ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്രനിലപാട് തിരുത്തണം: മേധ പട്കര്‍
ചപ്പാത്ത്: മുല്ലപ്പെരിയാര്‍ പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോയി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന തെറ്റായ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ആവശ്യപ്പെട്ടു. ചപ്പാത്തിലെ സമരപന്തലില്‍ സംസാരിക്കുകയായിരുന്നു മേധ പട്കര്‍ . കേരളം മുന്നോട്ടുവയ്ക്കുന്ന മനുഷ്യത്വപരമായ നിലപാട് മനസിലാക്കാന്‍ തമിഴ്നാട്ടിലെ ഭരണാധികാരികള്‍ക്കും രാഷ്ട്രീയപാര്‍ടികള്‍ക്കും കഴിയാത്തത് ദൗര്‍ഭാഗ്യകരമാണ്. കേരളം വലിയൊരു ഔദാര്യം കാണിച്ചതിലൂടെയാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവിക്കുന്നത്. വൈദ്യുതിരംഗത്തും മറ്റു സാമ്പത്തിക മേഖലകളിലും അവര്‍ക്ക് മുന്നേറാനായതും ഇതുകൊണ്ടാണ്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തുറന്ന മനസോടെ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കൈയെടുക്കണം. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് തമിഴ്നാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. അതിന് കേന്ദ്രസര്‍ക്കാര്‍ വേദിയൊരുക്കണമെന്ന് മേധ പട്കര്‍ ആവശ്യപ്പെട്ടു.
ജനങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തെ പിന്തിരിപ്പിക്കാന്‍ ശ്രമം: ഇ പി
പിറവം: മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് പുതിയ ഡാം എന്ന ആവശ്യത്തില്‍നിന്ന് കേരളത്തെ പിന്തിരിപ്പിക്കാനാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയപരിഹാരം കാണേണ്ട വിഷയത്തില്‍ കോണ്‍ഗ്രസും ഭരണാധികാരികളും കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ ജീവന്‍ പന്താടുകയാണെന്നും അദ്ദേഹം പറഞ്ഞു. പിറവം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പ്പ്രചാരണാര്‍ഥം ചേര്‍ന്ന എസ്എഫ്ഐ പിറവം മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി.
മുല്ലപ്പെരിയാറിന്റെ പേരില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നം അക്രമത്തിലേക്ക് വഴിതിരിച്ചതിന്റെ ഉത്തരവാദിത്വം യുഡിഎഫിലെ പാര്‍ടികള്‍ക്കാണ്. ജയലളിതയുടെ കോലം കത്തിച്ച് പ്രകോപനത്തിനു തുടക്കമിട്ടത് കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഡാം കയ്യേറി അതിക്രമം നടത്തി. അയ്യപ്പഭക്തരുടെ വാഹനം തകര്‍ത്ത് അവരെ മടക്കിവിട്ടു. ഇതേതുടര്‍ന്നാണ് തമിഴ്നാട്ടില്‍ മലയാളികള്‍ക്കുനേരെയും അവരുടെ കടകള്‍ക്കുനേരെയും ആക്രമണമുണ്ടായത്. ചുരുക്കത്തില്‍ കേരളത്തിലെ ഭരണകക്ഷികളാണ് പ്രശ്നം വഷളാക്കിയത്. ഇരു മുഖ്യമന്ത്രിമാരെയും വിളിച്ച് തര്‍ക്കവിഷയം പരിഹരിക്കേണ്ട പ്രധാനമന്ത്രി മൗനത്തിലാണ്. ആദ്യം മുഖ്യമന്ത്രിതല ചര്‍ച്ച എന്ന് പറഞ്ഞവര്‍ ഒടുവില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച എന്ന അവസ്ഥയിലാണു നില്‍ക്കുന്നത്. പ്രശ്നം വഷളായാല്‍ കേരളജനത ഡാം എന്ന ആവശ്യത്തില്‍നിന്ന് പിന്തിരിയും എന്ന ലക്ഷ്യമിട്ടാണ് കേന്ദ്ര ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് സുപ്രീം കോടതി വിധിയിലൂടെ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് അവകാശം നേടി. എന്നാല്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുതവണ അപ്പീല്‍ നല്‍കി സമര്‍ഥമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെയാണ് ഇപ്പോഴത്തെ 136 അടി എന്ന വിധിയിലേക്കെത്തിയത്. എന്നാല്‍ ഡാമിന്റെ സുരക്ഷാഭീഷണിയും അടിക്കടിയുണ്ടാകുന്ന ഭൂകമ്പങ്ങളും ആധിസൃഷ്ടിക്കുന്നു. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ നിഷ്ക്രിയരായി നോക്കിനില്‍ക്കുകയാണ്. യുഡിഎഫ് ഭരണത്തില്‍ നീതിക്കായി പോരാടിയ വിദ്യാര്‍ഥികളുടെയും യുവനേതാക്കളുടെയും ചോരചിന്തിയതിന് പിറവം തെരഞ്ഞെടുപ്പില്‍ മറുപടികിട്ടും. കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ താഴ്ന്ന റാങ്കുകാരന് അനധികൃതമായി പ്രവേശനം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീടത് തിരുത്തി. എന്നാല്‍ ഇതിനുവേണ്ടി ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് രക്തമൊഴുക്കേണ്ടി വന്നു- ഇ പി പറഞ്ഞു.
deshabhimani 141211
No comments:
Post a Comment