Tuesday, December 20, 2011

പോരാട്ടവീഥിയില്‍ കനല്‍ പകര്‍ന്ന്


എടക്കര: ജീവിതംതന്നെ പോരാട്ടവും പോരാട്ടം ജീവിതവുമാക്കിയ ധീരവിപ്ലവകാരി സ. കുഞ്ഞാലിയുടെ ഓര്‍മ മലയോരത്തെ ഓരോരുത്തരിലും ഇന്നും തുടിക്കുന്നു. സ്വതന്ത്രഭാരതത്തില്‍ ആദ്യമായി കൊലചെയ്യപ്പെട്ട നിയമസഭാസാമാജികനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മലയോരത്ത് തോട്ടംതൊഴിലാളി സമരം നടന്നത്. ആ സമരങ്ങള്‍ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കി. വഴിക്കടവിലെ ബിര്‍ളാ എസ്റ്റേറ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രക്ഷോഭങ്ങള്‍ . അധികാരികളുടെ ആജ്ഞാശക്തിയില്‍ പേടിയുടെ മാളത്തിലൊളിച്ച തോട്ടം തൊഴിലാളികള്‍ക്കിടയില്‍ കുഞ്ഞാലിയുവരവ് പുത്തനുണര്‍വ് പകര്‍ന്നു. ഉടമകളുടെ ദുഷ്ചെയ്തികളെ ആ ധീരമനസ്സ് നിരന്തരം ചോദ്യംചെയ്തു. മൂര്‍ച്ചയേറിയ മറുപടികളോടെ പ്രമാണിമാരുടെ ഉള്ളംപൊള്ളിച്ചു. തൊഴിലാളികളുടെ ചെറിയ പ്രശ്നങ്ങളില്‍പ്പോലും അദ്ദേഹം ഇടപെട്ടു. അവര്‍ക്ക് കരുത്തിന്റെ ആള്‍രൂപമായി നടക്കാന്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. അങ്ങനെ അപരിഷ്കൃതമെന്നു കരുതിയ ഒരു ദേശത്തെ സ. കുഞ്ഞാലി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചു.

ചുങ്കത്തറ, വഴിക്കടവ്, എടക്കര പ്രദേശങ്ങളില്‍ ജന്മിമാരുടെ തേര്‍വാഴ്ചയായിരുന്നു. അവരുടെ മുഷ്കില്‍ പകയ്ക്കാതെ കുഞ്ഞാലിയുടെ നേതൃത്വത്തില്‍ തരിശ്ഭൂമി കൈയേറിയുള്ള സമരങ്ങള്‍ നടന്നു. അക്കാലത്ത് കോണ്‍ഗ്രസ് ഭരിച്ച മദ്രാസ് സര്‍ക്കാര്‍ വ്യാപകമായ ആക്രമണമാണ് സമരക്കാര്‍ക്കുനേരെ അഴിച്ചുവിട്ടത്. നിരവധി കേസുകളും ചുമത്തി. സ. കുഞ്ഞാലിയോടൊപ്പം ചുങ്കത്തറയിലെ കുഞ്ഞികൃഷ്ണന്‍ , ഡോ. ഉസ്മാന്‍ , കുഞ്ഞിക്കുട്ടന്‍ തമ്പാന്‍ തുടങ്ങിയവരും നേതൃനിരയിലുണ്ടായിരുന്നു. ഭൂരഹിതരായ നിരവധിപേര്‍ക്ക് മണ്ണിന്റെ മേല്‍ അവകാശം സ്ഥാപിച്ച കര്‍ഷകപ്രക്ഷോഭത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മലയോരത്തുണ്ടായത്. കിഴക്കനേറനാട്ടിലെ മുഴുവന്‍ ഭൂമിയുടെയും അവകാശികളായിരുന്ന നിലമ്പൂര്‍ കോവിലകം തമ്പുരാക്കന്‍മാരും തമ്പുരാട്ടിമാരും എഴുതിനല്‍കുന്ന തുണ്ടുകടലാസുകളും വാക്കാലുള്ള സമ്മതവുമായിരുന്നു അന്നത്തെ ഭൂമികൈമാറ്റരേഖകള്‍ .

1960കളിലാണ് പോത്തുകല്ല് തലപ്പാലിപ്പൊട്ടി കൈയേറ്റസമരം തുടങ്ങിയത്. ഉപ്പടമൂസ, ചോഴി, ആനപ്പട്ടത്ത് ഇത്തീമ, കെ ആലിക്കുട്ടി, വി ഡി റോസ എന്നിവരെല്ലാം ഈ സമരത്തില്‍ സ. കുഞ്ഞാലിക്കൊപ്പം അണിനിരന്ന വളന്റിയര്‍മാരാണ്. പാതാര്‍ , വെള്ളിമുറ്റം, മുരുകാഞ്ഞിരം, മുട്ടിപ്പാലം പ്രദേശങ്ങള്‍ ജനവാസ കേന്ദ്രമായത് കൈയേറ്റസമരം മൂലമാണ്. ഒന്നുമില്ലായ്മയില്‍നിന്ന് ഒരു ഗ്രാമം തന്നെ പടുത്തുയര്‍ത്തിയ സമരങ്ങളായിരുന്നു അത്. വഴിക്കടവ് ബിര്‍ള എസ്റ്റേറ്റ് തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശ പോരാട്ടങ്ങള്‍ ആരംഭിച്ചതിന് മൂന്നുതവണ സ. കുഞ്ഞാലിയെ കൊലപ്പെടുത്താന്‍ വര്‍ഗശത്രുക്കള്‍ ശ്രമിച്ചു. വന്‍കിട ഭൂവുടമകളും ജന്മിമാരും തങ്ങളുടെ സൈ്വരവിഹാരത്തിന് കുഞ്ഞാലി തടസ്സമാവുകയാണെന്ന് തിരിച്ചറിഞ്ഞ് വകവരുത്താന്‍ സമയം പാര്‍ത്തിരിക്കുകയായിരുന്നു. അവരുടെ വാലാട്ടികളായ കോണ്‍ഗ്രസുകാരുടെ സഹായത്തോടെ മഴപെയ്ത് തോര്‍ന്ന ഒരു സന്ധ്യയില്‍ 1969 ജൂലൈ 26ന് അവര്‍ കുഞ്ഞാലിയെന്ന ധീരനെ തോക്കിന്‍മുനയില്‍ അവസാനിപ്പിച്ചു.

deshabhimani 201211

1 comment:

  1. ജീവിതംതന്നെ പോരാട്ടവും പോരാട്ടം ജീവിതവുമാക്കിയ ധീരവിപ്ലവകാരി സ. കുഞ്ഞാലിയുടെ ഓര്‍മ മലയോരത്തെ ഓരോരുത്തരിലും ഇന്നും തുടിക്കുന്നു. സ്വതന്ത്രഭാരതത്തില്‍ ആദ്യമായി കൊലചെയ്യപ്പെട്ട നിയമസഭാസാമാജികനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മലയോരത്ത് തോട്ടംതൊഴിലാളി സമരം നടന്നത്. ആ സമരങ്ങള്‍ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കി.

    ReplyDelete