Tuesday, December 20, 2011

ഉമ്മന്‍ചാണ്ടി മടങ്ങിയത് വെറുംകൈയോടെ: രാത്രിയാത്ര നിരോധനം തുടരും


കല്‍പ്പറ്റ: രാത്രിയാത്ര നിരോധനം പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും നടത്തിയ ബംഗളൂരു സന്ദര്‍ശനംകൊണ്ട് സാധിച്ചില്ല. സമയം ദീര്‍ഘിപ്പിക്കില്ല എന്ന് നേരത്തെതന്നെ കര്‍ണാടക വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരിക്കെ പുതിയ തീരുമാനങ്ങള്‍ ഉണ്ടാക്കാനോ നിരോധനം പിന്‍വലിപ്പിക്കുന്നതിന് അനുകൂലമായി കര്‍ണാടകയെക്കൊണ്ട് ചിന്തിപ്പിക്കാനോ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ഉറപ്പുകളൊന്നും ലഭിക്കാതെയുള്ള മടക്കം ഭരണപരാജയമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബദല്‍പാതയ്ക്കുവേണ്ടിയുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടതോടെ നിരോധനം പിന്‍വലിക്കണമെന്ന് കേരളം എടുത്തിരുന്ന നിലാപടില്‍നിന്നുള്ള പിന്നാക്കംപോകലായി. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിലും കേരളത്തിന് ശക്തമായ നിലപാട് എടുക്കാന്‍ ഇതിലൂടെ സാധിക്കാതെവരാം.

സുപ്രീംകോടതിയിലെ കേസ് കഴിഞ്ഞാല്‍ നിരോധനം നീക്കുമെന്ന് പറഞ്ഞ കര്‍ണാടക മുഖ്യമന്ത്രി വിധി അനുകൂലമാണെങ്കില്‍ എന്തുചെയ്യുമെന്ന് വ്യക്തമാക്കിയതുമില്ല. ഇതിനെ മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരുകളെക്കൊണ്ട് സാധിക്കില്ല. ബദല്‍ റോഡായി നിര്‍ദേശിപ്പിക്കപ്പെട്ട ഗുണ്ടല്‍പ്പേട്ട- ഹുന്‍സൂര്‍ - കുട്ട- മാനന്തവാടി റോഡ് പുതിയതല്ല. ഇത് വിപുലപ്പെടുത്തി ബദല്‍റോഡായി അംഗീകരിച്ച് ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ ബന്ദിപ്പൂര്‍ വഴിയുള്ള യാത്ര അനിവാര്യമല്ല എന്ന് ത്വത്തില്‍ അംഗീകരിച്ചുകൊടുക്കലായിരിക്കും ഫലം.
കര്‍ണാടക മുഖ്യമന്ത്രി ഡി വി സദാന്ദഗൗഡയുമായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി കെ ജയലക്ഷ്മി, എംപിമാരായ എം കെ രാഘവന്‍ , എം ഐ ഷാനവാസ്, എംഎല്‍എമാരായ എം വി ശ്രേയാംസ്കുമാര്‍ , ഐ സി ബാലകൃഷ്ണന്‍ എന്നിവരാണ് ബംഗളൂരുവില്‍ ചര്‍ച്ച നടത്തിയത്. നേരത്തെ വയനാട്ടിലെ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി കേന്ദ്രമന്ത്രി ജയന്തിനടരാജനുമായി ചര്‍ച്ച നടത്തിയപ്പോള്‍ സുപ്രീംകോടതിയിലുള്ള കേസില്‍ തമിഴ്നാട്, കര്‍ണാടക, കേരള സര്‍ക്കാരുകളെക്കൊണ്ട് സംയുക്തസത്യവാങ്മൂലം നല്‍കിപ്പിക്കാന്‍ ഇടപെടാമെന്ന് മന്ത്രി സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനനുകൂലമായി കര്‍ണാടകയുടെ സമ്മതം വാങ്ങാനും മുഖ്യമന്ത്രിക്കും സംഘത്തിനും സാധിച്ചില്ല. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് കോടിയില്‍ അനുകൂലമായ നിലപാടെടുപ്പിക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിക്ക് ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍നിന്ന് ഇതിനപ്പുറമുള്ള തീരുമാനമെടുപ്പിക്കാന്‍ സാധിക്കില്ല. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് പോയപ്പോള്‍ തട്ടിക്കൂട്ടിയ ചര്‍ച്ചയ്ക്കപ്പുറം കേരളത്തിന്റെ പൊതുആവശ്യമെന്ന വികാരത്തില്‍ വിഷയം കര്‍ണാടകയെ ബോധ്യപ്പെടുത്താനും സാധിച്ചില്ല.

ബന്ദിപ്പൂര്‍ വനമേഖലയില്‍ വരുന്ന ഗുണ്ടല്‍പ്പേട്ട്- ബത്തേരി ദേശീയപാത 212, നാഗര്‍ഹോള രാജീവ്ഗാന്ധി ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന മാനന്തവാടി- ബാവലി- മൈസൂരു ദേശീയപാത 67 എന്നിവിടങ്ങളില്‍ 2009 ആഗസ്ത് മാസത്തിലാണ് രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ യാത്രനിരോധിച്ചത്. ബാവലി - മൈസൂരു റൂട്ടില്‍ വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ് നിരോധനം. രണ്ടുവര്‍ഷം കഴിയുന്ന നിരോധനം നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിപ്പിക്കണം എന്ന ആവശ്യംപോലും കേന്ദ്രസര്‍ക്കാരിനുമുമ്പില്‍ വെക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. വാഗ്ദാനങ്ങള്‍ നിരത്തിയ വയനാട് എംപിയും ഒന്നുംചെയ്തില്ല.

deshabhimani 201211

1 comment:

  1. രാത്രിയാത്ര നിരോധനം പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും നടത്തിയ ബംഗളൂരു സന്ദര്‍ശനംകൊണ്ട് സാധിച്ചില്ല. സമയം ദീര്‍ഘിപ്പിക്കില്ല എന്ന് നേരത്തെതന്നെ കര്‍ണാടക വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരിക്കെ പുതിയ തീരുമാനങ്ങള്‍ ഉണ്ടാക്കാനോ നിരോധനം പിന്‍വലിപ്പിക്കുന്നതിന് അനുകൂലമായി കര്‍ണാടകയെക്കൊണ്ട് ചിന്തിപ്പിക്കാനോ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ഉറപ്പുകളൊന്നും ലഭിക്കാതെയുള്ള മടക്കം ഭരണപരാജയമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബദല്‍പാതയ്ക്കുവേണ്ടിയുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടതോടെ നിരോധനം പിന്‍വലിക്കണമെന്ന് കേരളം എടുത്തിരുന്ന നിലാപടില്‍നിന്നുള്ള പിന്നാക്കംപോകലായി. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിലും കേരളത്തിന് ശക്തമായ നിലപാട് എടുക്കാന്‍ ഇതിലൂടെ സാധിക്കാതെവരാം.

    ReplyDelete