Thursday, December 15, 2011

മുല്ലപ്പെരിയാര്‍: പന്ത് പ്രധാനമന്ത്രിയുടെ കോര്‍ട്ടില്‍

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടാനുള്ള സന്നദ്ധത ഒടുവില്‍ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു. ആഴ്ചകളായി കേരളത്തിലും തമിഴ്‌നാട്ടിലും ഇതേച്ചൊല്ലി സംഘര്‍ഷങ്ങളുടെ കാര്‍മേഘപടലങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു. അപ്പോഴെല്ലാം രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന സമുന്നതപദവി ഏല്‍പ്പിക്കുന്ന ചുമതലകള്‍ വിസ്മരിച്ചുകൊണ്ട് നിരീക്ഷകന്റെ പങ്കാണ് ഡോ. മന്‍മോഹന്‍സിംഗ് വഹിച്ചത്. 116 വര്‍ഷം പഴക്കമുള്ള ദുര്‍ബലമായ അണക്കെട്ടിന് താഴെ ജീവിക്കുന്ന നാല്‍പ്പതുലക്ഷത്തോളം മനുഷ്യര്‍ അക്ഷരാര്‍ഥത്തില്‍ ആശങ്കയുടെ മുള്‍മുനയിലാണ് ജീവിക്കുന്നത്. ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ പ്രാണന്‍ കൈയിലെടുത്തുകൊണ്ടാണ് നിമിഷങ്ങള്‍ തള്ളിനീക്കുന്നത്. ദുര്‍ബലമായ മുല്ലപ്പെരിയാര്‍ ഡാമിന് പകരം പുതിയ ഡാം നിര്‍മിക്കണമെന്നും അതുവരെ നിലവിലുള്ള ജലനിരപ്പ് 120 അടിയിലേക്ക് താഴ്ത്തണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം. രാജ്യത്തിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട പശ്ചാത്തലമിതാണ്.

ഇന്ത്യന്‍ പൗരന്മാരായ ദശലക്ഷക്കണക്കിനാളുകള്‍ ഭീകരമായ ആപത്തിനെ മുഖാമുഖം നേരിടുമ്പോള്‍ പ്രശ്‌നത്തിന്റെ അടിയന്തരസ്ഥിതി ഉള്‍ക്കൊള്ളുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയുമാണ് രാജ്യം ഭരിക്കുന്നവര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മരവിച്ച നിസംഗതയില്‍ നിന്ന് പ്രശ്‌നപരിഹാരം താനെ ഉരുത്തിരിയുമെന്ന മട്ടില്‍ പ്രധാനമന്ത്രി ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. എന്തായാലും ഒരിക്കലും ഉണരാത്തതിനേക്കാള്‍ നല്ലതാണ് വൈകിയാണെങ്കിലും ഉണരുന്നത്. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് ആ അര്‍ഥത്തിലാണ് സ്വാഗതം ചെയ്യപ്പെടുന്നത്.

ചര്‍ച്ചകള്‍ക്കുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന ഉപാധിയും പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫലവത്തായ ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമുണ്ടാകണമെന്നത് ന്യായമാണ്. എന്നാല്‍ ആ അന്തരീക്ഷമൊരുക്കല്‍ തര്‍ക്കത്തില്‍ കക്ഷികളായ രണ്ടു സംസ്ഥാനങ്ങളുടെ മാത്രം ചുമതലയാവുന്നതെങ്ങനെ? അതില്‍ ഒരു പങ്കും കേന്ദ്രഗവണ്‍മെന്റിന് വഹിക്കാനില്ലെന്ന വാദഗതി ദേശീയ ഐക്യത്തിന്റെ ഏത് അളവുകോല്‍ വച്ച് അളന്നാലാണ് ന്യായീകരിക്കാനാവുന്നത്?

ആശങ്കയുടെ നെരിപ്പോടില്‍ നില്‍ക്കുമ്പോഴും കേരളം ഉയര്‍ത്തിയ നിലപാടിന്റെ മഹത്വം ഇന്ത്യ ശ്രദ്ധിക്കേണ്ടതാണ്. 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്നാണ് കേരളം പറഞ്ഞത്. ഇത്രയും വിശാല വീക്ഷണത്തോടു കൂടിയതും ദേശീയ ഐക്യത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നതുമായ മുദ്രാവാക്യം നദീജല തര്‍ക്കങ്ങളുടെ ചരിത്രത്തിലെവിടെയും കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നിച്ചുയര്‍ത്തിയ ആ നിലപാടിന്റെ അര്‍ഥം ഉള്‍ക്കൊള്ളാന്‍ പലപ്പോഴും പരാജയപ്പെട്ടത് മന്ത്രിമാരാണ്. സംയമനം പാലിക്കേണ്ട ഘട്ടങ്ങളില്‍ വികാരങ്ങള്‍ക്ക് തീപിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞവര്‍ ചില മന്ത്രിമാരാണ്. അന്ത്യശാസനം നല്‍കി മുന്നിലിരിക്കുന്ന പത്ത് അനുയായികളുടെ കൈയടി വാങ്ങാന്‍ ശ്രമിച്ചവരും മന്ത്രിമാരാണ്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഭാഗം വാദിച്ച അഡ്വക്കേറ്റ് ജനറലിനെക്കൊണ്ട് കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന വര്‍ത്തമാനം പറയിച്ചതും മന്ത്രിമാര്‍ തന്നെ. അത്തരക്കാരുടെ നാവിന് ബ്രേക്കിടേണ്ടത് മുഖ്യമന്ത്രിയും യു ഡി എഫ് - യു പി എ നേതൃത്വങ്ങളുമാണ്.

മുല്ലപ്പെരിയാര്‍ ഡാമിനെച്ചൊല്ലിയുള്ള തര്‍ക്കം കേരള-തമിഴ്‌നാട് ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറരുതെന്ന് ഏവര്‍ക്കും നിര്‍ബന്ധമുണ്ടാകണം. അങ്ങനെ സംഭവിച്ചാല്‍ അത് ഇരുജനതകള്‍ക്കും ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങള്‍ പ്രവചനാതീതമായിരിക്കും. അതിര്‍ത്തിയുടെ ഇരുഭാഗത്തുമുള്ള ഏതാനും കുബുദ്ധികള്‍ ആകരുത് മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങളുടെ ഗതി നിര്‍ണയിക്കുന്നത്. ആ വഴിക്ക് കാര്യങ്ങള്‍ വളരാന്‍ വിടുമ്പോഴാണ് ഇടുക്കി ജില്ല തമിഴ്‌നാടിന്റെ ഭാഗമാക്കുക തുടങ്ങിയ നിരുത്തരവാദിത്വപരമായ മുദ്രാവാക്യങ്ങളുയരുന്നത്.
രാഷ്ട്രീയപാര്‍ട്ടികളുടെയും ഗവണ്‍മെന്റുകളുടെയും പക്വതയുടെ ഉരകല്ലായി മുല്ലപ്പെരിയാര്‍ പ്രശ്‌നം മാറിക്കഴിഞ്ഞു. പ്രധാനമന്ത്രിയാണ് ഇനി മുന്‍കൈയെടുത്ത് ഇരു മുഖ്യമന്ത്രിമാരെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യേണ്ടത്. ആ ചര്‍ച്ചയിലൂടെ 'കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും' എന്ന തത്വത്തിലൂന്നിയ പ്രശ്‌നപരിഹാരം സാധ്യമാകും. ആ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രിക്ക് ഈ വൈകിയ വേളയിലെങ്കിലും സാധിക്കട്ടെ.

janayugom editorial 151211

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടാനുള്ള സന്നദ്ധത ഒടുവില്‍ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു. ആഴ്ചകളായി കേരളത്തിലും തമിഴ്‌നാട്ടിലും ഇതേച്ചൊല്ലി സംഘര്‍ഷങ്ങളുടെ കാര്‍മേഘപടലങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു. അപ്പോഴെല്ലാം രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന സമുന്നതപദവി ഏല്‍പ്പിക്കുന്ന ചുമതലകള്‍ വിസ്മരിച്ചുകൊണ്ട് നിരീക്ഷകന്റെ പങ്കാണ് ഡോ. മന്‍മോഹന്‍സിംഗ് വഹിച്ചത്. 116 വര്‍ഷം പഴക്കമുള്ള ദുര്‍ബലമായ അണക്കെട്ടിന് താഴെ ജീവിക്കുന്ന നാല്‍പ്പതുലക്ഷത്തോളം മനുഷ്യര്‍ അക്ഷരാര്‍ഥത്തില്‍ ആശങ്കയുടെ മുള്‍മുനയിലാണ് ജീവിക്കുന്നത്. ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ പ്രാണന്‍ കൈയിലെടുത്തുകൊണ്ടാണ് നിമിഷങ്ങള്‍ തള്ളിനീക്കുന്നത്. ദുര്‍ബലമായ മുല്ലപ്പെരിയാര്‍ ഡാമിന് പകരം പുതിയ ഡാം നിര്‍മിക്കണമെന്നും അതുവരെ നിലവിലുള്ള ജലനിരപ്പ് 120 അടിയിലേക്ക് താഴ്ത്തണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം. രാജ്യത്തിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട പശ്ചാത്തലമിതാണ്.

    ReplyDelete