ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആയി ഉയര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തള്ളി. നിലവിലുള്ള 26 ശതമാനം വിദേശനിക്ഷേപം നിലനിര്‍ത്തിയാല്‍ മതിയെന്ന് ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ചെയര്‍മാനായുള്ള സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ , വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ റിപ്പോര്‍ട്ട് അനുമതി നല്‍കുന്നുമുണ്ട്. മാത്രമല്ല ഓഹരിവില്‍പ്പനയിലൂടെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മൂലധനസമാഹരണം നടത്തുന്നതിനെ സമിതി അനുകൂലിക്കുകയാണ്. ഈ രണ്ട് നിര്‍ദേശത്തിലും സിപിഐ എം അംഗം മൊയിനുല് ഹസ്സന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
ബാങ്കിങ് ഭേദഗതി ബില്ലിനെ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ചൊവ്വാഴ്ച പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുമേഖലാ ബാങ്കുകളിലെ ഓഹരി ഉടമകളുടെ വോട്ടിങ് ശതമാനം ഒന്നില്‍നിന്ന് 10 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശം സമിതി തള്ളി. സ്വകാര്യ ബാങ്കുകളിലെ ഓഹരി ഉടമകളുടെ വോട്ടവകാശം 10 ശതമാനമെന്ന പരിധി എടുത്തുകളയണമെന്ന ആവശ്യം തള്ളിയ സമിതി പരിധി 26 ശതമാനമായി ഉയര്‍ത്തുന്നതിന് അനുകൂലമാണ്. എന്നാല്‍ , ആര്‍ബിഐയുടെ കടുത്ത നിയന്ത്രണത്തിലായിരിക്കണം ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
deshabhimani 141211
No comments:
Post a Comment