Monday, December 19, 2011

കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു

അഞ്ചല്‍ : കോണ്‍ഗ്രസുകാരനായ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു. കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് വാര്‍ഡിലെ തൊഴിലുറപ്പുപദ്ധതിയുടെ ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രസിഡന്റ് സുഭിലാഷ് കുമാറിനെ തടഞ്ഞത്. പ്രസിഡന്റിനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ ഡിസിസി അംഗവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം എ ലത്തീഫ് ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ലത്തീഫിനെതിരെ കേസ് കൊടുത്തതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീലാസത്യന്‍ , ബദറുദീന്‍ , സലിം, പി ടി സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രസിഡന്റിനെ തടഞ്ഞത്.

പ്രസിഡന്റ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാശിപിടിച്ചതോടെ തൊഴിലുറപ്പുപദ്ധതിയുടെ പരിപാടിക്ക് എത്തിയവരും ഇടപെട്ടു. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്നത്തിന്റെ പേരില്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും തൊഴിലുറപ്പുപദ്ധതിയിലെ അംഗങ്ങള്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന സ്കൂള്‍ഗേറ്റിനു മുമ്പില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. രംഗം കൂടുതല്‍ വഷളാകുന്ന ഘട്ടമെത്തിയതോടെ കുളത്തൂപ്പുഴ എസ്ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പഞ്ചായത്ത് പ്രസിഡന്റിനെ മോചിപ്പിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസില്‍ കയറി പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിക്കുകയും പ്രസിഡന്റിനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയതതിനെതിരെ പ്രസിഡന്റും കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരായ എം എ ലത്തീഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ പ്രസിഡന്റിനെ ജാതിപ്പേരു വിളിച്ച കേസില്‍ വീണ്ടും അറസ്റ്റിലായി.

ഭരണകക്ഷി എംഎല്‍എ റോഡില്‍ മദ്യപന്മാര്‍ക്ക് തുണയായി

നെയ്യാറ്റിന്‍കര: ഭരണകക്ഷി എംഎല്‍എയുടെ ഇടപെടല്‍ കാരണം പൊലീസിന് ക്രമസമാധാന പരിപാലനം ഗതിമുട്ടി. ഏറ്റവുമൊടുവിലായി ഞായറാഴ്ച രാവിലെ പത്തരയോടെ പാറശാല ജങ്ഷനില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ പൊലീസാണ് എംഎല്‍എയുടെ ഭീഷണിക്ക് കീഴടങ്ങി സ്ഥലംവിട്ടത്. പാറശാലയില്‍ വഴിയോരത്തെ ഒരു കടയില്‍ നിന്ന് ചിലര്‍ പരസ്യമായി മദ്യപിക്കുന്നതു കണ്ട് അതുവഴി വന്ന ഡിവൈഎസ്പി വണ്ടിനിര്‍ത്തി കടയില്‍ നിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെടുത്തു. തുടര്‍ന്ന് മദ്യപന്മാരെ വണ്ടിയില്‍ കയറ്റവെയായിരുന്നു ഭരണകക്ഷി എംഎല്‍എ എത്തി ഇടപെട്ടത്. നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതിയില്ലാതിരിക്കെ പരസ്യമായി മദ്യപിച്ചതിനെ പൊലീസ് എന്തിനു തടയുന്നുവെന്നായിരുന്നു എംഎല്‍എയുടെ രോഷത്തോടെയുള്ള ചോദ്യം. തുടര്‍ന്ന് പൊല്ലാപ്പ് വേണ്ടെന്നുവച്ച് പൊലീസ് സംഘം തലയൂരി.

ഈ എംഎല്‍എ തന്നെയാണ് കഴിഞ്ഞനാളില്‍ പൂവാര്‍ -പൊഴിയൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒരു കേസിലെ പ്രതികളായ പൊലീസുകാരെ രക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തന്റെ അധികാരം പ്രയോഗിച്ചത്. മണല്‍ മാഫിയകള്‍ക്കുവേണ്ടി നിന്ന ഈ പൊലീസുകാരാകട്ടെ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. നാട്ടുകാരാകെ എംഎല്‍എയുടെ "സഹായം" കണ്ടറിഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് കൂടിയപ്പോള്‍ രംഗം പന്തിയല്ലെന്നു കണ്ട് എംഎല്‍എ മുങ്ങി. ചെക്ക്പോസ്റ്റിലൂടെയുള്ള നികുതി വെട്ടിപ്പും മണല്‍ കടത്തും അതിര്‍ത്തിയില്‍ യഥേഷ്ടം നടക്കുന്നു. ഈ എംഎല്‍എയെ പേടിച്ച് പുലിവാല് പിടിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.

deshabhimani 191211

1 comment:

  1. കോണ്‍ഗ്രസുകാരനായ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു. കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് വാര്‍ഡിലെ തൊഴിലുറപ്പുപദ്ധതിയുടെ ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രസിഡന്റ് സുഭിലാഷ് കുമാറിനെ തടഞ്ഞത്. പ്രസിഡന്റിനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ ഡിസിസി അംഗവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം എ ലത്തീഫ് ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ലത്തീഫിനെതിരെ കേസ് കൊടുത്തതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീലാസത്യന്‍ , ബദറുദീന്‍ , സലിം, പി ടി സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രസിഡന്റിനെ തടഞ്ഞത്.

    ReplyDelete