ചികിത്സാ ചെലവിന്റെ ശരാശരി 70 ശതമാനം മരുന്നുകള്‍ വാങ്ങാനാണ് വേണ്ടിവരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടിയാല്‍ മറ്റെല്ലാറ്റിനും വില വര്‍ധിക്കും എന്നതുപോലെതന്നെ, മരുന്നുകളുടെ നേരിയ വിലവര്‍ധന ജനജീവിതത്തെ സാരമായി ബാധിക്കും. ചികിത്സാ ചെലവു താങ്ങാനാകാത്തതിനാല്‍ ആശുപത്രിയില്‍ പോകാത്തവരാണ് ഇന്ത്യയിലെ 23 ശതമാനം ജനങ്ങള്‍ . ചികിത്സ നടത്തിയതുകൊണ്ടുമാത്രം പരമ ദരിദ്രാവസ്ഥയിലെത്തിയ അനേക കോടി ജനങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. നിത്യേന മരുന്നുകഴിക്കേണ്ട തരത്തിലുള്ള അസുഖംബാധിച്ചവര്ക്ക് മരുന്നിനുവേണ്ടിയുള്ള ചെലവ് താങ്ങാനാകാതെ വരും. ഇതെല്ലാം കണക്കിലെടുത്താണ് മരുന്നുകള്‍ക്ക് ഇനിയും വിലകൂട്ടുന്നത് കണ്ടുനില്‍ക്കാനാകില്ല; അത്തരം നീക്കങ്ങളില്‍നിന്ന് അടിയന്തരമായി പിന്മാറണം എന്ന് കഴിഞ്ഞമാസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞത്.
ആധുനിക സമൂഹത്തില്‍ നിത്യോപയോഗസാധനങ്ങളുടെ കൂട്ടത്തില്‍തന്നെയാണ് മരുന്നുകളും-ഏറെ പ്രാധാന്യമുള്ള നിത്യോപയോഗവസ്തു. വിപണിയില്‍ സര്‍വ സാധനങ്ങള്‍ക്കും വില വര്‍ധിക്കുമ്പോള്‍ മരുന്നു വ്യാപാരമേഖലയില്‍ അതിന്റെ തോത് വിപത്കരമാംവിധം വലുതാണ്. മരുന്നുവില താരതമ്യേന കുറഞ്ഞ രാജ്യമായിരുന്നു ഇന്നലെവരെ ഇന്ത്യ. ഔഷധവില നിയന്ത്രണ നിയമം ഇവിടെ ഫലപ്രദമായിരുന്നു. ഔഷധവ്യവസായത്തില്‍ വിദേശ മുതല്‍മുടക്കിനും അനാശാസ്യമായ മാര്‍ക്കറ്റിങ്ങിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഏതാണ്ടെല്ലാ അവശ്യമരുന്നുകളും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയും രാജ്യം നേടിയിരുന്നു. ജീവന് രക്ഷാമരുന്നുകള്‍ തനതായി ഉല്‍പ്പാദിപ്പിച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞതുമൂലമാണ് ലോകാരോഗ്യസംഘടനയുടെ പ്രശംസ പിടിച്ചുപറ്റുംവിധം ഇന്ത്യന്‍ ഔഷധമേഖല ഉയര്‍ന്നത്.
1972ല്‍ നടപ്പാക്കിയ പേറ്റന്റ് നിയമത്തില്‍ 2005ല്‍ മാറ്റം വരുത്തിയതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. വിദേശകമ്പനികളുടെ പേറ്റന്റ് ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അധികാരമില്ലാതായി. ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഔഷധങ്ങളുടെ എണ്ണം പടിപടിയായി കുറച്ചു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മരുന്നുകള്‍ക്ക് ശരാശരി 30-50 ശതമാനം വിലവര്‍ധിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയാണ്. പ്രമേഹരോഗികള്‍ക്ക് അവശ്യം വേണ്ട 62 ഇനം മരുന്നുകളുടെ വിലയില്‍ 5-18 ശതമാനം വര്‍ധന വരുത്താന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി തീരുമാനിച്ചത് ഈയിടെയാണ്.
പുതിയതരം ഔഷധങ്ങള്‍ക്ക് പരീക്ഷണഘട്ടത്തിലെ ഭീമന് ചെലവുകഴിഞ്ഞാല്‍ ഉല്‍പ്പാദനച്ചെലവ് തുലോം കുറവാണ്. ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്പ്പാദിപ്പിക്കുന്നതാകയാല് രാസൗഷധങ്ങളേക്കാള് വളരെ കുറഞ്ഞ പണംചെലവിട്ട് ഉല്‍പ്പാദനം നടക്കുമെന്നിരിക്കെയാണ്, അതിശയകരമാംവിധം വന്‍വില മരുന്നുകള്‍ക്ക് ഈടാക്കുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ച് രാജ്യത്തും പുറത്തും മരുന്ന് എത്തിച്ചിരുന്ന ഇന്ത്യന്‍ കമ്പനികള്‍ പലതും ഇന്ന് വിദേശ കമ്പനികളുടെ കീഴിലായി. വിദേശ കമ്പനികളാകട്ടെ ഇവിടെ യഥേഷ്ടം ഗവേഷണവും പരീക്ഷണവും ഇന്ത്യക്കാരുടെ ചെലവില്‍ നടത്തുന്നു.
കേന്ദ്രസര്‍ക്കാര്‍ മരുന്നു കുത്തകകളുടെ ആരോഗ്യത്തില്മാത്രമാണ് ശ്രദ്ധചെലുത്തുന്നത്. യുപിഎ സര്‍ക്കാര്‍ നീങ്ങുന്നത് 1977ലെ ഔഷധവില നിയന്ത്രണനിയമം പൂര്‍ണമായി ഉപേക്ഷിക്കുന്നതിലേക്കാണ്. ജീവന് രക്ഷാ മരുന്നുവില ബഹുരാഷ്ട്രകുത്തക കമ്പനികളുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ പോകുന്നു. ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തതായാണ് 2011ലെ ഔഷധവില നിശ്ചയിക്കല്‍ നയരേഖയില്‍ വ്യക്തമാകുന്നത്. പതിവുപോലെ അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനെന്ന വ്യാജപ്പേരിലാണ് ഈ ജനവിരുദ്ധതീരുമാനം അടിച്ചേല്‍പ്പിക്കാന്‍ പോകുന്നത്. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുമാറ്റിയതുപോലെ കമ്പോളാടിസ്ഥാന വില നിശ്ചയിക്കല്‍ നയമാണുണ്ടാകുക. അമിത വിലയ്ക്ക് വില്‍ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കാന്‍ പേറ്റന്റെടുത്ത കമ്പനി തയ്യാറായില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ തയ്യാറുള്ള മറ്റ് കമ്പനികള്‍ക്ക് ഉല്‍പ്പാദനത്തിന് അനുമതി നല്കാന് നിലവില്‍ വ്യവസ്ഥയുണ്ട്.
പൊതുമേഖലയിലെ ഔഷധകമ്പനികള്‍ക്ക് ഇതനുസരിച്ച് ഔഷധവില കുറയ്ക്കാന്‍ കഴിയും. ഇന്ത്യക്കാരുടെ ആരോഗ്യ താല്‍പ്പര്യങ്ങളേക്കാള്‍ വലുതായി നവ ലിബറല്‍ നയങ്ങളെയും ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെ ലാഭസാധ്യതയെയും പരിലാളിക്കുന്ന യുപിഎ സര്‍ക്കാരില്‍നിന്ന് സ്വമേധയാ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. ജനകീയാരോഗ്യ പ്രസ്ഥാനം ഈ പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവരാനും പ്രതിഷേധമുയര്‍ത്താനും തീവ്രമായി ഇടപെടുന്നുണ്ട്. അതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തബോധമുള്ള എല്ലാ ബഹുജനസംഘടനകളുടെയും ശ്രദ്ധാവിഷയമായി ഇത് മാറേണ്ടതാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെത്തന്നെയാണ് മരുന്നുകമ്പനികളുടെ കൊള്ളയിലൂടെ ചോദ്യം ചെയ്യുന്നത്. അത്തരം ക്രൂരമായ കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നത് ജനവിരുദ്ധനയങ്ങളില്‍ ഇതിനകം റെക്കോഡുകള്‍ സൃഷ്ടിച്ച യുപിഎ സര്‍ക്കാര്‍ തന്നെയാണ്. ജനങ്ങളുടെ ശക്തമായ പ്രതികരണമുയര്ന്നില്ലെങ്കില് സ്വര്‍ണത്തേക്കാള്‍ വിലയുള്ള മരുന്നുകിട്ടാതെ മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുവീഴുന്ന രാജ്യമായിക്കൂടി ഇന്ത്യ മാറും.
deshabhimani editorial 051211
ആരോഗ്യ മേഖലയിലെ ആഗോളവല്‍ക്കരണ നയവും സ്വകാര്യനിക്ഷേപവും ഇന്ത്യയിലെ പൊതു ആരോഗ്യരംഗം തകര്‍ക്കുമെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. സിപിഐ എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് കോന്നിയില്‍ "ആഗോളവല്ക്കരണവും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും ചെലവുകുറച്ച് ഏറ്റവും ഗുണമേന്മയുള്ള മരുന്നുകള്‍ നിര്‍മിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ , കേന്ദ്ര ഭരണാധികാരികള്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണം ഇന്ത്യന്‍ ആരോഗ്യരംഗത്തെ അടിമുടി തകര്‍ക്കും. അമേരിക്കയിലും മറ്റും ആരോഗ്യ രംഗത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ചക്ക് പ്രധാന കാരണം സ്വകാര്യവല്‍ക്കരണമാണെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete