Monday, December 19, 2011

കൂടംകുളം പദ്ധതിയില്‍ തമിഴ്‌നാടിന്റെ ആവശ്യം ന്യായമായി പരിഗണിക്കണം: വി എസ്

കൂടംകുളം ആണവ പദ്ധതി സംബന്ധിച്ച് തമിഴ്‌നാടിന്റെ ന്യായമായ ആവശ്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുകയും അതുവരെ കൂടംകുളം പദ്ധതി സംബന്ധിച്ച എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും വേണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഭരണാധികാരികളുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. കൂടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അവിടുത്തെ ജനങ്ങള്‍ തങ്ങളുടെ സുരക്ഷ സംബന്ധിച്ച ഭീതിയും ആശങ്കയും ഭരണാധികാരികളെ ബോധ്യപ്പെടുത്തുകയും തമിഴ്‌നാട് നിയമസഭയും സര്‍ക്കാരും കേന്ദ്രസര്‍ക്കാരിനെ അവരുടെ ആശങ്ക രേഖാമൂലം അറിയിക്കുകയും ചെയ്തതാണ്.

ആണവ ദുരന്തമുണ്ടായാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും അതിലേറെപ്പേര്‍ തലമുറകള്‍ നീളുന്ന ദുരിതം പേറേണ്ടി വരുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും.
അടുത്തിടെ ജപ്പാനിലുണ്ടായ ആണവചോര്‍ച്ച വിതച്ച ദുരിതവും ദുരന്തവും നാം കണ്ടതാണ്. റഷ്യയില്‍ത്തന്നെയുള്ള ചെര്‍ണോബില്‍ ആണവദുരന്തവും അതുപോലുള്ള മറ്റനേകം അപകടങ്ങളും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പദ്ധതിക്കായി വിദേശത്തുവച്ച് കരാര്‍ ഒപ്പിടുകയും, അവിടെ വച്ച് സമരത്തെയും തമിഴ്‌നാടിന്റെ ആവശ്യത്തെയും പുച്ഛിക്കുകയുമാണ് ചെയ്തത്. ഇത് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും ആശാസ്യമല്ല.

ഫെഡറല്‍ സംവിധാനത്തെത്തന്നെ തകര്‍ക്കുന്നതും ജനങ്ങളുടെ സുരക്ഷയ്ക്ക് ഒരു വിലയും കല്‍പ്പിക്കാത്തതുമായ ഇത്തരം സമീപനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഉടനടി പിന്തിരിയണം- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

janayugom 191211

No comments:

Post a Comment