Thursday, December 1, 2011

ചില്ലറവ്യാപാരം വിദേശ കുത്തകകള്‍ക്ക്: കേന്ദ്രസര്‍ക്കാര്‍ കുഴപ്പത്തില്‍

മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍ കുഴങ്ങുന്നു. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ബുധനാഴ്ച രാവിലെയും വൈകിട്ടുമായി ചേര്‍ന്നെങ്കിലും തീരുമാനമായില്ല. ഈ വിഷയത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും പാര്‍ലമെന്റ് തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ചേര്‍ന്നത്.

വിദേശനിക്ഷേപ തീരുമാനത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും ധനമന്ത്രിയും രംഗത്തുവന്നെങ്കിലും കോണ്‍ഗ്രസിലടക്കം പ്രതിഷേധം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധമുയര്‍ത്തിയ സഞ്ജയ് സിങ്ങിന് പിന്നാലെ ബറേലി എംപി പ്രവീണ്‍ സിങ് ആറോണും രംഗത്തു വന്നു. വാണിജ്യമന്ത്രി ആനന്ദ്ശര്‍മയ്ക്ക് കത്തെഴുതിയ ആറോണ്‍ മന്ത്രിസഭാ തീരുമാനത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംപിമാര്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി പ്രണബ്മുഖര്‍ജി വിശദീകരണം നല്‍കിയെങ്കിലും സംശയം ബാക്കിനില്‍ക്കുകയാണെന്ന് ആറോണിന്റെ നീക്കം വ്യക്തമാക്കുന്നു. ഏതായാലും വ്യാഴാഴ്ച വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിശദീകരണം നല്‍കുന്നുണ്ട്.
അതിനിടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസുമായും ഡിഎംകെയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി സുധീപ് ബന്ദോപാധ്യായയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഡിഎംകെ നേതാവ് കരുണാനിധിയുമായി പ്രണബ് മുഖര്‍ജിയും ചര്‍ച്ച നടത്തി. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നപക്ഷം സര്‍ക്കാരിനെതിരെ വോട്ട് ചെയ്യരുതെന്നാണ് പ്രധാനമന്ത്രിയും മറ്റും അഭ്യര്‍ഥിച്ചതെന്നറിയുന്നു. വിദേശനിക്ഷേപ തീരുമാനം പിന്‍വലിച്ച് അടിയന്തരപ്രമേയ ചര്‍ച്ച അനുവദിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. തീരുമാനം പിന്‍വലിക്കണമെന്ന പ്രമേയത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്നും പ്രമേയാവതാരകന്‍കൂടിയായ ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപത്തിനെതിരാണ് ലോക്സഭയിലെ ഭൂരിപക്ഷം പേരുമെന്നും അതിനാലാണ് അടിയന്തരപ്രമേയത്തെ കോണ്‍ഗ്രസ് ഭഭയപ്പെടുന്നതെന്നും ജോഷി കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിദേശനിക്ഷേപം അനുവദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രമന്ത്രിസഭയുടെ തീരുമാനം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ആവര്‍ത്തിച്ച് വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം മാത്രം അന്തിമതീരുമാനം എടുക്കണമെന്നും യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രിയുമായും സോണിയഗാന്ധിയുമായും ചര്‍ച്ച ചെയ്ത് പ്രതിപക്ഷത്തെ അറിയിക്കാമെന്ന് സര്‍വകക്ഷി യോഗത്തില്‍പ്രണബ്മുഖര്‍ജി പറഞ്ഞെങ്കിലും അതുണ്ടായിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

deshabhimani 011211

1 comment:

  1. മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍ കുഴങ്ങുന്നു. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ബുധനാഴ്ച രാവിലെയും വൈകിട്ടുമായി ചേര്‍ന്നെങ്കിലും തീരുമാനമായില്ല. ഈ വിഷയത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും പാര്‍ലമെന്റ് തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ചേര്‍ന്നത്.

    ReplyDelete