പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് അടച്ചുപൂട്ടാനുള്ള മാനേജ്മെന്റിന്റെ ശുപാര്‍ശ പരിഗണനയ്ക്കായി ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തെന്ന കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തല്‍ ആശങ്ക ഉയര്‍ത്തുമ്പോഴും പ്രതീക്ഷയോടെ തൊഴിലാളികള്‍ . മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ ട്രേഡ്യൂണിയന്‍ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വെള്ളനാതുരുത്തില്‍ ശനിയാഴ്ച കരിമണല്‍ ഖനനം പുനരാരംഭിച്ചു.
വെള്ളനാതുരുത്തിലെ ഖനന മേഖലയില്‍ ഒരുമാസമായി ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. വെള്ളനാതുരുത്തില്‍ 18 വര്‍ഷമായി മണല്‍ കയറ്റിറക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന 240 തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് മൂന്നുമാസത്തിനുള്ളില്‍ ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി. കെ എന്‍ ബാലഗോപാല്‍ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഐആര്‍ഇ ലേ ഓഫ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള മാനേജ്മെന്റിന്റെ കത്ത് കേന്ദ്രം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയെന്ന് വ്യക്തമാക്കിയത്.
അയണിവേലിക്കുളങ്ങര, ആലപ്പാട്, പന്മന വില്ലേജുകളിലെ 450 ഏക്കര്‍ ഖനനത്തിനായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ പ്രക്ഷോഭത്തിന്റെ മറവിലാണ് നവംബര്‍ പത്തിന് വെള്ളനാതുരുത്തില്‍ കമ്പനി മാനേജ്മെന്റ് ലേ ഓഫ് പ്രഖ്യാപിച്ചത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ആറിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം വെള്ളനാതുരുത്തിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് ഉള്‍പ്പെടെ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ മന്ത്രി ഷിബു ബേബിജോണിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് എട്ടിന് കൊല്ലം ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
മുമ്പ് 650 സ്ഥിരം തൊഴിലാളികളാണ് വെള്ളനാതുരുത്തില്‍ പണിയെടുത്തിരുന്നത്. അവര്‍ പിരിഞ്ഞുപോയ മുറയ്ക്കാണ് 92ലും 2000ലും രണ്ടുഘട്ടമായി 240 തൊഴിലാളികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചത്. കമ്പനി പ്രതിസന്ധി നേരിടുമ്പോഴൊക്കെ ആദ്യം വെള്ളനാതുരുത്തിലാണ് ലേ ഓഫ് പ്രഖ്യാപിക്കുന്നത്. ദിവസം 70 ലോഡ് മണല്‍ കയറ്റിവിടണമെന്നാണ് നിബന്ധന. ഗതാഗത തടസ്സമുണ്ടായി ലോഡ് കുറഞ്ഞാലും ശമ്പളം വെട്ടിക്കുറയ്ക്കും. കമ്പനി മാനേജ്മെന്റ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രതിസന്ധി പുകമറയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
(സനല്‍ ഡി പ്രേം)
deshabhimani 121211
No comments:
Post a Comment