Friday, December 16, 2011

പുസ്തകമേള മാറ്റാനാകില്ലെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പുസ്തകമേള നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉള്ളതിനാല്‍ തൃശൂരില്‍ നിശ്ചയിച്ച പുസ്തകമേള മാറ്റിവയ്ക്കാനാവില്ലെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍ പറഞ്ഞു. ഇതേ തീയതിയില്‍ തൃശൂരില്‍ പുസ്തകമേള നിശ്ചയിച്ച സാഹിത്യ അക്കാദമിക്ക് അത് മാറ്റിവയ്ക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പതിവായി നടത്തുന്ന കോഴിക്കോടുതന്നെയാണ് മേള നടത്തേണ്ടതെന്ന് സാഹിത്യഅക്കാദമി വൈസ് ചെയര്‍മാന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. അവിടെ സ്ഥലം കിട്ടിയില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് സാംസ്കാരിക സ്ഥാപനങ്ങള്‍ തൃശൂരില്‍ മത്സരിച്ച് ഒരേസമയം പുസ്തകമേള നടത്തുന്നുവെന്ന ദേശാഭിമാനി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പുസ്തകമേള ജനുവരി 15നകം നടത്തേണ്ടതുള്ളതിനാലാണ് നാലുമുതല്‍ 13 വരെ മേള നിശ്ചയിച്ചതെന്ന് തമ്പാന്‍ പറഞ്ഞു. 2007 മുതല്‍ കോഴിക്കോട് നടത്തിയിരുന്ന മേള, സ്റ്റേഡിയം നവീകരണം നടക്കുന്നതിനാലാണ് തൃശൂരിലേക്കു മാറ്റിയത്. സാഹിത്യ അക്കാദമിയുടെ മേളയെക്കുറിച്ച് സര്‍ക്കാരിനെ അറിയിക്കാതിരുന്നതിനാലാണ് ഇതേ തീയതിയില്‍തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് മേളയും നടക്കാനിടയായത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനി സൗജന്യമായി ലഭിക്കുകയും ചെയ്തു. എട്ടരലക്ഷം രൂപയുടെ സൗജന്യമാണ് ഇതുവഴി ഉണ്ടാകുന്നത്. വര്‍ഷങ്ങളായി പുസ്തകമേള നടത്താതിരുന്ന സാഹിത്യ അക്കാദമി ഈ വര്‍ഷം മേള നടത്തുമെന്നു പ്രതീക്ഷിച്ചില്ല. നടപടി പൂര്‍ത്തിയായപ്പോഴാണ് അക്കാദമിയുടെ പുസ്തകമേളയെക്കുറിച്ച് അറിഞ്ഞത്. സാഹിത്യ അക്കാദമിയുടെ മേള സംബന്ധിച്ച ആലോചനായോഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി പങ്കെടുത്തുവെന്നത് തെറ്റാണെന്നും ഇദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമിയുടെ ആസ്ഥാനമായ തൃശൂരില്‍ പുസ്തകമേള നടത്താനൊരുങ്ങുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അക്കാദമിയുമായി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലോചിക്കാമായിരുന്നുവെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. അക്കാദമിയുടെ സാംസ്കാരിക ജാഥാപരിപാടിമൂലമാണ് പതിവായി നടത്തിവന്ന പുസ്തകമേള കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്താതിരുന്നത്. ജാഥ അവസാനിച്ച സാഹചര്യത്തില്‍ വീണ്ടും മേള നിശ്ചയിക്കുകയായിരുന്നു. ഇതു മുന്‍കൂട്ടി നിശ്ചയിച്ച് പ്രവര്‍ത്തന കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തൃശൂരില്‍ മേള നടത്താനൊരുങ്ങുമ്പോള്‍ അക്കാദമിയോട് അന്വേഷിക്കേണ്ട ബാധ്യത ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമിയുടെ മുഴുവന്‍ കാര്യങ്ങളും സര്‍ക്കാരിനെ ധരിപ്പിക്കുന്ന കീഴ്വഴക്കമില്ലെന്ന് പുസ്തകമേളയെക്കുറിച്ച് സര്‍ക്കാരിനെ ധരിപ്പിച്ചില്ലെന്ന ഡോ. തമ്പാന്റെ ആക്ഷേപത്തെക്കുറിച്ച് അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണനും പ്രതികരിച്ചു.

deshabhimani 161211

1 comment:

  1. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പുസ്തകമേള നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉള്ളതിനാല്‍ തൃശൂരില്‍ നിശ്ചയിച്ച പുസ്തകമേള മാറ്റിവയ്ക്കാനാവില്ലെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍ പറഞ്ഞു. ഇതേ തീയതിയില്‍ തൃശൂരില്‍ പുസ്തകമേള നിശ്ചയിച്ച സാഹിത്യ അക്കാദമിക്ക് അത് മാറ്റിവയ്ക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പതിവായി നടത്തുന്ന കോഴിക്കോടുതന്നെയാണ് മേള നടത്തേണ്ടതെന്ന് സാഹിത്യഅക്കാദമി വൈസ് ചെയര്‍മാന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. അവിടെ സ്ഥലം കിട്ടിയില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് സാംസ്കാരിക സ്ഥാപനങ്ങള്‍ തൃശൂരില്‍ മത്സരിച്ച് ഒരേസമയം പുസ്തകമേള നടത്തുന്നുവെന്ന ദേശാഭിമാനി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

    ReplyDelete