Wednesday, December 14, 2011

പൊതുമുതല്‍ നശീകരണം: പ്രത്യേക കോടതിക്ക് ശുപാര്‍ശ

പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത് സ്‌റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ടി അസഫലി സര്‍ക്കാരിന് കത്തയച്ചു. ഹര്‍ത്താലിന്റെയൊ ബന്ദിന്റെയൊ പേരില്‍ പൊതു മുതല്‍ നശിപ്പിക്കുന്നവര്‍ക്കും ഇത്തരം സമരങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുമുതലിന് തക്കതുകയോ, ഇരട്ടി തുകയോ ഈടാക്കുന്ന വിധത്തില്‍ പൊതുമുതല്‍ നശീകരണം തടയല്‍ നിയമം ഭേഗദതി ചെയ്യണമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് നഷ്ടത്തിന്റെ വ്യാപ്തിക്കനുസരിച്ച തുക ഈടാക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.

പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനും പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്ന സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതി ചേര്‍ത്തവര്‍ കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ഇവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്ന് കത്തില്‍ പറയുന്നു. പോലീസ് കണ്ടെത്തിയ പ്രതികളല്ല കുറ്റവാളികളെന്ന് കണ്ടെത്തിയാല്‍ ഹര്‍ത്താലിനോ ബന്ദിനോ മറ്റ് സമരങ്ങള്‍ക്കോ ആഹ്വാനം നല്‍കിയവരെ പ്രതി ചേര്‍ക്കണം. ഇവരില്‍ നിന്ന് തുക ഈടാക്കണം. ഇവര്‍ക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കാമെന്നും ഇത്തരത്തില്‍ നിയമവ്യവസ്ഥ ഭേദഗതി ചെയ്യണമെന്നും ഡിജിപി വ്യക്തമാക്കുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ്യൂഷ്ടത്തിന് തുല്യമായ തുകയോ, നഷ്ടത്തിന്റെ ഇരട്ടിയോ ഈടാക്കാം.

പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടത്തിന് തുല്യമായ തുകയോ, നഷ്ടത്തിന്റെ ഇരട്ടിയോ കെട്ടിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കുറ്റവാളികളല്ലെന്ന് കണ്ടെത്തിയാല്‍ തുക തിരിച്ച് നല്‍കാവുന്നതാണെന്നും ഡിജിപി പറയുന്നു. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ കുറയാത്ത യോഗ്യതയുള്ള ജഡ്ജിയെ നിയമിക്കണമെന്നും ഡിജിപി ശിപാര്‍ശ നല്‍കിയിട്ടുണ്ട്.

janayugom 141211

No comments:

Post a Comment