Wednesday, December 14, 2011

ഈ കുറിപ്പുകള്‍ വരച്ചിടുന്നത് "ഏറനാടിന്റെ മോസ്കോ"യെ

മഞ്ചേരി: 

"വടക്കേട്ടില്‍ ഗോപാലന്‍ നായരുടെ ഡയറി

" 1948, വിളയില്‍ പറപ്പൂര്‍ "അഞ്ചു സെല്ലുള്ള ടോര്‍ച്ചുമായി ഒരുസംഘം പൊലീസുകാര്‍ വീട്ടിലേക്ക് കയറി... "എവിടെ ഗോപാലന്‍ നായര്‍ ?" ഭാര്യ ചിന്നു അമ്മ വാതില്‍ തുറന്ന് പറഞ്ഞു: അങ്ങ് തിരുവാച്ചോലയിലാ... "ഹും, ഏറനാടിന്റെ മോസ്കോയെന്നാ പേര്. അന്വേഷിച്ചുവരുമ്പോള്‍ ഒരു കമ്യൂണിസ്റ്റുകാരനെയും കാണില്ല". ദേഷ്യംമൂത്ത ഇന്‍സ്പെക്ടര്‍ പുരയ്ക്കകത്തെ സാധനസാമഗ്രികള്‍ വലിച്ചിട്ടു. സ. കുഞ്ഞാലിക്ക് ഒളിത്താവളമൊരുക്കിയവരെയാണ് അവര്‍ക്ക് വേണ്ടത്". 1948 ജനുവരി 31- "ഗാന്ധിജിയെ വെടിവച്ചുകൊന്നതായി കേട്ടു. ഹിന്ദുരാഷ്ട്രം പത്രാധിപര്‍ നാഥുറാം വിനായക് ഗോഡ്സെയാണത്രെ കൊലയാളി. നാടെങ്ങും നിരോധനം. മീറ്റിങ്ങും ഘോഷയാത്രകളും നടക്കുന്നില്ല."

1940-കളുടെ അവസാനം കമ്യൂണിസ്റ്റ്പാര്‍ടി നിരോധിച്ചപ്പോള്‍ ഏറനാട്ടിലെ സമരനേതാക്കള്‍ക്ക് സുരക്ഷിതമായ ഒളിത്താവളമായിരുന്നു വിളയില്‍ പറപ്പൂര്‍ എന്ന സ്ഥലം. അക്കാലത്തെ അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചംവീശുന്ന ഗോപാലന്‍നായരുടെ ഡയറി മകള്‍ സൗദാമിനി നിധിപോലെ സൂക്ഷിക്കുന്നു. വിളയില്‍ പറപ്പൂര്‍ കമ്യൂണിസ്റ്റുകാരുടെ ഒളിത്താവളമായത്, സാംസ്കാരിക കേന്ദ്രമായത്, മതസൗഹാര്‍ദത്തിന്റെ അപൂര്‍വ മാതൃക കാട്ടിയത്, രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ട്- അങ്ങനെ നിരവധി സംഭവങ്ങള്‍ ഡയറിക്കുറിപ്പുകളില്‍ തുടിക്കുന്നു.

വടക്കേ മലബാറിലെ മുഴുവന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഒളിത്താവളമായിരുന്നു വിളയില്‍ പറപ്പൂര്‍ . വിളയില്‍ കൃഷ്ണന്‍ നായരുടെ വീട്ടിലായിരുന്നു സ. കുഞ്ഞാലി താമസിച്ചിരുന്നത്. എ വി കുഞ്ഞമ്പു, എടക്കോട് മുഹമ്മദ്, കേരളീയന്‍ , ടി സി നാരായണന്‍ നമ്പ്യാര്‍ , കേളപ്പന്‍ , പാലോളി മുഹമ്മദ്കുട്ടി എന്നിവരും ഇവിടെ ഒളിവില്‍ കഴിഞ്ഞു. ഇത് വിളയില്‍ പറപ്പൂരില്‍ കമ്യൂണിസ്റ്റ് അടിത്തറപാകി. ഒളിത്താവളം നല്‍കിയവര്‍ക്ക് പീഡനവും ജയില്‍വാസവും നേരിടേണ്ടിവന്നു. ഒരു നേതാവിനെപ്പോലും വിളയില്‍ പറപ്പൂര്‍ പൊലീസിന് വിട്ടുകൊടുത്തിട്ടില്ലെന്നത് ചരിത്രം. എളഞ്ചീരി ഗോവിന്ദന്‍നായര്‍ , എം സി നമ്പൂതിരി, കെ പി നമ്പൂതിരി, തെക്കേല്‍ അപ്പുനായര്‍ എന്നിവര്‍ ഇപ്പോഴും മുതിര്‍ന്ന പാര്‍ടി പ്രവര്‍ത്തകരുടെ ഉള്ളില്‍ ആവേശമാണ്. അവര്‍ അനുഭവിച്ച ത്യാഗങ്ങള്‍ ഗോപാലന്‍നായരുടെ കുറിപ്പുകളില്‍ വായിക്കാം.

രൂക്ഷമായ സമരങ്ങളേക്കാള്‍ അയിത്തത്തിനും അനാചാരത്തിനുമെതിരായ നവോത്ഥാന പ്രവര്‍ത്തനങ്ങളാണ് വിളയില്‍ പറപ്പൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഭൂവുടമകള്‍തന്നെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച അപൂര്‍വതക്കും ഇവിടം വേദിയായി. തെക്കന്‍ മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അക്കാലത്ത് മൂന്ന് സെല്‍ മാത്രമാണുണ്ടായിരുന്നത്. വിളയില്‍ പറപ്പൂര്‍ , മണ്ണഴി, കാരക്കുന്ന്. കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിന്റെ കേന്ദ്രമായിരുന്നു അന്ന് വിളയില്‍ . പാര്‍ടിയുടെ സാമ്പത്തിക സ്രോതസ്സും ഇവിടമായിരുന്നു. ഇതിനെക്കുറിച്ചെല്ലാം സംക്ഷിപ്തമായ വാക്കുകളില്‍ ഗോപാലന്‍ നായര്‍ കുറിച്ചിട്ടിട്ടുണ്ട്. വിളയിലിന്റെ പാര്‍ടി ചരിത്രം, കൂലി വ്യവസ്ഥിതി, സാംസ്കാരിക ഉന്നമനം എന്നിവയെല്ലാമടങ്ങുന്ന ചരിത്രരേഖയാണ് ഈ ഡയറി. പാര്‍ടിയുടെ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി അക്കാലത്ത് രൂപീകരിച്ച ഉദയ കലാസമിതിയും യുവജനസംഘം ഗ്രന്ഥാലയവും ഗ്രാമത്തില്‍ ഇന്നും സജീവം.

ഇ എം എസ് ഇവിടം ഇടക്കിടെ സന്ദര്‍ശിച്ചിരുന്നതായി ഡയറിയിലുണ്ട്. പാര്‍ടി ക്ലാസ് എടുക്കാനായിരുന്നു ഇത്. "ഈശ്വരന്‍" എന്നാണ് ഇ എം എസിനെ പരാമര്‍ശിച്ചുകാണുന്നത്. ഡയറി പൊലീസിന്റെ കൈയില്‍ അകപ്പെട്ടാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ഈ പേരുമാറ്റം. പലയിടത്തും അവ്യക്തമായ കോഡ് ഭാഷയിലായതിനാല്‍ ഡയറിയിലെ ചില ഭാഗങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. വിളയിലെ പി ശ്രീധരന്‍ നമ്പൂതിരിയുടെ വീട്ടിലായിരുന്നു ഇ എം എസ് താമസിച്ചിരുന്നത്. നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് കരുതുന്ന ഗുഹയും ഇവിടുണ്ട്. പള്ളിഭൂമി സംബന്ധിച്ച് 1980ല്‍ ആര്‍എസ്എസ് വര്‍ഗീയ സമരത്തിന് ശ്രമിച്ചപ്പോള്‍ അതിനെ അടിച്ചമര്‍ത്തിയതും കമ്യൂണിസ്റ്റുകാര്‍ തന്നെ. അന്ന് നേതൃത്വം നല്‍കാന്‍ ഇമ്പിച്ചിബാവയും സെയ്താലിക്കുട്ടിയും യു ഉത്തമനും കെ സെയ്തലവിയും മുന്നിലുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ആശയം ജീവന്‍ നല്‍കിയ ഒരു നാടിന്റെ ഭൂതകാലമാണ് ഗോപാലന്‍നായരുടെ ഡയറിക്കുറിപ്പുകള്‍ . അറിയാത്ത ഏടുകളെ അറിയാന്‍ കൗതുകമുള്ളവര്‍ക്ക് അമൂല്യവസ്തു.

deshabhimani 141211

1 comment:

  1. "വടക്കേട്ടില്‍ ഗോപാലന്‍ നായരുടെ ഡയറി

    " 1948, വിളയില്‍ പറപ്പൂര്‍ "അഞ്ചു സെല്ലുള്ള ടോര്‍ച്ചുമായി ഒരുസംഘം പൊലീസുകാര്‍ വീട്ടിലേക്ക് കയറി... "എവിടെ ഗോപാലന്‍ നായര്‍ ?" ഭാര്യ ചിന്നു അമ്മ വാതില്‍ തുറന്ന് പറഞ്ഞു: അങ്ങ് തിരുവാച്ചോലയിലാ... "ഹും, ഏറനാടിന്റെ മോസ്കോയെന്നാ പേര്. അന്വേഷിച്ചുവരുമ്പോള്‍ ഒരു കമ്യൂണിസ്റ്റുകാരനെയും കാണില്ല". ദേഷ്യംമൂത്ത ഇന്‍സ്പെക്ടര്‍ പുരയ്ക്കകത്തെ സാധനസാമഗ്രികള്‍ വലിച്ചിട്ടു. സ. കുഞ്ഞാലിക്ക് ഒളിത്താവളമൊരുക്കിയവരെയാണ് അവര്‍ക്ക് വേണ്ടത്". 1948 ജനുവരി 31- "ഗാന്ധിജിയെ വെടിവച്ചുകൊന്നതായി കേട്ടു. ഹിന്ദുരാഷ്ട്രം പത്രാധിപര്‍ നാഥുറാം വിനായക് ഗോഡ്സെയാണത്രെ കൊലയാളി. നാടെങ്ങും നിരോധനം. മീറ്റിങ്ങും ഘോഷയാത്രകളും നടക്കുന്നില്ല."

    ReplyDelete