Wednesday, December 14, 2011

ദേശീയവീക്ഷണമില്ലാത്ത സങ്കുചിതചിന്താഗതി

മുല്ലപ്പെരിയാര്‍പ്രശ്നം രണ്ട് ജനതകള്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും ഏറ്റുമുട്ടലിനും വഴിമരുന്നിടേണ്ട ഒന്നല്ലതന്നെ. നേരിയ പ്രകോപനംപോലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നിരിക്കെ, സങ്കുചിതചിന്തകളും വികാരങ്ങളും കെട്ടഴിച്ചുവിടുന്നവര്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തെ അനുകൂലിക്കുകയല്ല; മനുഷ്യരെ തമ്മിലടിപ്പിക്കുകയാണെന്ന് തിരിച്ചറിയപ്പെടണം. ദേശീയവീക്ഷണത്തോടെയും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചുമുള്ള ഇടപെടലും തീര്‍പ്പുമാണ് പ്രശ്നത്തില്‍ ഉണ്ടാകേണ്ടത്. അങ്ങനെയൊരു തീര്‍പ്പിലേക്കെത്താന്‍ സ്വാഭാവികമായും മുന്നില്‍നില്‍ക്കേണ്ടത് കേന്ദ്ര-കേരള ഭരണങ്ങളെ നയിക്കുന്ന കോണ്‍ഗ്രസാണ്. ദൗര്‍ഭാഗ്യവശാല്‍ , കോണ്‍ഗ്രസും ആ പാര്‍ടിയുടെ നേതൃത്വവും അതിന് തയ്യാറാകുന്നില്ല. ഇതിന്റെ ഏറ്റവുമൊടുവിലത്തെ രണ്ട് ഉദാഹരണമാണ് സുപ്രീം കോടതിയില്‍ തിങ്കളാഴ്ച കേരളം നടത്തിയ അപഹാസ്യപ്രകടനവും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രിക്കുമുമ്പാകെ കഴിഞ്ഞ ദിവസം വച്ച വിചിത്രമായ ആവശ്യവും.

കേരളത്തിലെ 14 ജില്ലയില്‍ ഒന്നായ ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണമെന്നാണ് അവിടത്തെ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ പ്രാദേശിക പാര്‍ടികള്‍പോലും പറയാന്‍ തയ്യാറാകാത്ത കാര്യമാണിത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാരാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലംകത്തിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. മുല്ലപ്പെരിയാര്‍പ്രശ്നവുമായി ബന്ധപ്പെട്ട് സമീപനാളുകളില്‍ നടന്ന ആദ്യത്തെ അക്രമസംഭവമാണത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ പരസ്പരം കലഹിക്കാതെ യോജിച്ചുനില്‍ക്കണമെന്നാണ് പ്രാദേശിക പാര്‍ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ രണ്ട് പ്രമുഖ പാര്‍ടികളുടെ നേതാക്കള്‍ പുറപ്പെടുവിച്ച അഭ്യര്‍ഥനയില്‍ ഇരു സംസ്ഥാനത്തെയും ജനങ്ങളുടെ സഹകരണം നിലനിര്‍ത്താനുള്ള കാതലായ ഭാഗം ഉള്‍പ്പെടുത്തിയത് ആശ്വാസകരമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഇതേവരെ നല്‍കിവരുന്ന വെള്ളത്തിന്റെ അളവില്‍ ഒരു തുള്ളിപോലും കുറവുണ്ടാകാന്‍ പാടില്ലെന്നും പുതിയ അണക്കെട്ട് പണിയണമെന്നുമാണ് കേരള നിയമസഭ ആവശ്യപ്പെട്ടത്. ഇത് ഇരുസംസ്ഥാനത്തിനും സ്വീകരിക്കാന്‍ പ്രയാസമില്ലാത്ത നിര്‍ദേശമാണ്. തമിഴ്നാടിന് ചില ആശങ്ക നിലനില്‍ക്കുന്നതായി കേള്‍ക്കുന്നുണ്ട്. പുതിയ അണക്കെട്ട് പണിതാല്‍ ഇപ്പോള്‍ മുല്ലപ്പെരിയാറില്‍നിന്ന് ജലം കിട്ടുന്ന പ്രദേശങ്ങള്‍ മരുഭൂമിയായി മാറുമെന്നും കരാര്‍ പുതുക്കേണ്ടിവരുമെന്നും അങ്ങനെവന്നാല്‍ അത് തമിഴ്നാടിനെതിരാകുമെന്നും മറ്റുമുള്ള പ്രചാരവേലകള്‍ ചിലര്‍ ബോധപൂര്‍വം അഴിച്ചുവിടുന്നതായി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ പരിശോധിച്ച് ആശങ്കയ്ക്ക് അറുതി വരുത്തണം.

കേരളത്തിന്റെ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ വാദമാണ് തമിഴ്നാട്ടിലെ മുഖ്യ പാര്‍ടികളുടെ നേതാക്കള്‍ അവര്‍ക്കനുകൂലമായി പ്രസ്താവനകളില്‍ ഉദ്ധരിച്ചതായി കാണുന്നത്. അതിന് ഉമ്മന്‍ചാണ്ടി തൃപ്തികരമായ മറുപടി പറയണം. യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് വഴിതിരിച്ചുവിടാനും പ്രകോപനം സൃഷ്ടിക്കാനും സംഘര്‍ഷാവസ്ഥയുണ്ടാക്കാനുമാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇടുക്കി ജില്ല തമിഴ്നാടിനോട് ചേര്‍ക്കണമെന്ന കോണ്‍ഗ്രസ് എംപിമാരുടെ നിവേദനം ശുദ്ധ അസംബന്ധമാണ്. ഇതിന് മറുപടി പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. സങ്കുചിത പ്രാദേശികവാദം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചെയ്തികള്‍ കണ്ടില്ലെന്നുനടിക്കാതെ ഉടന്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും തയ്യാറാകണം. കേരളത്തിലെ ജനങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക വിവരണാതീതമാംവണ്ണം ഉയര്‍ന്നുനില്‍പ്പുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളും അനുദിനം വരുന്ന സംഭ്രമജനകമായ വാര്‍ത്തകളും പ്രസ്താവനകളുമെല്ലാം സ്ഥിതി വഷളാക്കുന്നു. ഏവരും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെയും സുപ്രീംകോടതിയെയുമാണ് ഉറ്റുനോക്കുന്നത്. കേരളത്തിന്റെ വാദങ്ങള്‍ ഫലപ്രദമായി സുപ്രീംകോടതിയെ ധരിപ്പിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മുന്തിയ കര്‍ത്തവ്യമാണ്. എന്നാല്‍ , മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ കേരളം അക്ഷന്തവ്യമായ വീഴ്ചവരുത്തി. നേരെചൊവ്വെ ഒരു അഭിഭാഷകനെ വയ്ക്കാന്‍പോലും സംസ്ഥാനത്തിനു കഴിഞ്ഞില്ല. കേസ് പരിഗണനയ്ക്കെടുക്കുന്നതിന് രണ്ടുമണിക്കൂര്‍മുമ്പ് മാത്രമാണ് കേരളം അഭിഭാഷകനെ ഏര്‍പ്പെടുത്തിയത്. വിഷയത്തിന്റെ അടിയന്തരസ്വഭാവം ബോധ്യപ്പെടുത്തുന്നതിനോ ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം ഫലപ്രദമായി അവതരിപ്പിക്കാനോ ജനങ്ങളുടെ ഭീതി പ്രതിഫലിപ്പിക്കാനോ അഭിഭാഷകന് കഴിഞ്ഞില്ല. സംസ്ഥാനത്തെ ജലവിഭവമന്ത്രിക്കുതന്നെ പരസ്യമായി നൈരാശ്യം രേഖപ്പെടുത്തേണ്ടിവന്നു. ഇത് സംസ്ഥാനസര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ പിടിപ്പുകേടാണ്. എജിയുടെ വാക്കുകള്‍ തമിഴ്നാടിന് ആയുധമായെങ്കില്‍ ഇവിടെ സര്‍ക്കാരിന്റെ കഴിവുകേട് കേരളത്തിന് തിരിച്ചടി നല്‍കിയിരിക്കുന്നു. കോണ്‍ഗ്രസ് അപക്വമായും ഉത്തരവാദരഹിതമായും പെരുമാറുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിനുപുറമെ ഇടുക്കി ജില്ല തമിഴ്നാടിനോട് ചേര്‍ക്കണമെന്ന പ്രശ്നംകൂടി ഉയര്‍ത്തുന്നതിലൂടെ ആ പാര്‍ടി അത്യന്തം വിപല്‍ക്കരമായ ഒരു നീക്കമാണ് നടത്തിയിരിക്കുന്നത്. ഇരുസംസ്ഥാനത്തെയും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഏതാനും ഛിദ്രശക്തികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. അത്തരം നീക്കങ്ങള്‍ക്ക് വളംവയ്ക്കുന്നതാണ് കോണ്‍ഗ്രസ് എംപിമാരുടെ നിലപാട്. ആ എംപിമാരെ പരസ്യമായി തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന് ബാധ്യതയുണ്ട്. അതല്ലെങ്കില്‍ ആ പാര്‍ടിയുടെ അഭിപ്രായംതന്നെയാണ് അതെന്ന് ജനങ്ങള്‍ക്ക് കരുതേണ്ടിവരും.

deshabhimani editorial 141211

1 comment:

  1. മുല്ലപ്പെരിയാര്‍പ്രശ്നം രണ്ട് ജനതകള്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും ഏറ്റുമുട്ടലിനും വഴിമരുന്നിടേണ്ട ഒന്നല്ലതന്നെ. നേരിയ പ്രകോപനംപോലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നിരിക്കെ, സങ്കുചിതചിന്തകളും വികാരങ്ങളും കെട്ടഴിച്ചുവിടുന്നവര്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തെ അനുകൂലിക്കുകയല്ല; മനുഷ്യരെ തമ്മിലടിപ്പിക്കുകയാണെന്ന് തിരിച്ചറിയപ്പെടണം. ദേശീയവീക്ഷണത്തോടെയും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചുമുള്ള ഇടപെടലും തീര്‍പ്പുമാണ് പ്രശ്നത്തില്‍ ഉണ്ടാകേണ്ടത്. അങ്ങനെയൊരു തീര്‍പ്പിലേക്കെത്താന്‍ സ്വാഭാവികമായും മുന്നില്‍നില്‍ക്കേണ്ടത് കേന്ദ്ര-കേരള ഭരണങ്ങളെ നയിക്കുന്ന കോണ്‍ഗ്രസാണ്. ദൗര്‍ഭാഗ്യവശാല്‍ , കോണ്‍ഗ്രസും ആ പാര്‍ടിയുടെ നേതൃത്വവും അതിന് തയ്യാറാകുന്നില്ല. ഇതിന്റെ ഏറ്റവുമൊടുവിലത്തെ രണ്ട് ഉദാഹരണമാണ് സുപ്രീം കോടതിയില്‍ തിങ്കളാഴ്ച കേരളം നടത്തിയ അപഹാസ്യപ്രകടനവും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രിക്കുമുമ്പാകെ കഴിഞ്ഞ ദിവസം വച്ച വിചിത്രമായ ആവശ്യവും.

    ReplyDelete