Monday, December 12, 2011

മുഖ്യമന്ത്രിയോടൊപ്പമുള്ള ഡല്‍ഹിയാത്ര ആലോചിച്ച് തീരുമാനിക്കും: വി എസ്

കേരളത്തിലേക്കുള്ള മാര്‍ച്ച് തടഞ്ഞു

കുമളി: മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ പേരില്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കു മാര്‍ച്ച് നടത്തിയ ആയിരത്തിലധികം വരുന്ന സംഘത്തെ തമിഴ്നാട് പൊലീസ് തടഞ്ഞു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ മലയാളികളെ ആക്രമിക്കുന്നതും സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നതും തുടരുകയാണ്. കുമളിയിലും അതിര്‍ത്തിപ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷം ശമിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രാവിലെ 10ന് കമ്പത്തുനിന്നാരംഭിച്ച മാര്‍ച്ച് കേരള അതിര്‍ത്തിക്ക് 150 മീറ്റര്‍ അകലെവച്ചാണ് തമിഴ്നാട് പൊലീസ് തടഞ്ഞത്. പ്രകോപനപരമായ മുദ്രാവാക്യവുമായെത്തിയ സംഘം മന്ത്രി പനീര്‍ശെല്‍വത്തെ ചെരിപ്പെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ ആളുകള്‍ ചിതറിയോടി. വൈകിട്ട് നാലോടെ സ്ഥിതിഗതി വിലയിരുത്താനെത്തിയതായിരുന്നു തമിഴ്നാട് ധനമന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം. മാര്‍ച്ച് കണക്കിലെടുത്ത് കേരള പൊലീസ് കുമളിയിലും അതിര്‍ത്തിമേഖലയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. റോസാപ്പൂക്കണ്ടത്ത് മൂന്നുസ്ഥലത്തും ടൗണിലും അമരാവതിയിലുമായി മുന്നൂറിലധികം പൊലീസിനെ വിന്യസിച്ചു. അക്രമികളില്‍നിന്ന് മലയാളികളെ രക്ഷിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രി ഒരു ശ്രമവും നടത്തുന്നില്ല. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ശ്രമിക്കുന്നില്ല. കോണ്‍ഗ്രസ് എംപിയും മന്ത്രിമാരും മൗനം പാലിക്കുന്നു.

ഇതേ നിഷ്ക്രിയത്വം സംസ്ഥാന പൊലീസിന്റെ നടപടികളിലും പ്രതിഫലിക്കുന്നു. തമിഴ്നാട്ടില്‍നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് മുല്ലപ്പെരിയാര്‍ സമരം അക്രമത്തിലേക്ക് തിരിച്ചുവിട്ട കുമളിയിലെ കോണ്‍ഗ്രസുകാര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ശനിയാഴ്ച തമിഴ്നാട്ടില്‍നിന്നെത്തിയ അക്രമികള്‍ കുമളിയിയിലെ റോസാപ്പൂക്കണ്ടത്ത് വീടുകള്‍ എറിഞ്ഞു തകര്‍ത്തപ്പോള്‍ നാട്ടുകാര്‍ കുമളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ്സ്റ്റേഷനു തൊട്ടടുത്തുള്ള സ്ഥലത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസെത്തിയത്.

പൊലീസിന് വീഴ്ച പറ്റി: ഐജി

കുമളി: കുമളിയില്‍ ശനിയാഴ്ചയുണ്ടായ സംഘര്‍ഷം കൈകാര്യംചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ഐജി ശ്രീലേഖ. കേരള അതിര്‍ത്തിയിലെ സ്ഥിതിഗതി വിലയിരുത്താന്‍ ഞായറാഴ്ച രാവിലെ കുമളിയില്‍ എത്തിയതായിരുന്നു അവര്‍ . പൊലീസ് ചെക്ക്പോസ്റ്റില്‍ കേന്ദ്രീകരിച്ചതിനാല്‍ റോസാപ്പൂക്കണ്ടം വഴി അക്രമികള്‍ കടക്കുന്നത് തടയാനായില്ല. അക്രമികള്‍ കാട്ടിലൂടെ എത്തുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കി പൊലീസിനെ വിന്യസിക്കുന്നതില്‍ വീഴ്ചയുണ്ടായി.

എജിക്കു പിന്നിലെ മന്ത്രിയാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കോടിയേരി

തൃശൂര്‍ : മുല്ലപ്പെരിയാര്‍വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ നിലപാടാക്കി മാറ്റിയ മന്ത്രി ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എജിയുടെ വാദത്തിന് സമാനമായി കലക്ടറുടെ റിപ്പോര്‍ട്ടുണ്ടെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞത്. കലക്ടറെക്കൊണ്ട് ഈ റിപ്പോര്‍ട്ട് എഴുതിച്ച മന്ത്രിയാരാണെന്ന് വ്യക്തമാക്കണം. ഇതിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവരണം. എജിയുടെ വാദം മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലമാക്കി. തമിഴ്്നാട് മുഖ്യമന്ത്രി ജയലളിത ഇതാണ് ആയുധമാക്കുന്നത്. കരുണാനിധി നല്‍കിയ പത്രപരസ്യത്തിലും എജിയുടെ വാദങ്ങളാണ് കേരളത്തിനെതിരെ ഉപയോഗിക്കുന്നത്. എജിക്കെതിരെ നടപടിയെടുക്കാതെ, എജിയുടെ വാദങ്ങള്‍ മന്ത്രിസഭ തിരുത്തിയതുകൊണ്ട് കാര്യമില്ല. മുല്ലപ്പെരിയാര്‍വിഷയം പരിഹരിക്കുന്നതിന് പ്രതിപക്ഷം സഹകരിക്കുന്നതോടൊപ്പം സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാണിക്കുമെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പമുള്ള ഡല്‍ഹിയാത്ര ആലോചിച്ച് തീരുമാനിക്കും: വി എസ്

പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയോടൊപ്പം ഡല്‍ഹിയിലേക്കു പോകുന്നതിനെക്കുറിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ എം പുതുശേരി ഏരിയ സമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ അഡ്വക്കറ്റ് ജനറലിനെ പുറത്താക്കാത്ത യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ല. എജിയെ സംരക്ഷിക്കുന്നതിലൂടെ ജയലളിതയുടെ താല്‍പ്പര്യങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നതെന്ന് വ്യക്തമായി. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് താന്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് എജി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ യുഡിഎഫിന്റെ നിലപാട് സംസ്ഥാനതാല്‍പ്പര്യത്തിന് എതിരാണെന്ന് വ്യക്തമായിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കാണാന്‍ പ്രതിപക്ഷവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അപേക്ഷിച്ചത്.

എന്നാല്‍ , ഉമ്മന്‍ചാണ്ടി പറയുന്ന പച്ചക്കള്ളങ്ങള്‍ പ്രധാനമന്ത്രിയെ ബോധിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തിന് ആകില്ലെന്ന് വി എസ് പറഞ്ഞു. രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ അതിനു പരിഹാരം കാണേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പുതിയ ഡാം നിര്‍മിക്കണമെന്ന കേരളജനതയുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി ചങ്കൂറ്റം കാണിക്കണം. കേന്ദ്രം അനുവാദം നല്‍കിയാല്‍ കേന്ദ്രത്തിന്റെയോ തമിഴ്നാടിന്റെയോ ചില്ലിക്കാശുപോലും വാങ്ങാതെ പുതിയ ഡാം നിര്‍മിക്കാന്‍ കേരളജനത മുന്നിട്ടിറങ്ങുമെന്നതില്‍ സംശയമില്ല. പുതിയ ഡാം നിര്‍മിക്കണമെന്ന് കേരളം 1979 മുതല്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ , ചില അറ്റകുറ്റപ്പണികള്‍ നടത്തി തമിഴ്നാട് കേരളത്തിന്റെ ആവശ്യത്തെ അവഗണിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. കേസുകളെല്ലാം കേരളത്തിന് അനുകൂലമാകുന്നതിനുവേണ്ട നടപടികളും മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ വസ്തുതകള്‍ മറച്ചുവച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിലൂടെ കാര്യങ്ങള്‍ തമിഴ്നാടിന് അനുകൂലമായി മാറിയിരിക്കുകയാണ്-വി എസ് പറഞ്ഞു.

തമിഴ്നാട്ടിലെ അക്രമങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തെക്കന്‍ തമിഴ്നാട്ടില്‍ നടക്കുന്ന അക്രമസമരങ്ങളില്‍ നക്സല്‍ -മാവോയിസ്റ്റ് സാന്നിധ്യം. മേഖലയിലെ ജനങ്ങളെ കേരളത്തിനെതിരെ തിരിച്ച് അവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനും തമിഴരുടെ സംരക്ഷക വേഷംകെട്ടി കേരളത്തിലെ തമിഴ്മേഖലകളിലേക്കു കടക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി സമരരംഗത്തുള്ള സംഘടനകളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നു.

ഗൂഡല്ലൂര്‍ , കമ്പം തുടങ്ങിയ പ്രദേശങ്ങളില്‍ രൂപീകരിച്ച സംയുക്ത കര്‍ഷകസംഘടനയുടെ നേതൃത്വത്തിലാണ് ഏതാനും ദിവസങ്ങളായി സമരം നടക്കുന്നത്. മാവോയിസ്റ്റുകള്‍ , നക്സല്‍ സംഘടനയായ വ്യവസായ വിടുതലൈ മുന്നണി, വിടുതലൈചിരുത്തൈ, തമിഴ് ദേശീയ ഇയക്കം, പെരിയാര്‍ വൈഗൈ ഫാര്‍മേഴ്സ് അസോസിയേഷന്‍ , വൈകോയുടെ എംഡിഎംകെ എന്നിവയാണ് രംഗത്തുള്ളത്. സമരം മലയാളികള്‍ക്കെതിരെ തിരിഞ്ഞതോടെ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കമ്പം സ്വദേശി അബ്ബാസ് കഴിഞ്ഞദിവസം സംഘടനയില്‍നിന്ന് രാജിവച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊലീസ് വിഭാഗം ഈ മാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീണ്‍കുമാര്‍ അഭിനവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 50 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് മാവോയിസ്റ്റ് വിരുദ്ധ സേന.

സമരമുന്നണിയിലുള്ള വ്യവസായ വിടുതലൈ മുന്നണി തേനി ജില്ലയിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇവിടെ മാത്രം അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പത്തിനും ഉത്തമപാളയത്തിനുമിടയിലുള്ള തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കളുടെ സംഘവും സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ തമിഴ്നാട്ടില്‍ ക്യൂബ്രാഞ്ച് എന്ന പൊലീസിന്റെ പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. തേനി ജില്ലയിലും പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്ന വനമേഖല കേന്ദ്രീകരിച്ചും മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം മുമ്പ് പുറത്തുവന്നിരുന്നു. ഇവര്‍ക്ക് ആന്ധ്രയിലെ മാവോയിസ്റ്റ് പിന്തുണയുമുണ്ട്. തമിഴ്നാടിനോടു ചേര്‍ന്ന കുമളി വനമേഖലയിലും ജനവാസമേഖലയിലും ഏതാനും ദിവസംമുമ്പ് തമിഴ്നാട്-കേരള പൊലീസ് സംയുക്ത തെരച്ചില്‍ നടത്തിയിരുന്നു.

പ്രസംഗം നിര്‍ത്തി ജനുവരിയില്‍ ഡാമിന് കല്ലിടണം: ക്രിസോസ്റ്റം

കോഴഞ്ചേരി: പ്രസംഗങ്ങള്‍ നിര്‍ത്തി ജനുവരി ആദ്യവാരം പുതിയ ഡാമിന് തറക്കല്ലിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. സ്വന്തം മണ്ണില്‍ സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഇനിയും ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കരുത്. മാര്‍ത്തോമ്മാ യുവജനസഖ്യം നിരണം, മാരാമണ്‍ ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴഞ്ചേരിയില്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം പണിയുന്നതിന് ചര്‍ച്ചകള്‍ക്കും മറ്റുമായി കാലങ്ങള്‍ കാത്തിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ഭീതിജനകമായിരിക്കും. ഭൂകമ്പം നിയന്ത്രിക്കാന്‍ കഴിവുളള ആരെങ്കിലും നമ്മുടെ നിയമസഭയിലുണ്ടോ? ഡാം പൊട്ടിയാല്‍ തങ്ങള്‍ക്കൊന്നും വരില്ലെന്നാണ് ഡല്‍ഹിയിലുളളവര്‍ കരുതുന്നത്. എന്നാല്‍ , ജനങ്ങളില്ലെങ്കില്‍ ഇവര്‍ ആരെയാണ് ഭരിക്കുക. ഇനിയും അനുവാദത്തിന് കാത്തുനിന്നിട്ട് കാര്യമില്ല. പഴയ കരാര്‍ ജയലളിതയുടെ കൈയിലുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അത് അവരുടെ കൈയിലിരിക്കട്ടെ. നമുക്ക് പുതുതായി പണിയുന്ന ഡാമിന്റെ രേഖകള്‍ സൂക്ഷിച്ചാല്‍ മതി. ചിലര്‍ പരിസ്ഥിതിയെകുറിച്ചാണ് പറയുന്നത്. ജനങ്ങള്‍ക്കുവേണ്ടിയാണ് പരിസ്ഥിതിയെന്ന് അവര്‍ തിരിച്ചറിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിങ്ങളെ ജയിപ്പിക്കാന്‍ ഞങ്ങള്‍ വോട്ടുചെയ്തു. ഇപ്പോള്‍ ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കണം - ക്രിസോസ്റ്റം ആവശ്യപ്പെട്ടു.

മാര്‍ത്തോമ്മാ സഭ വികാരി ജനറല്‍ കെ എം മാമ്മന്‍ അധ്യക്ഷനായി. അഡ്വ. കെ ശിവദാസന്‍നായര്‍ എംഎല്‍ എ, പ്രൊഫ. ടി കെ ജി നായര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 121211

1 comment:

  1. മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ പേരില്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കു മാര്‍ച്ച് നടത്തിയ ആയിരത്തിലധികം വരുന്ന സംഘത്തെ തമിഴ്നാട് പൊലീസ് തടഞ്ഞു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ മലയാളികളെ ആക്രമിക്കുന്നതും സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നതും തുടരുകയാണ്. കുമളിയിലും അതിര്‍ത്തിപ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷം ശമിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

    ReplyDelete