Saturday, December 17, 2011

ലോക്പാല്‍ : സംവരണം വച്ച് ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍

ലോക്പാല്‍ ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ അടുത്തയാഴ്ചത്തെ കാര്യപരിപാടിയില്‍ ലോക്പാല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ലോക്സഭയില്‍ അറിയിച്ചു. ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാനും ലോക്സഭ ഒരുദിവസം കൂടി നീട്ടാനുമാണ് ധാരണ. എന്നാല്‍ , ബില്‍ അവതരിപ്പിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമം. പാസാക്കാമെന്ന ഉറപ്പില്ല. പാസാകാതിരിക്കാനുള്ള തന്ത്രം മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. ലോക്പാലിലും തെരഞ്ഞെടുപ്പു സമിതിയിലും 50 ശതമാനം സംവരണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ധാരണ. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കും. പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി എന്നിവര്‍ക്കാണ് 50 ശതമാനം സംവരണം. ഇത് കടുത്ത ഭിന്നിപ്പിനിടയാക്കുമെന്നു കരുതുന്ന സര്‍ക്കാര്‍ അത്തരത്തിലൊരു ബില്‍ വന്നാല്‍ അതിനെ ചോദ്യംചെയ്ത് കോടതിയില്‍ കേസുവരുമെന്നും കരുതുന്നു. മറ്റൊരു ഭരണഘടനാ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല. ഒരുഭാഗത്ത് തങ്ങള്‍ ലോക്പാല്‍ നിയമം കൊണ്ടുവരാന്‍ സന്നദ്ധരാണെന്നു പറയുമ്പോള്‍ മറുഭാഗത്തുകൂടി അതിനെ അട്ടിമറിക്കുകയാണ്. ഇപ്പോള്‍ആലോചിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെങ്കില്‍ വനിതാബില്ലിന്റെ ഗതിയായിരിക്കും ലോക്പാലിനും.

കഴിഞ്ഞദിവസം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാന പാര്‍ടികളെല്ലാം തര്‍ക്കമുള്ള പ്രശ്നങ്ങളില്‍ സമവായത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിയെ ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരാനും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനും ധാരണയായി. സിബിഐയുടെ അന്വേഷണവിഭാഗത്തെ ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരുന്നതിനോടും കൂടുതല്‍ പാര്‍ട്ടികളും യോജിപ്പ് രേഖപ്പെടുത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. സിബിഐ അഴിമതി അന്വേഷണവിഭാഗം പൂര്‍ണമായും ലോക്പാലിന്റെ കീഴിലാകുന്നതിനെതിരെ സിബിഐ ഡയറക്ടര്‍ തന്നെ പ്രധാനമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചു. സിബിഐയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് പ്രധാന രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ളത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്നാണ് അണ്ണ ഹസാരെ സംഘം അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജയില്‍ നിറയ്ക്കുമെന്നുമാണ് സംഘത്തിന്റെ മുന്നറിയിപ്പ്. ബില്‍ ഏറ്റവും പെട്ടെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കണമെന്നാണ് ഇടതുപക്ഷ പാര്‍ടികളുടെയും അഭിപ്രായം. അഴിമതി അന്വേഷണത്തിന് ശക്തമായ സംവിധാനമില്ലാത്തത് രാജ്യത്തെ പല കൊള്ളകളും പിടിക്കപ്പെടാതെ പോകുന്നു.
(ദിനേശ്വര്‍മ)

deshabhimani 171211

1 comment:

  1. ലോക്പാല്‍ ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ അടുത്തയാഴ്ചത്തെ കാര്യപരിപാടിയില്‍ ലോക്പാല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ലോക്സഭയില്‍ അറിയിച്ചു. ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാനും ലോക്സഭ ഒരുദിവസം കൂടി നീട്ടാനുമാണ് ധാരണ. എന്നാല്‍ , ബില്‍ അവതരിപ്പിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമം

    ReplyDelete