Saturday, December 17, 2011

കുടുംബശ്രീ തെരഞ്ഞെടുപ്പ് ഭരണഘടനാനുസൃതമാകണം


സിപിഐ എം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐ എം ജില്ലാ സമ്മേളനം ശനിയാഴ്ച സമാപിക്കും. സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി. പേരൂര്‍ക്കട സദാശിവന്‍ -ആര്‍ പരമേശ്വരന്‍പിള്ള നഗറില്‍ (എ കെ ജി ഹാള്‍) വ്യാഴാഴ്ച സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദനാണ് മൂന്നുദിവസത്തെ സമ്മേളനം ഉദ്ഘാടനംചെയ്തത്. വി എസ് അച്യുതാനന്ദന്‍ , സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം എ ബേബി, എ വിജയരാഘവന്‍ , ഇ പി ജയരാജന്‍ , എം സി ജോസഫൈന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നു. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ പൊതുചര്‍ച്ച പൂര്‍ത്തിയായി. 41 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വെള്ളിയാഴ്ച കെ എം ലാജി, എസ് തങ്കമണി, കെ ആര്‍ ബിജു (വര്‍ക്കല), വി എന്‍ മുരളി, സി ലെനിന്‍ (വഞ്ചിയൂര്‍), എസ് എ സുന്ദര്‍ , എസ് പുഷ്പലത (ചാല), എ എ റഹീം, എസ് അനില്‍ (വെഞ്ഞാറമൂട്), വി എസ് അനൂപ്, ബി ബിജു, വി അമ്പിളി (പേരൂര്‍ക്കട), മധൂസൂദനക്കുറുപ്പ്, ജയചന്ദ്രന്‍(കിളിമാനൂര്‍), സി പ്രസന്നകുമാര്‍ (പാളയം), ടി എല്‍ രാജി (വെള്ളറട), ആര്‍ ശിവജി (വിളപ്പില്‍), സു രേഷ്കുമാര്‍ (നേമം), വി സതീശന്‍ (നെടുമങ്ങാട്), വിനീത് ഗോവിന്ദ് (കാട്ടാക്കട), വി ജോയി (ആറ്റിങ്ങല്‍), വിനോദ് വൈശാഖി (കോവളം), രാജേന്ദ്രന്‍ (നെയ്യാറ്റിന്‍കര), വി എസ് ബിനു (പാറശാല), എം എസ് സംഗീത, ജി വിനോദ് (കഴക്കൂട്ടം), ഇ ജയരാജന്‍ (വിതുര), വിദ്യാധരന്‍ കാണി (ആദിവാസി ക്ഷേമസമി തി), ഡി മോഹനന്‍ (ട്രേഡ് യൂണിയന്‍ പ്രത്യേക യൂണിറ്റ്), കെ എന്‍ ഗംഗാധരന്‍ , പി വി അനില്‍ (ഡി സി ബ്രാഞ്ച്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശനിയാഴ്ച പ്രതിനിധി സമ്മേളനം തുടരും. രാവിലെ 10ന് പൊതുചര്‍ച്ചയ്ക്ക് മറുപടി പറയും. തുടര്‍ന്ന് നേതാക്കളുടെ അഭിവാദ്യപ്രസംഗങ്ങള്‍ പ്രമേയങ്ങളും അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.

കുടുംബശ്രീ തെരഞ്ഞെടുപ്പ് ഭരണഘടനാനുസൃതമാകണം

കുടുംബശ്രീയുടെ ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തി ഭരണഘടനാനുസൃതമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇടപെട്ട് ജനശ്രീ സംഘങ്ങള്‍ക്ക് അനധികൃതമായി അഫിലിയേഷന്‍ നല്‍കാനും,തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നു. നവംബറില്‍ നടക്കേണ്ട സിഡിഎസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത ജനുവരിയിലേക്ക് നീട്ടിയത് ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് അനുകൂല പഞ്ചായത്ത് ഭരണ സമിതികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കുടുംബശ്രീ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണം. നിര്‍ഭയം ഭരണഘടനാനുസൃതമായി തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നേട്ടം ജനശ്രീയിലേക്ക് വഴിതിരിച്ചുവിട്ട് ഔദ്യോഗിക ദാരിദ്രനിര്‍മാര്‍ജന പദ്ധതിയായ കുടുംബശ്രീയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ സംസ്ഥാനത്ത്് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ലഭിക്കുന്ന സഹായം തട്ടിയെടുക്കാനാണ് ജനശ്രീ മിഷന്റെ നീക്കമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

നേമം റെയില്‍വേ വര്‍ക്ക്ഷോപ്പ് യാഥാര്‍ഥ്യമാക്കണം

നേമത്ത് റെയില്‍വേയുടെ ഓവര്‍റോളിങ് വര്‍ക്ക്ഷോപ്പ് യാഥാര്‍ഥ്യമാക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റെയില്‍വേയ്ക്ക് 30 ഏക്കറോളം ഭൂമി നേമത്തുണ്ട്. നെയ്യാര്‍ഡാമില്‍നിന്നും കരമനയാറ്റില്‍നിന്നും ആവശ്യത്തിന് വെള്ളവും ലഭ്യമാക്കാവുന്നതാണ്. പദ്ധതി നടപ്പാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം. തലസ്ഥാന നഗരത്തിലെ കുടിവെള്ള ആവശ്യം നിറവേറ്റാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും യോജിച്ച് അണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു. വെള്ളായണി, ആക്കുളം കായലുകള്‍ ബന്ധപ്പെടുത്തി കുടിവെള്ളപദ്ധതി ആരംഭിക്കണം.

ഭക്ഷ്യസുരക്ഷ ബില്‍ പിന്‍വലിക്കണം

പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള ഭക്ഷ്യസുരക്ഷ ബില്‍ പിന്‍വലിക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാര്‍വത്രിക റേഷന്‍ വിതരണം ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ബില്‍ ഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഭക്ഷ്യധാന്യം നിഷേധിക്കുന്ന സ്ഥിതി സംജാതമാക്കും. സാര്‍വത്രിക റേഷന്‍ വിതരണത്തിലൂടെ പ്രതിമാസം കുറഞ്ഞത് 35 കിലോഗ്രാം ഭക്ഷ്യധാന്യം രണ്ടുരൂപ നിരക്കില്‍ ലഭ്യമാക്കണം. കേന്ദ്ര സര്‍ക്കാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ 9.5 ശതമാനത്തില്‍നിന്ന് 8.5 ആയി കുറയ്ക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

deshabhimani 171211

1 comment:

  1. കുടുംബശ്രീയുടെ ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തി ഭരണഘടനാനുസൃതമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇടപെട്ട് ജനശ്രീ സംഘങ്ങള്‍ക്ക് അനധികൃതമായി അഫിലിയേഷന്‍ നല്‍കാനും,തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നു. നവംബറില്‍ നടക്കേണ്ട സിഡിഎസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത ജനുവരിയിലേക്ക് നീട്ടിയത് ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് അനുകൂല പഞ്ചായത്ത് ഭരണ സമിതികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കുടുംബശ്രീ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണം.

    ReplyDelete