റഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പുരോഗമനശക്തികള്‍ക്ക് പുതിയ ആവേശവും പ്രോത്സാഹനവും നല്‍കുന്നതാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബഹുജനപിന്തുണയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരിക്കുന്നു. 450 അംഗങ്ങളുള്ള ഡ്യൂമയിലേക്ക് പ്രധാനമന്ത്രി വ്ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ടിക്ക് 49.54 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ 64.3 ശതമാനം വോട്ടുണ്ടായിരുന്നു. സീറ്റാകട്ടെ 315ല്‍നിന്ന് 238 ആയി കുറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ട് 12 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. സീറ്റ് 57ല്‍നിന്ന് 92 ആയി വര്‍ധിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ പുരോഗതിതന്നെയാണ്.
1917ലെ റഷ്യന്‍ വിപ്ലവം ലോകചരിത്രത്തിലെ വഴിത്തിരിവാണ്. മുതലാളിത്തവ്യവസ്ഥ അവസാനിപ്പിച്ച് പകരം സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ കഴിയുമെന്ന് ഒക്ടോബര്‍ വിപ്ലവം തെളിയിച്ചു. എല്ലാ രംഗത്തും തിളങ്ങുന്ന നേട്ടങ്ങള്‍ കൊയ്ത് സോവിയറ്റ് യൂണിയന്‍ ലോകത്തിനുമുന്നില്‍ ഉദിച്ചുയര്‍ന്നു; ലോക മഹാശക്തിയായി. 20 വര്‍ഷംമുമ്പ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത തിരിച്ചടിയുണ്ടായി. അതോടെ സോഷ്യലിസവും കമ്യൂണിസവും മരിച്ചുകഴിഞ്ഞെന്നും മാര്‍ക്സിസം- ലെനിനിസം കാലഹരണപ്പെട്ടെന്നും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ വിളിച്ചുകൂവി. മാനവരാശിയുടെ അവസാനഘട്ടം മുതലാളിത്തമാണെന്നവര്‍ ആശ്വസിച്ചു. ഇപ്പോള്‍ ചിത്രം പൂര്‍ണമായും മാറിയിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളെയും മറ്റ് വികസിത മുതലാളിത്ത ലോകത്തെയും ബാധിച്ച ആഴത്തിലുള്ള സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വീണ്ടെടുപ്പിന്റെ ഒരു ലക്ഷണവും കാണാനില്ല.
തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിക്കുന്നു. ആറിലൊന്ന് ജനത ദരിദ്രരാണെന്ന് അമേരിക്കയ്ക്ക് പരസ്യമായി പറയേണ്ടിവന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍സമരം അമേരിക്കയിലെ 100 നഗരങ്ങളിലേക്കും 82 രാജ്യങ്ങളിലേക്കും വ്യാപിച്ചു. മാനവരാശിയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്തവ്യവസ്ഥയ്ക്ക് കഴിവില്ലെന്നും ബദല്‍ സോഷ്യലിസം മാത്രമാണെന്നുമുള്ള സിപിഐ എം കാഴ്ചപ്പാട് യാഥാര്‍ഥ്യമാണെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. ജനകീയ ചൈന കൂടുതല്‍ അഭിവൃദ്ധിപ്രാപിക്കുകയും കരുത്താര്‍ജിക്കുകയും ചെയ്യുന്നു. ക്യൂബ, വടക്കന്‍ കൊറിയ, വിയത്നാം തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങളും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സംഭവവികാസങ്ങളും സാമ്രാജ്യത്വത്തിന് തിരിച്ചടിയാണ്. മഹാനായ കാള്‍ മാര്‍ക്സിന്റെ ദാസ് ക്യാപ്പിറ്റല്‍ (മൂലധനം) എന്ന ഗ്രന്ഥം ഒരിക്കല്‍ക്കൂടി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. വത്തിക്കാനുപോലും മൂലധനം വായിച്ചുപഠിക്കേണ്ട ഗ്രന്ഥമാണെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. മാര്‍ക്സ് തിരിച്ചുവരുന്നു എന്ന് വലതുപക്ഷക്കാര്‍ക്കുപോലും പറയേണ്ടിവന്നിരിക്കുന്നു. ഇത്തരം ഒരു പുതിയ സാഹചര്യത്തില്‍ റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ച കൂടുതല്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നു.
പുടിന്‍ അടുത്തകാലത്ത് സ്വീകരിച്ച നയസമീപനങ്ങളാണ് അദ്ദേഹത്തിന്റെ പാര്‍ടിയെ പൂര്‍ണമായ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചതെന്നുവേണം കരുതാന്‍ . സാമ്രാജ്യത്വശക്തികള്‍ക്കെതിരെ ഉറച്ചനിലപാടെടുക്കാന്‍ പുടിന്‍ തയ്യാറായി. ചൈനയുമായി നല്ല ബന്ധം സ്ഥാപിച്ചു. ബ്രിക്, ഷാങ്ഹായ് സഖ്യം എന്നിവയൊക്കെ പ്രധാന കാല്‍വയ്പുകളായി. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ , ലിബിയ എന്നിവിടങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ബ്രിട്ടീഷ് സാമ്രാജ്യത്വവും ഉള്‍പ്പെടെ സ്വീകരിച്ച ആക്രമണനടപടികളെ ഒരുപരിധിവരെ എതിര്‍ക്കാന്‍ തയ്യാറായി. എണ്ണവില വര്‍ധന റഷ്യയെ സാമ്പത്തികപ്രയാസങ്ങളില്‍നിന്ന് കരകയറ്റാനും സാമ്പത്തികനില മെച്ചപ്പെടുത്താനും സഹായിച്ചു. ഇതൊക്കെയാണ് നേരിയ ഭൂരിപക്ഷം നേടാന്‍ പുടിനെ സഹായിച്ചതെന്നുവേണം കരുതാന്‍ . ഇത്തരം സാഹചര്യത്തിലും റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. റഷ്യയിലെ തെരഞ്ഞെടുപ്പുഫലം പൊതുവില്‍ ഇടതുപക്ഷ പുരോഗമനശക്തികള്‍ക്ക് പ്രോത്സാഹജനകമാണെന്ന് വിലയിരുത്തുന്നതായിരിക്കും ശരി.
deshabhimani editorial 071211

ReplyDelete