Wednesday, December 14, 2011

ജനസമ്പര്‍ക്കത്തില്‍ കെട്ടിക്കിടക്കുന്നത് ജീവിതങ്ങള്‍

സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തത; കെട്ടിക്കിടക്കുന്ന അപേക്ഷ ആയിരങ്ങള്‍

ആലപ്പുഴ: സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരിഹാരംതേടി എത്തിയ ആയിരക്കണക്കിന് അപേക്ഷകള്‍ തീര്‍പ്പാക്കാനാകാതെ കെട്ടിക്കിടക്കുന്നു. ഇതിനിടെ ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ധനസഹായം തേടിയെത്തിയ അപേക്ഷകളും ഓഫീസുകളില്‍ കുന്നുകൂടി. പരാതിപ്രവാഹംമൂലം ഒരുമാസത്തിലേറെയായി കലക്ടറേറ്റിലെ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റി. വില്ലേജ് ഓഫീസ് തലത്തില്‍ തീരുമാനിക്കാവുന്ന തരത്തിലുള്ള അപേക്ഷകളാണ് ലഭിച്ചതിലേറെയെന്നും പറയപ്പെടുന്നു. ബിപിഎല്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളാണ് സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം നടപടി സ്വീകരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബ്ലോക്കുപഞ്ചായത്തുകള്‍ മുഖേനയാണ് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. 2009ല്‍ ഇതുസംബന്ധിച്ചു നടന്ന സര്‍വെയില്‍ പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം കൂട്ടുന്നതു സംബന്ധിച്ച് ഉത്തരവില്‍ ഒന്നും പറയുന്നില്ല. ഇതുമൂലം നിലവിലെ പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കിയെങ്കില്‍ മാത്രമേ പുതിയ കുടുംബങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താനാകൂ. ഒഴിവാക്കല്‍ സംബന്ധിച്ചും ഉത്തരവ് മൗനംപാലിക്കുന്നു. ഇതാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. ഇതുമൂലം ജനസമ്പര്‍ക്ക പരിപാടിയിലും ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. ഇതോടെ കൊട്ടിഘോഷിച്ചുനടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരം ലഭിക്കുമെന്നു കരുതി ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി അപേക്ഷിച്ചവര്‍ കബളിപ്പിക്കപ്പെടുന്ന സ്ഥിതിയായി.

ഇതിനിടെ ധനസഹായം ലഭിക്കുമെന്ന് പ്രചരിപ്പിച്ചതനുസരിച്ച് ഇല്ലാത്ത പദ്ധതിയുടെ പേരിലും പതിനയ്യായിരത്തോളം അപേക്ഷകള്‍ ലഭിച്ചു. കുട്ടനാട് പാക്കേജില്‍പ്പെടുത്തി താഴ്ന്നസ്ഥലം മണ്ണിട്ടുയര്‍ത്താന്‍ അമ്പതിനായിരം രൂപവരെ സഹായം ലഭിക്കുമെന്നായിരുന്നു പ്രചാരണം. അജ്ഞാതകേന്ദ്രങ്ങള്‍ വഴി ഇതിനുള്ള അപേക്ഷ വിതരണവും നടന്നു. വില്ലേജ് ഓഫീസുകളില്‍ കരംഒടുക്കിയ രസീത്, കൈവശാവകാശരേഖ, ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്കായി വില്ലേജ്, താലൂക്ക് ഓഫീസുകളിലേക്ക് അപേക്ഷകള്‍ പ്രവഹിച്ചു. കുട്ടനാട്, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വില്ലേജ് ഓഫീസുകളിലാണ് ഇത്തരം അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയത്. പലയിടങ്ങളിലും ചില കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം അപേക്ഷകള്‍ വിതരണം ചെയ്തതെന്ന് പറയപ്പെടുന്നു. ഇതിനിടെ വിവിധ ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ താഴെത്തട്ടുമുതല്‍ മുകളിലേക്കും പിന്നീട് താഴേക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പടി കയറിയിറങ്ങുകയാണ്. ഇതുവരെ 29,000 ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ലഭിച്ചവ വേറെയും. തീര്‍പ്പാക്കിയ അപേക്ഷകള്‍ സംബന്ധിച്ച വിവരം മുഖ്യമന്ത്രിയുടെ പൊതുജനപരാതിപരിഹാരസെല്ലിന് നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായി പുരോഗതി ഉണ്ടായിട്ടില്ല. 22ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് പരിപാടി.


ജനസമ്പര്‍ക്കത്തില്‍ വികലാംഗന്റെ അപേക്ഷയ്ക്ക് പുല്ലുവില

ഇരവിപേരൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ വികലാംഗനായ ജീവനക്കാരന് ക്രൂരമായ അവഗണനയെന്ന് പരാതി. തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 2006 മാര്‍ച്ചില്‍ പിരിച്ചുവിട്ട, വലതുകൈ പൂര്‍ണമായും തളര്‍ന്ന ഇ എ ഏബ്രഹാമിനാണ് ഈ ദുരനുഭവം. കോടതി വിധികളുടെ അടിസ്ഥാനത്തില്‍ തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവലാതിപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ല.

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ബാങ്കിന് വന്‍ നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ ബാങ്കില്‍ അംഗീകൃത ട്രേഡ്യൂണിയനുകള്‍ നടത്തിയ സംയുക്ത പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സമിതി കണ്‍വീനറും സീനിയര്‍ ക്ലാര്‍ക്കുമായിരുന്ന ഏബ്രഹാമിനെ പിരിച്ചുവിട്ടത്. 2006 മാര്‍ച്ച് ഒന്നിന് ചേര്‍ന്ന ഭരണസമിതി യോഗം കാരണംകാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് പിരിച്ചുവിടുകയുമായിരുന്നു. ഏബ്രഹാം ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍കാല ശമ്പളവും സര്‍വീസും നല്‍കി ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് സഹകരണ ആര്‍ബിട്രേഷന്‍ കോടതിയും കേരള സഹകരണ ട്രിബൂണലും വിധിച്ചു. ഇതിനെതിരെ ബാങ്ക് പ്രസിഡന്റ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി തള്ളിയിട്ടും അദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ബാങ്ക് ഭരണസമിതി തയാറായിട്ടില്ല. ഈ വിധികള്‍ നടപ്പാക്കി കിട്ടുന്നതിനാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് മുഖേന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നല്‍കിയ അപേക്ഷയില്‍ ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിയോ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവോ കോടതി അസ്ഥിരപ്പെടുത്താത്ത സാഹചര്യത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കപ്പെടുന്നതിന് അര്‍ഹനാണെന്ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടോടുകൂടിയാണ് പരാതി മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിയത്്. ജനസമ്പര്‍ക്ക വേദിയിലുണ്ടായിരുന്ന ബാങ്ക് പ്രസിഡന്റ് അഡ്വ. കെ ജയവര്‍മ്മയോട് മുഖ്യമന്ത്രി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കില്‍പോലും ഏബ്രഹാമിന് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയുമായിരുന്നു. അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ കര്‍മ്മ പരിപാടിയില്‍ പറയുന്നതെങ്കിലും ബാങ്കില്‍ നടന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ തൊഴിലാളി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കപ്പെട്ട വികലാംഗ ജീവനക്കാരന് പാരിതോഷികം നല്‍കിയില്ലെങ്കിലും നിയമവിരുദ്ധമായി നിഷേധിച്ച തൊഴില്‍ തിരികെ നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.


deshabhimani 141211

1 comment:

  1. സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരിഹാരംതേടി എത്തിയ ആയിരക്കണക്കിന് അപേക്ഷകള്‍ തീര്‍പ്പാക്കാനാകാതെ കെട്ടിക്കിടക്കുന്നു. ഇതിനിടെ ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ധനസഹായം തേടിയെത്തിയ അപേക്ഷകളും ഓഫീസുകളില്‍ കുന്നുകൂടി. പരാതിപ്രവാഹംമൂലം ഒരുമാസത്തിലേറെയായി കലക്ടറേറ്റിലെ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റി. വില്ലേജ് ഓഫീസ് തലത്തില്‍ തീരുമാനിക്കാവുന്ന തരത്തിലുള്ള അപേക്ഷകളാണ് ലഭിച്ചതിലേറെയെന്നും പറയപ്പെടുന്നു. ബിപിഎല്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളാണ് സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതമൂലം നടപടി സ്വീകരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്.

    ReplyDelete