീസ് വീണ്ടും അറസ്റ്റ് ചെത്തതിനെ തുടര്‍ന്ന് 19 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു. സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമിടയില്‍ 35ാം വയസിലാണ് വിവാഹിതനാകുന്നത്. സി കൃഷ്ണന്‍ നായരുടെ സഹോദരി മാധവിയാണ് സഹധര്‍മിണി. സാവിത്രി, സിപിഐ എം ക്ലായിക്കോട് ലോക്കല്‍ കമ്മിറ്റിയംഗം രാഘവന്‍ , സരസ്വതി, പാര്‍വതി, ദേവകി, കാസര്‍കോട് വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഭാനുമതി എന്നിവരാണ് മക്കള്‍ . വര്‍ഷങ്ങള്‍ക്കിപ്പുറം വിപ്ലവ പ്രസ്ഥാനം കാലിക്കടവില്‍ സമ്മേളിക്കുമ്പോള്‍ കനലെരിയുന്ന ഓര്‍മകള്‍ നെഞ്ചേറ്റി പിന്‍തലമുറയോട് സഖാവിന് പറയാനുള്ളത് ഇത്രമാത്രം.. മണ്ണും വിണ്ണും പുതിയ കാട്ടാളന്മാര്‍ കവര്‍ന്നെടുക്കുമ്പോള്‍ ചെങ്കൊടിയേന്തി കണ്ണിമ പൂട്ടാതെ കാവലിരിക്കണം.
(രജീഷ് വെള്ളാട്ട്)

deshabhimani 171211

1 comment:

  1. "നിനക്ക് ഇന്‍ക്വിലാബ് വിളിക്കാന്‍ അറിയുമോടാ... കാക്കിപ്പടയെ തെല്ലും ഭയക്കാതെ കുറുവാടന്‍ നാരായണന്‍ നായര്‍ മറുപടി പറഞ്ഞു, അറിയാം"- കയ്യൂരില്‍ ബ്രിട്ടീഷ് പൊലീസ് അഴിഞ്ഞാടുമ്പോഴും വിചാരണക്കിടയില്‍ വിപ്ലവകാരി കാട്ടിയ തന്റേടം അധികാരി വര്‍ഗത്തെ അത്ഭുതപ്പെടുത്തി. കര്‍ഷകന് കൂച്ചുവിലങ്ങിടുന്ന ജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പടപൊരുതി കഴുമരമേറിയ നാല് സഹപ്രവര്‍ത്തകരുടെ അണമുറിയാത്ത ഓര്‍മകളുമായി നന്ദാവനത്തെ വീട്ടില്‍ കഴിയുന്ന നാരായണന്‍ നായര്‍ക്ക് ചരിത്രം പറഞ്ഞുതുടങ്ങിയപ്പോള്‍ ആവേശമടക്കാനായില്ല.

    ReplyDelete