നിലവിലുള്ള നിയമങ്ങള്‍ മറികടന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വഴി ഇന്ത്യന്‍ ഓഹരികളില്‍ വന്‍നിക്ഷേപം നടത്താന്‍ വ്യവസായി അനില്‍ അംബാനി നടത്തിയ ശ്രമങ്ങള്‍ ഒരു ലണ്ടന്‍ ട്രൈബ്യൂണലില്‍ നടക്കുന്ന വിചാരണയില്‍ പുറത്തുവന്നിരിക്കുന്നു. അനില്‍ അംബാനിയുടെ അനില്‍ ദീരുഭായ് അംബാനി ഗ്രൂപ്പ് എന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റാണ് 'പ്ളയൂരി' എന്ന മൗറീഷ്യസിലെ ഒരു നിക്ഷേപ സ്ഥാപനത്തിന്റെ പേരില്‍ രാജ്യത്തെ നിയമങ്ങള്‍ മറികടന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപശ്രമം നടത്തി വെട്ടിലായത്. ഇന്ത്യന്‍ പൗരന്മാരോ കമ്പനികളോ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍വഴി രാജ്യത്ത് ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത് സഹസ്രകോടീശ്വരന്മാരായ കോര്‍പ്പറേറ്റ് മേധാവികള്‍ നേതൃത്വംനല്കുന്ന കള്ളപ്പണത്തിന്റെയും നിയമവിരുദ്ധ ഇടപാടുകളുടെയും രാജ്യത്തിന്റെമേല്‍ നടത്തുന്ന പകല്‍കൊള്ളയുടെയും കഥകളാണ് അനാവരണം ചെയ്യുന്നത്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട് ലണ്ടന്‍ ട്രൈബ്യൂണലില്‍ നടക്കുന്ന കേസ് പുറത്തുകൊണ്ടുവരുന്നത് മഞ്ഞുമലയുടെ ഒരു തുണ്ടുമാത്രമാണ്. ഇന്ത്യയുടെ സമ്പത്ത് നിര്‍ബാധം കൊള്ളയടിച്ച് നികുതി പറുദീസകളില്‍ നിക്ഷേപിച്ചിട്ടുള്ളവരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാന്‍ ഡോ മന്‍മോഹന്‍സിംഗ് ഗവണ്മെന്റ് നിരന്തരം വിസമ്മതിക്കവെ നടക്കുന്ന ഈ വിചാരണ കള്ളപ്പണവും കോര്‍പ്പറേറ്റ് മുതലാളിത്തവും അവര്‍ നിയന്ത്രിക്കുന്ന അഴിമതിസര്ക്കാരും തമ്മിലുള്ള കൂട്ടുകെട്ട് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
പ്രമുഖ സ്വിസ് ബാങ്കായ യു എസ് ബി (യൂണിയന് ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലാന്റ്) ലോകമെമ്പാടുമുള്ള കള്ളപ്പണക്കാരുടെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ ധനകാര്യസ്ഥാപനമാണ്. ബ്രിട്ടനിലെ ധനകാര്യ നിയന്ത്രണസംവിധാനമായ ഫൈനാന്‍ഷ്യല്‍ സര്‍വീസ് അതോറിറ്റി (എഫ് എസ് എ) യു എസ് ബിയുടെ ലണ്ടനിലെ ഇന്ത്യന്‍ ഡസ്ക് മേധാവി സചിന് കാര്പെയ്ക്ക് അനില്‍ അംബാനിയുടെ ഇടപാടിന്റെ പേരില്‍ 1.25 ദശലക്ഷം പൗണ്ട് പിഴ വിധിച്ചിരുന്നു. ഇതിനെതിരെ കാര്‍പെ ലണ്ടന്‍ ട്രൈബ്യൂണലില്‍ നല്കിയ പരാതിയാണ് അനില്‍അംബാനിയുടെ കള്ളപ്പണക്കഥകള് പുറത്തുവരാന്‍ ഇടയാക്കിയത്. എഫ് എസ് എ അഭിഭാഷകന് അതെപ്പറ്റി ട്രൈബ്യൂണലില്‍ പറഞ്ഞത്, ''പണത്തിന്റെ ഉറവിടം അംബാനി കുടുംബം തന്നെയാണെ''ന്നതും; ''അംബാനി ആവശ്യപ്പെട്ടതനുസരിച്ച് പണമിടപാട് നടത്തുകമാത്രമാണ് കാര്‍പെ ചെയ്തതെ''ന്ന കാര്പെയുടെ അഭിഭാഷകന് പറഞ്ഞതും അനില്‍ അംബാനിക്ക് ഈ കള്ളപ്പണഇടപാടിലും നിയമലംഘനത്തിലുമുള്ള പങ്ക് നിസംശയം വ്യക്തമാക്കുന്നു.
ലണ്ടന്‍ ട്രൈബ്യൂണലിലെ കേസ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതില്‍ അംബാനിമാരുടെ പങ്കിനെപ്പറ്റി മറ്റുചില സുപ്രധാന വിവരങ്ങളും പുറത്തുകൊണ്ടുവരുമെന്നാണ് സൂചന. കുപ്രസിദ്ധമായ 2 ജി കുംഭകോണത്തില്‍ ഉള്‍പ്പെട്ട യൂണിടെക് എന്ന കമ്പനിക്ക് 'പ്ളൂരി' എന്ന വിദേശ കമ്പനിയുമായുള്ള 240 കോടി രൂപയുടെ ഇടപാടുകളാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലിരിക്കുന്നത്. യൂണിടെക്കിന്റെ മാനേജിംഗ് ഡയറക്ടറും അനില്‍ അംബാനിയും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരും. അനില്‍ അംബാനിയുടെ മൂന്ന് എക്സിക്യൂട്ടീവുകള്‍ 2 ജി കുംഭകോണത്തില്‍ ഉള്‍പ്പെട്ട് ആറ് മാസക്കാലം ജയിലിലായിരുന്നുവെന്നത് ഇവിടെ കൂട്ടിവായിക്കപ്പെടേണ്ടതാണ്.
കള്ളപ്പണത്തിന്റെ വിദേശനിക്ഷേപത്തില്‍ ലോകത്തെ മറ്റേതു രാജ്യത്തെയും പിന്നിലാക്കുന്നതിന് ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. സ്വിസ് ബാങ്കുകളില്‍ മാത്രമുള്ള ഇന്ത്യയുടെ നിയമവിരുദ്ധ നിക്ഷേപം എഴുപത് ലക്ഷം കോടി രൂപയില്‍ കവിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ലോകത്തെ മറ്റ് നിരവധി നികുതി പറുദീസകളിലെ അനവധി ബാങ്കുകളിലായുള്ള നിക്ഷേപം എത്രവരുമെന്ന് ഇനിയും കണക്കാക്കാന്പോലുമായിട്ടില്ല. ഇന്ത്യയുടെ മൊത്തം വിദേശകടത്തിന്റെ പതിമൂന്ന് ഇരട്ടിയാണ് സ്വിസ് ബാങ്കിലെ കള്ളപ്പണനിക്ഷേപം.
അനില്‍ അംബാനി നേതൃത്വംനല്കുന്ന റിലയന്‍സ് ഇന്‍ഫ്റാ സ്ട്രക്ചറും, റിലയന്‍സ് നാച്വറല്‍ റിസോഴ്സസും രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (എസ് ഇ ബി ഐ) ഇരുപത്തിയഞ്ച് കോടി രൂപ പിഴയീടാക്കി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഈ കമ്പനികള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിന് 2012 ഡിസംബര്‍വരെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ നിയമം ലംഘിച്ച് സമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയും അവരെ കയറൂരി വിടുന്നതുമാണ് ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും അതിന്റെ നടത്തിപ്പുകാരായ കേന്ദ്ര ഗവണ്മെന്റുമെന്ന് മേല്പറഞ്ഞ വസ്തുതകള്‍ വെളിവാക്കുന്നു. ഈ പകല്കൊള്ളക്കാരും അവര്‍ നിയന്ത്രിക്കുന്ന ഭരണസംവിധാനവുമാണ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കും ജനങ്ങളുടെ അളവറ്റ ജീവിതദുരിതത്തിനും അടിസ്ഥാനകാരണം. ഇത് ചെറുക്കപ്പെടേണ്ടതാണ്. പരാജയപ്പെടുത്തേണ്ടതാണ്. അതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
janayugom editorial 161211
നിലവിലുള്ള നിയമങ്ങള്‍ മറികടന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വഴി ഇന്ത്യന്‍ ഓഹരികളില്‍ വന്‍നിക്ഷേപം നടത്താന്‍ വ്യവസായി അനില്‍ അംബാനി നടത്തിയ ശ്രമങ്ങള്‍ ഒരു ലണ്ടന്‍ ട്രൈബ്യൂണലില്‍ നടക്കുന്ന വിചാരണയില്‍ പുറത്തുവന്നിരിക്കുന്നു. അനില്‍ അംബാനിയുടെ അനില്‍ ദീരുഭായ് അംബാനി ഗ്രൂപ്പ് എന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റാണ് 'പ്ളയൂരി' എന്ന മൗറീഷ്യസിലെ ഒരു നിക്ഷേപ സ്ഥാപനത്തിന്റെ പേരില്‍ രാജ്യത്തെ നിയമങ്ങള്‍ മറികടന്ന് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപശ്രമം നടത്തി വെട്ടിലായത്.
ReplyDelete