Saturday, December 17, 2011

സുശീലാ ഗോപാലന്റെയും എ. കണാരന്റെയും സ്മരണ പുതുക്കുക: സി.പി.ഐ എം

കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന സുശീലാ ഗോപാലന്റെയും എ. കണാരന്റെയും ചരമവാര്‍ഷികം 19 ന് സമുചിതമായി ആചരിക്കണമെന്ന് പാര്‍ട്ടി ഘടകങ്ങളോടും സഖാക്കളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു. സുശീല അന്തരിച്ച് പത്തുവര്‍ഷം പിന്നിടുകയാണ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. തൊഴിലാളി-മഹിളാ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയ അവര്‍ 1971 ല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ രൂപീകരിച്ചതുമുതല്‍ മരണംവരെ അതിന്റെ പ്രസിഡന്റായിരുന്നു. വ്യവസായമന്ത്രി എന്ന നിലയിലും പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ശ്രദ്ധേയമായപ്രവര്‍ത്തനമാണ് സുശീല നടത്തിയത്. കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു എ. കണാരന്‍ വിട്ടുപിരിഞ്ഞുപോയിട്ട് ആറുവര്‍ഷം തികയുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഏതു പ്രതിസന്ധിഘട്ടത്തിലും ഉറച്ചുനിന്നു പോരാടി. പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് അന്തരിച്ചത്.

മുതലാളിത്തത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ത്തന്നെ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. യൂറോപ്പിലും നവ ലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. മുതലാളിത്തം ബദലില്ലാത്ത വ്യവസ്ഥയാണെന്ന വലതുപക്ഷ പ്രചാരകരുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞുവീഴുന്ന തരത്തിലാണ് ഈ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിട്ടുള്ളത്. വര്‍ത്തമാനകാലത്ത് പാര്‍ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ജനങ്ങള്‍ക്കുവേണ്ടി ജീവിതമുഴിഞ്ഞുവച്ച സഖാക്കള്‍ സുശീലാ ഗോപാലന്റെയും എ കണാരന്റെയും ഓര്‍മ്മകള്‍ നമുക്ക് കരുത്തുപകരും. പാര്‍ട്ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങള്‍ നടത്തിയും ദിനാചരണങ്ങള്‍ വിജയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളോടും പാര്‍ട്ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിച്ചു.

deshabhimani 171211

No comments:

Post a Comment