Sunday, December 18, 2011

പൂട്ടിയിട്ട വീടുകള്‍ ഉപയോഗിച്ചാല്‍ പാര്‍പ്പിട പ്രശ്നം പരിഹരിക്കാം

കേരളത്തിലിപ്പോള്‍ പൊള്ളയായ വികസനം

കൊല്ലം: സാംസ്കാരികവും പാരിസ്ഥിതികവുമായ പൊള്ളയായ വികസനമാണ് കേരളത്തിലിന്ന് നടക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍സെക്രട്ടറി ശ്രീശങ്കര്‍ പറഞ്ഞു. പബ്ലിക് ലൈബ്രറിഹാളില്‍ കേരളത്തിന് അനുയോജ്യമായ പാര്‍പ്പിടനയം എന്ന വിഷയ ത്തില്‍ പരിഷത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയെ ഏറ്റവും അശാസ്ത്രീയമായി വിനിയോഗിച്ചാണ് നാം കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്. പ്രകൃതി ചൂഷണത്തിലൂടെ വന്‍തോതില്‍ സമ്പത്തുണ്ടാക്കുന്നു. രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വല്ലാതെ കൂടിയതായി ശ്രീശങ്കര്‍ പറഞ്ഞു. സെമിനാറില്‍ മൈലോട് വിശ്വംഭരന്‍ മോഡറേറ്ററായി. ഡോ. എ അച്യുതന്‍ കേരളത്തിന് ആവശ്യമായ പാര്‍പ്പിടനയത്തെക്കുറിച്ച് ക്ലാസെടുത്തു.

പൂട്ടിയിട്ട വീടുകള്‍ ഉപയോഗിച്ചാല്‍ പാര്‍പ്പിട പ്രശ്നം പരിഹരിക്കാം: പരിഷത്ത് സെമിനാര്‍

കൊല്ലം: കേരളത്തിലെ അടച്ചിട്ടിരിക്കുന്ന വീടുകള്‍ തുറന്നുകൊടുത്താല്‍ ഇവിടത്തെ താമസപ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരളത്തിന് അനുയോജ്യമായ ഒരു പാര്‍പ്പിടം എന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. വിഷയം അവതരിപ്പിച്ച ഡോ. എ അച്യുതനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കേരളത്തിന്റെ കാലാവസ്ഥയ്ക്കും മറ്റ് സാഹചര്യങ്ങള്‍ക്കും അനുകൂലമായി എങ്ങനെ പാര്‍പ്പിടനയം രൂപീകരിക്കാമെന്ന് അദ്ദേഹം സെമിനാറില്‍ വിശദമാക്കി. ഭൂമി എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാനുള്ള ഭൂഉടമയുടെ സ്വാതന്ത്ര്യം എടുത്തുകളഞ്ഞ് തുടരാനുള്ള അവകാശം മാത്രമായി ഉടമസ്ഥാവകാശം പരിമിതപ്പെടുത്തണമെന്ന് ഡോ. അച്യുതന്‍ അഭിപ്രായപ്പെട്ടു. ഭൂമി കൈമാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ ഭൂബാങ്ക് ഉണ്ടാക്കണം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വീടുവയ്ക്കാന്‍ സ്ഥലമില്ലാത്ത മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഈ ഭൂബാങ്കില്‍നിന്ന് വീടുവയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഭൂമി നല്‍കാം. ഇതിനൊക്കെ അനുയോജ്യമായ നിയമം സര്‍ക്കാര്‍ നടപ്പാക്കണം.

വിസ്തൃതിയില്‍ വീട് പണിയുന്നതിനേക്കാള്‍ പൊക്കത്തില്‍ കെട്ടുന്ന വീടുകള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. നോയിഡ മാതൃകയില്‍ നഗരങ്ങളില്‍ സാറ്റലൈറ്റ് സെറ്റില്‍മെന്റ് നടപ്പില്‍ വരുത്തണം. തടിയുടെയും മറ്റും വില ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പഴയവ വീണ്ടും ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം. നിര്‍മാണത്തിന് വളരെയധികം ഊര്‍ജം വേണ്ടിവരുന്ന ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, സിമന്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗം ചുരുക്കാനുള്ള നിയമം നടപ്പാക്കണം. വന്‍ കെട്ടിടങ്ങള്‍ കെട്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കുമേല്‍ അധിക നികുതി ചുമത്തിയും മറ്റും വന്‍കിട നിര്‍മാണം നിരുത്സാഹപ്പെടുത്തണം. ആവശ്യത്തിന് അനുസരിച്ച് ചെറിയ വീടുവയ്ക്കാന്‍ പ്രോത്സാഹിപ്പിക്കണം. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പാര്‍പ്പിടഫണ്ട് രൂപീകരിച്ച് ഈ തുക വീടുവയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കണം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പാര്‍പ്പിടനയം രൂപപ്പെടുത്തിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും അത്യാവശ്യം വേണ്ട സൗകര്യങ്ങളോടുകൂടിയതും സാമ്പത്തികമായി താങ്ങാന്‍ കഴിയുന്നതുമായ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് ഡോ. അചുതന്‍ അഭിപ്രായപ്പെട്ടു.

deshabhimani 181211

1 comment:

  1. കേരളത്തിലെ അടച്ചിട്ടിരിക്കുന്ന വീടുകള്‍ തുറന്നുകൊടുത്താല്‍ ഇവിടത്തെ താമസപ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരളത്തിന് അനുയോജ്യമായ ഒരു പാര്‍പ്പിടം എന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. വിഷയം അവതരിപ്പിച്ച ഡോ. എ അച്യുതനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

    ReplyDelete