Saturday, December 17, 2011

ചിദംബരത്തിന്റെത് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന: പിണറായി

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ ആശങ്ക ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടെന്ന് ചിദംബരം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന കേരളത്തിന്റെ ആശങ്ക അനാവശ്യമാണെന്നും പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തിന്റെ ആശങ്ക തീരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടംകുളം, മുല്ലപ്പെരിയാര്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് തമിഴ്നാട് ഘടകം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി അവസാനം ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാര്‍ച്ച് ആദ്യവാരത്തോടെ തമിഴ്നാടിന് അനുകൂലമായ വിധിയുണ്ടാകുമെന്നും ചിദംബരം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള അനുമതി തേടി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടതിനുശേഷമാണ് കോണ്‍ഗ്രസിലെയും യുപിഎ മന്ത്രിസഭയിലെയും പ്രധാനിയായ ചിദംബരത്തിന്റെ പ്രസ്താവന. ചിദംബരത്തിന് കേന്ദ്രമന്ത്രിസഭയില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് പ്രതികരിച്ചു. ചിദംബരത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

ചിദംബരത്തിന്റെത് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന: പിണറായി

രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രശ്നമാക്കി മുല്ലപ്പെരിയാര്‍ വിഷയത്തെ മാറ്റുന്ന കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയിരിക്കുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ സ്വതന്ത്രമായ നിയമവ്യവഹാര പ്രക്രിയയെ തടസപ്പെടുത്തുന്നതും പ്രധാനമന്ത്രിയുടെ ഭരണനിര്‍വ്വഹണ നടപടികളെ തടസപ്പെടുത്തുന്നതുമായ പരസ്യപ്രസ്താവനയാണ് ചിദംബരത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഉടനടി പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പ് പറയാന്‍ പ്രധാനമന്ത്രി ഉപദേശിക്കണം. മാപ്പിന് തയ്യാറാകുന്നില്ലെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ചിദംബരത്തെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണം.

വരാന്‍ പോകുന്ന സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് തനിക്ക് ഉണ്ടെന്ന ചിദംബരത്തിന്റെ പരസ്യ വിളംബരം ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് മേലുള്ള കൈകടത്തലാണ്. മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കുകയും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിരുത്തരവാദപരവും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ലംഘിക്കുന്നതുമായ ഇടപെടല്‍ ചിദംബരത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളം ഒന്നായി പ്രകടിപ്പിക്കുന്ന ആശങ്ക പിറവം ഉപതെരഞ്ഞെടുപ്പിനെ ലാക്കാക്കിയാണെന്ന ചിദംബരത്തിന്റെ അഭിപ്രായം ബാലിശമാണ്. അടിക്കടി ഉണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് കേരളത്തിലെ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു. ഈ ഗൗരവം കൂടി കണക്കിലെടുത്താണ് പ്രശ്നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെറ്റായ ദിശയിലേക്കാണ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിക്കുന്നത്. ചിദംബരത്തിന്റെ പ്രകോപനപരവും ഭരണഘടനാ വിരുദ്ധവും സങ്കുചിതവുമായ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ടിയുടെ ദേശീയ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുന്നോട്ട് വരണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അക്രമത്തിന് കാരണം കുപ്രചരണമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ മ ലയാളികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ജോലി തേടിയെത്തിയ തമിഴ്നാട്ടുകാര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ തമിഴ്നാട്ടുകാര്‍ വീഴരുതെന്നും ഉമ്മന്‍ചാണ്ടി. തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ തമിഴ്നാട്ടുകാര്‍ക്കെതിരെ ഒരുതരത്തിലുള്ള അക്രമവും നടക്കുന്നില്ല. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും വരുന്ന അയ്യപ്പഭക്തര്‍ കേരളത്തില്‍ അക്രമത്തിനിരയാകുന്നുവെന്ന വാര്‍ത്തയാണ് തമിഴ്നാട്ടില്‍ പ്രചരിക്കുന്നത്. കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യം കേരളം ഉന്നയിക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും തമിഴ്നാടിന് കൊടുക്കുന്ന വെള്ളത്തില്‍ കുറവ് വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

deshabhimani news

1 comment:

  1. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രശ്നമാക്കി മുല്ലപ്പെരിയാര്‍ വിഷയത്തെ മാറ്റുന്ന കുറ്റകരമായ ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയിരിക്കുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ സ്വതന്ത്രമായ നിയമവ്യവഹാര പ്രക്രിയയെ തടസപ്പെടുത്തുന്നതും പ്രധാനമന്ത്രിയുടെ ഭരണനിര്‍വ്വഹണ നടപടികളെ തടസപ്പെടുത്തുന്നതുമായ പരസ്യപ്രസ്താവനയാണ് ചിദംബരത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഉടനടി പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പ് പറയാന്‍ പ്രധാനമന്ത്രി ഉപദേശിക്കണം. മാപ്പിന് തയ്യാറാകുന്നില്ലെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ചിദംബരത്തെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണം.

    ReplyDelete