Wednesday, December 14, 2011

തിരുവഞ്ചൂര്‍ പ്രതിക്കൂട്ടില്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരള താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി എജി റിപ്പോര്‍ട്ട് നല്‍കിയതിന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിക്കൂട്ടില്‍ . തമിഴ്നാട് ഉന്നയിക്കുന്ന അതേ വാദങ്ങള്‍ ഹൈക്കോടതിയില്‍ അവതരിപ്പിച്ചതിനു പിന്നില്‍ റവന്യൂമന്ത്രിയാണെന്ന് വ്യക്തമായതോടെയാണിത്. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഈ ഗുരുതരമായ വീഴ്ചയില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും മുഖ്യമന്ത്രിക്കുവേണ്ടി വിജിലന്‍സ് വകുപ്പ് ഏറ്റെടുത്ത മന്ത്രിയുമാണ് തിരുവഞ്ചൂര്‍ . നിസ്സാരകാര്യങ്ങളില്‍പോലും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന തിരുവഞ്ചൂര്‍ ഇക്കാര്യത്തിലും അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടെ വിശ്വസിക്കുന്നു. മന്ത്രി കെ എം മാണി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചു. നിയമവകുപ്പുമായി ആലോചിക്കാതെ റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണ് പോറലേറ്റതെന്നാണ് മാണി പറഞ്ഞത്. ഇത് മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനുമുള്ള മറുപടിയാണ്.

അഡ്വക്കറ്റ് ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ആദ്യം ന്യായീകരിച്ച തിരുവഞ്ചൂര്‍ വിഷയം വിവാദമായപ്പോള്‍ നിമിഷാര്‍ധങ്ങള്‍ക്കുള്ളിലാണ് മലക്കം മറിഞ്ഞത്. പിന്നീട് എജിയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിക്കാനും മടിയുണ്ടായില്ല. എന്നാല്‍ , സര്‍ക്കാര്‍ നിലപാട് മാത്രമാണ് താന്‍ പറഞ്ഞതെന്ന് എജി ആവര്‍ത്തിച്ചു. ഇതോടെ ഏതു മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തതെന്ന് വെളിപ്പെടുത്താന്‍ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം മറുപടി പറയാതെ ഒളിച്ചോടി. സത്യവാങ്മൂലം താന്‍ അറിയാതെയാണ് നല്‍കിയതെന്ന് തിരുവഞ്ചൂര്‍ വീണ്ടും പറഞ്ഞത് കൂടുതല്‍ സംശയത്തിനിടയാക്കി. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂ സെക്രട്ടറി നിവേദിത പി ഹരനാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് വെളിപ്പെട്ടത്. ഇതോടെ മന്ത്രി നഗ്നമായ വിശ്വാസലംഘനവും വഞ്ചനയുമാണ് ജനങ്ങള്‍ക്കുമുന്നില്‍ നടത്തിയതെന്ന് തെളിഞ്ഞു. അഡ്വക്കറ്റ് ജനറലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് പ്രതികരിക്കുന്നതിന്റെ ലക്ഷ്യം തിരുവഞ്ചൂരാണ്. എജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇനി തിരുവഞ്ചൂരിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമോ എന്നാണറിയേണ്ടത്. അങ്ങനെ കോണ്‍ഗ്രസിനകത്ത് ആവശ്യം ഉയര്‍ന്നാലും മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ സംരക്ഷിക്കുമെന്ന് ഉറപ്പാണ്.

മുല്ലപ്പെരിയാര്‍ : സുപ്രീംകോടതി നിലപാട് കേരളത്തിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: മുല്ലപ്പെരിയാര്‍വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാട് കേരളത്തിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പോകാനെത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്ന് കോടതി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ കോടതി തയ്യാറായത്. മുല്ലപ്പെരിയാര്‍വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല. തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. തമിഴ്നാടുമായുള്ള സൗഹൃദം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതാധികാര സമിതിക്ക് ഇന്ന് അപേക്ഷ നല്‍കും: ജോസഫ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച തന്നെ ഉന്നതാധികാര സമിതിക്ക് കേരളം അപേക്ഷ നല്‍കുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഉന്നതാധികാര സമിതിയില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് പുതിയ അപേക്ഷ. ഉന്നതാധികാര സമിതി 23ന് അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത്രയും കാക്കാന്‍ സമയമില്ലെന്ന് ജോസഫ് പറഞ്ഞു.
ഭൂചലനം ആര്‍ക്കുംവേണ്ടി കാത്തിരിക്കില്ല. റൂര്‍ക്കി ഐഐടിയുടെയും ഡല്‍ഹി ഐഐടിയുടെയും പഠനറിപ്പോര്‍ട്ടുകളുടെ വിശദാംശം കോടതിയില്‍ സമര്‍പ്പിച്ചതാണ്. ഇത് കോടതി പരിഗണിക്കേണ്ടതായിരുന്നു. ഉന്നതാധികാരസമിതിക്കും ഈ രേഖകള്‍ നല്‍കും. ഭൂചലനത്തെക്കുറിച്ച് പഠിക്കുന്നതിന് അണക്കെട്ടുവരെ പോകേണ്ടതില്ല. വിവരങ്ങളെല്ലാം വിദഗ്ധരുടെ റിപ്പോര്‍ട്ടുകളില്‍നിന്ന് ലഭ്യമാകും. എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുകയാണ് വേണ്ടത്. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞ് പറഞ്ഞിട്ടുകാര്യമില്ല. മാപിനിയില്‍ ആറില്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ അപകടമാണെന്ന് ഐഐടി റിപ്പോര്‍ട്ടുണ്ട്. 28 തവണ ഭൂചലനമുണ്ടായി. 1979ല്‍ കേന്ദ്ര കമീഷന്‍ നിര്‍ദേശപ്രകാരമാണ് ജലനിരപ്പ് 136 അടിയാക്കണമെന്ന് പറഞ്ഞത്. അണക്കെട്ടിന്റെ സ്ഥിതി മോശമാണെന്ന് കണ്ടായിരുന്നു നിര്‍ദേശം. അടിയന്തരമായി ഇടപെടണമെന്ന് കേരളം ഉന്നതാധികാരസമിതിയില്‍ ആവശ്യപ്പെടും. നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത നടപടി തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച: ജി വിജയാനന്ദ് (വണ്ടിപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍)

കുമളി: ജലനിരപ്പ് 120 അടിയായി കുറയ്ക്കാനുള്ള അടിയന്തര സാഹചര്യമില്ലെന്ന കോടതി വിധി യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച മൂലമാണ്. പഴഞ്ചന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലപ്പഴക്കവും ശക്തമായ ഭൂചലന സാധ്യതയും കണക്കിലെടുക്കുമ്പോള്‍ അണക്കെട്ടിന് ദുരന്ത സാധ്യത ഏറെയാണ്. ഈ കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കോടതി വിധി തെളിയിക്കുന്നത്.

ഇടുക്കി താങ്ങുമെന്ന സര്‍ക്കാര്‍ നിലപാട് തിരിച്ചടിയായി: എസ് രാജേന്ദ്രന്‍

ഇടുക്കി: സര്‍ക്കാര്‍ വാദം ദുര്‍ബലമായത് 40 ലക്ഷം ജനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് സുപ്രീംകോടതിവിധി പരാമര്‍ശിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. 40 ലക്ഷം ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിക്ക് നിദാനമായ വിധി വന്നത് സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ്. കേരളത്തിന്റെ വാദം ദുര്‍ബലമായിരുന്നു. എത്ര വെള്ളം വന്നാലും ഇടുക്കി ഡാമിന് താങ്ങാന്‍ കഴിയുമെന്ന സര്‍ക്കാര്‍ നിലപാടാണ് നമുക്കെതിരായത്. തമിഴ്നാടിന്റെ വാദഗതികളെ അനുകൂലിക്കുന്ന നിലപാടാണ് കേരളവും സ്വീകരിച്ചത്.

അനാസ്ഥയുടെ ഫലം: ഇ എസ് ബിജിമോള്‍

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണ് കോടതി വിധിയിലൂടെ തെളിഞ്ഞത്. തുടര്‍ച്ചയായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷ മുന്നില്‍കണ്ട് അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന് കേരളം ഒറ്റമനസ്സോടെ ആവശ്യപ്പെട്ടത്. എന്നാല്‍ , ജനങ്ങളുടെ വികാരവും പ്രശ്നത്തിന്റെ അടിയന്തര പ്രാധാന്യവും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരള ജനതയുടെ താത്പര്യം സംരക്ഷിക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു.

ഇടുക്കി സഹകരണമേഖലയില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കി മുല്ലപ്പെരിയാര്‍പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ 15ന് സഹകരണമേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കും. സഹകരണമേഖലയിലെ ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇതോടൊപ്പം ഐക്യദാര്‍ഢ്യദിനാചരണവും ബാഡ്ജ് ധാരണവും നടത്തുമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ഭാരവാഹികള്‍ അറിയിച്ചു. 15ന് രാവിലെ കട്ടപ്പനയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് ചപ്പാത്തിലും വണ്ടിപ്പെരിയാറിലും സമരകേന്ദ്രങ്ങളില്‍ വൈകുന്നേവരംവരെ ഉപവാസം നടത്തും. സമരം വന്‍ വിജയമാക്കണമെന്ന് മുഴുവന്‍ സഹകരണ ജീവനക്കാരോടും എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചു.

deshabhimani 141211

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേരള താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി എജി റിപ്പോര്‍ട്ട് നല്‍കിയതിന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിക്കൂട്ടില്‍ . തമിഴ്നാട് ഉന്നയിക്കുന്ന അതേ വാദങ്ങള്‍ ഹൈക്കോടതിയില്‍ അവതരിപ്പിച്ചതിനു പിന്നില്‍ റവന്യൂമന്ത്രിയാണെന്ന് വ്യക്തമായതോടെയാണിത്. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഈ ഗുരുതരമായ വീഴ്ചയില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും മുഖ്യമന്ത്രിക്കുവേണ്ടി വിജിലന്‍സ് വകുപ്പ് ഏറ്റെടുത്ത മന്ത്രിയുമാണ് തിരുവഞ്ചൂര്‍ . നിസ്സാരകാര്യങ്ങളില്‍പോലും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന തിരുവഞ്ചൂര്‍ ഇക്കാര്യത്തിലും അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടെ വിശ്വസിക്കുന്നു. മന്ത്രി കെ എം മാണി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചു. നിയമവകുപ്പുമായി ആലോചിക്കാതെ റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണ് പോറലേറ്റതെന്നാണ് മാണി പറഞ്ഞത്. ഇത് മുഖ്യമന്ത്രിക്കും തിരുവഞ്ചൂരിനുമുള്ള മറുപടിയാണ്.

    ReplyDelete