Saturday, December 10, 2011

അമൃതയിലെ നേഴ്സുമാര്‍ നേടിയത് ചൂഷണത്തിനെതിരായ വിജയം

ജനപിന്തുണയോടെ നടത്തിയ മൂന്നുദിവസത്തെ സമരത്തിലൂടെ അമൃത ആശുപത്രിയിലെ നേഴ്സുമാര്‍ നേടിയത് ചൂഷണത്തിനെതിരായ വിജയം. വേതനവര്‍ധനയാവശ്യപ്പെട്ട നേഴ്സുമാരുടെ സംഘടനഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി തല്ലിച്ചതച്ച മാനേജ്മെന്റ്നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരംഭിച്ച സമരം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. ഇതേത്തുടര്‍ന്ന് നേഴ്സുമാര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചു.

ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ , യുവജനസംഘടന നേതാക്കളും വിവിധഘട്ടങ്ങളിലായി നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവരികയും ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുകയും ചെയ്തതോടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മാനേജ്മെന്റ് വഴങ്ങി. പുലര്‍ച്ചെ മൂന്നിന് ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖ മാനേജ്മെന്റ് കൈമാറി. ശമ്പളപരിഷ്കരണം, ജോലിസമയം എന്നിവയില്‍ മൂന്നുമാസത്തിനുള്ളില്‍ പഠനം നടത്തി നേഴ്സുമാരുടെ സംഘടനയുമായി ചര്‍ച്ചചെയ്ത് അനുകൂല തീരുമാനമെടുക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. സമരത്തിന്റെ പേരില്‍ ആരെയും പുറത്താക്കില്ലെന്നും സ്ഥലംമാറ്റിയ സംഘടനാഭാരവാഹിക്ക് ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കുമെന്നും ഉറപ്പു ലഭിച്ചിട്ടുണ്ട്. ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്ക് പരിചയസര്‍ട്ടിഫിക്കറ്റ് നല്‍കാനും ബോണ്ട് കാലാവധി കഴിഞ്ഞവര്‍ക്കും ആശുപത്രിയില്‍നിന്നുപോയ നേഴ്സുമാര്‍ക്കും സര്‍ട്ടിഫിക്കറ്റ് തിരികെനല്‍കാനും തീരുമാനമായി.

ചൊവ്വാഴ്ച നേഴ്സുമാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കാല്‍മുട്ടിന്റെ ചിരട്ട തകര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന തൃശൂര്‍ കൂട്ടാല താണിക്കാട്ട് വീട്ടില്‍ ബിബു ടി പൗലോസി(29)ന്റെ ചികിത്സാച്ചെലവ് വഹിക്കാമെന്ന് മാനേജ്മെന്റ് വാക്കാല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. യുഎഇയില്‍ ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ബിബു. മുട്ടുചിരട്ട തകര്‍ന്നതിനാല്‍ ആറുമാസത്തേക്ക് നില്‍ക്കാന്‍പോലും കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. തൃശൂര്‍ "ദയ" ആശുപത്രിയില്‍ കഴിയുന്ന ബിബുവിന് ആദ്യഘട്ട ശസ്ത്രക്രിയ നടത്തി. രണ്ടുലക്ഷത്തിലധികം രൂപ ചികിത്സാച്ചെലവു വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പി രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കലക്ടര്‍ പി ഐ ഷേഖ് പരീത്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എന്‍ ഗോപിനാഥ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍ , ബ്ലോക്ക് സെക്രട്ടറി എ ജി ഉദയകുമാര്‍ , കൗണ്‍സിലര്‍ എം പി മഹേഷ് കുമാര്‍ , യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍ , അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതാനന്ദപുരി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 101211

1 comment:

  1. ജനപിന്തുണയോടെ നടത്തിയ മൂന്നുദിവസത്തെ സമരത്തിലൂടെ അമൃത ആശുപത്രിയിലെ നേഴ്സുമാര്‍ നേടിയത് ചൂഷണത്തിനെതിരായ വിജയം. വേതനവര്‍ധനയാവശ്യപ്പെട്ട നേഴ്സുമാരുടെ സംഘടനഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി തല്ലിച്ചതച്ച മാനേജ്മെന്റ്നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരംഭിച്ച സമരം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. ഇതേത്തുടര്‍ന്ന് നേഴ്സുമാര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചു.

    ReplyDelete