മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നിലപാടില്‍ പ്രതിഫലിച്ചുകാണുന്നത് കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നിലപാടല്ല എന്നു കരുതാന്‍ കാരണമൊന്നും കാണുന്നില്ല. പ്രസ്താവനയിലൂടെ ചിദംബരം കൈക്കൊണ്ട നിലപാടും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നിഷ്ക്രിയത്വത്തിലൂടെ മാസങ്ങളായി കൈക്കൊണ്ടുപോരുന്ന നിലപാടും തമ്മിലുള്ള പൊരുത്തം ശ്രദ്ധേയമാണ്. ഒരാള്‍ വാക്കുകൊണ്ടാണെങ്കില്‍ മറ്റൊരാള്‍ മൗനംകൊണ്ട് ഒരേ നിലപാടുതന്നെ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി മുന്‍കൈയെടുക്കേണ്ട പ്രധാനമന്ത്രി ഒരിക്കലും അത് ചെയ്തില്ല. ഇരു മുഖ്യമന്ത്രിമാരെയും വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുക്കാമായിരുന്നു. അതുചെയ്യാന്‍ തുടക്കത്തില്‍ത്തന്നെ പ്രധാനമന്ത്രി വിസമ്മതിച്ചു.
അന്തര്‍സംസ്ഥാന തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്ന രീതിയുണ്ട്; ദേശീയ വികസന കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്ന രീതിയുണ്ട്. ഈ വഴിക്കൊന്നും ഒരു മുന്‍കൈയും എടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒരുക്കമല്ല. ഈ മൗനവും നിഷ്ക്രിയത്വവും എന്താണ് അര്‍ഥമാക്കുന്നതെന്ന് ചിദംബരത്തിനറിയാം. ആ അറിവില്‍നിന്നുണ്ടാകുന്ന ധൈര്യമാണ് കേരളവിരുദ്ധമായ ഒരു പ്രസ്താവന നടത്താനുള്ള ധൈര്യം നല്‍കിയത്. വിവാദ പ്രസ്താവനയിലൂടെ ഭരണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണ് ചിദംബരം നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ യൂണിയനെ ഒന്നായിക്കാണാനും അതിന്റെ ഐക്യം സംരക്ഷിക്കാനും ഭരണഘടനയാലും സത്യപ്രതിജ്ഞയാലും ബാധ്യസ്ഥനായ ആഭ്യന്തരമന്ത്രിയാണ് സംസ്ഥാനങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയത്; ഒരു സംസ്ഥാനത്തിന്റെ ഭാഗംചേര്‍ന്ന് മറ്റൊരു സംസ്ഥാനത്തിനെതിരെ പ്രസംഗിച്ചത്. അതിലുമുപരിയായി ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കുന്ന തരത്തില്‍ ഇടപെടുകയും ജുഡീഷ്യറിയെ സ്വാധീനിക്കുന്ന തരത്തില്‍ കോടതിമുമ്പാകെയുള്ള തര്‍ക്കപ്രശ്നത്തില്‍ അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിട്ടുള്ളത്. ന്യായീകരണമില്ലാത്ത ഈ പ്രവൃത്തി മുന്‍നിര്‍ത്തി ചിദംബരത്തെ മന്ത്രിസഭയില്‍നിന്ന് നീക്കുന്നതുപോയിട്ട് അദ്ദേഹത്തോട് വിശദീകരണം ചോദിക്കാനുള്ള ആര്‍ജവംപോലും പ്രധാനമന്ത്രി കാട്ടുന്നില്ല. പ്രധാനമന്ത്രിയും ചിദംബരവും ഒരേ നിലപാട് പങ്കിടുന്നുവെന്നതിന് ഇതില്‍കവിഞ്ഞ തെളിവുവേണ്ട. ചിദംബരം തന്റെ പരാമര്‍ശങ്ങളിലൊന്ന് പിന്‍വലിച്ചുവെന്നുള്ള വിശദീകരണവുമായി അദ്ദേഹത്തെ വെള്ളപൂശിയെടുക്കാനുള്ള വ്യര്‍ഥശ്രമങ്ങളാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ വന്നതുകൊണ്ടുള്ള വെപ്രാളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍പ്രശ്നം ഉയര്‍ന്നുവന്നതിനുപിന്നിലുള്ളത് എന്ന പരാമര്‍ശം ചിദംബരം പിന്‍വലിച്ചുവത്രേ. പരസ്യമായി മാധ്യമങ്ങള്‍ക്കുമുമ്പില്‍നിന്ന് ഒരു പ്രസ്താവന നടത്തിയിട്ട് രഹസ്യമായി കത്തെഴുതി പിന്‍വലിച്ചാല്‍ മതിയോ? പരസ്യപ്രസ്താവന ഉണ്ടാക്കിവച്ച നാശമൊക്കെ ഇല്ലായ്മചെയ്യാന്‍ അതു മതിയാകുമോ? റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഉന്നതാധികാര സമിതിക്കുള്ള നിര്‍ദേശം പരസ്യമായിട്ടും സംസ്ഥാന കോണ്‍ഗ്രസിനുള്ള ആശ്വസിപ്പിക്കല്‍ പരിപാടി രഹസ്യമായിട്ടും. ഇതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടോ?
ചിദംബരം നിലപാട് തിരുത്തിയതുപോലും പറഞ്ഞ പല കാര്യങ്ങളില്‍ ഒന്നു മാത്രമാണ്. ഉപതെരഞ്ഞെടുപ്പ് പരാമര്‍ശത്തില്‍മാത്രം. ഉന്നതാധികാരസമിതി നല്‍കുന്ന റിപ്പോര്‍ട്ടും അന്തിമമായ കോടതിവിധിയും തമിഴ്നാടിന് അനുകൂലമാകുമെന്ന് പറഞ്ഞതില്‍ ഒരു ഭേദഗതിയും ചിദംബരം വരുത്തിയിട്ടില്ല. ഉന്നതാധികാരസമിതി കൈക്കൊള്ളുന്ന നിലപാട് എന്താകുമെന്ന് ചിദംബരം എങ്ങനെ അറിഞ്ഞു? സുപ്രീംകോടതി പറയാനിരിക്കുന്ന വിധി ഏതു വിധമാവുമെന്ന് ചിദംബരം എങ്ങനെ അറിഞ്ഞു? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ. ഉപതെരഞ്ഞെടുപ്പ് പരാമര്‍ശത്തില്‍ നിലപാട് മാറ്റിയെങ്കിലത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയമായി വൈഷമ്യത്തിലാകുമെന്നതുമാത്രം മുന്‍നിര്‍ത്തിയാണ്. ഉപതെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് കേരളസര്‍ക്കാര്‍ വെപ്രാളപ്പെടുന്നതാണ് പ്രശ്നം എന്നുപറഞ്ഞാല്‍ അതിനര്‍ഥം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുകയേ ഉള്ളൂവെന്ന് കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട് എന്നാണല്ലോ. ആ സന്ദേശം ദോഷകരമാണെന്ന് മനസിലാക്കിയതുകൊണ്ടുമാത്രമാണ്, അതില്‍ തിരുത്തല്‍ വരുത്തിക്കാന്‍ കെപിസിസി നേതൃത്വം ഇടപെട്ടതും ഒരു കത്ത് ചിദംബരം അയച്ചുകൊടുത്തതും. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. ആ നിലയ്ക്ക് നോക്കിയാല്‍ കേന്ദ്രമന്ത്രിസഭയുടെ പൊതു അഭിപ്രായം ചിദംബരം പറയുന്നതാണോ? ചിദംബരത്തെ തിരുത്താന്‍ പ്രധാനമന്ത്രി ഇടപെടാത്ത സാഹചര്യത്തില്‍ ഈ ചോദ്യവും പ്രസക്തമാവുന്നുണ്ട്. പ്രധാനമന്ത്രി എന്തോ ഉറപ്പുനല്‍കി എന്നുപറഞ്ഞാണല്ലോ, കോണ്‍ഗ്രസ് സമരം നിര്‍ത്തിവച്ചതും യുഡിഎഫ് ഘടകകക്ഷികളെ സമരത്തില്‍നിന്ന് പിന്മാറ്റിയതും. ഇടപെടാം എന്ന് പറഞ്ഞതായിപ്പറയുന്ന പ്രധാനമന്ത്രി ഇതുവരെ ഇടപെട്ടതായി കണ്ടില്ല. മുല്ലപ്പെരിയാര്‍പ്രശ്നവുമായി കണ്ട വേളയില്‍ മന്ത്രി ചിദംബരം ദുരന്തമുണ്ടായിട്ടുപോരേ പരിഹാരം എന്ന മറുചോദ്യം ചോദിച്ചെന്നാണ് മന്ത്രി പി ജെ ജോസഫ് പറയുന്നത്.
ദുരന്തമുണ്ടാകാന്‍ കാത്തിരിക്കുകയാണോ ചിദംബരം? കേരളത്തിന്റെ ആശങ്കയില്‍ കഴമ്പുണ്ട് എന്ന് സുപ്രീംകോടതിവരെ പറഞ്ഞുകഴിഞ്ഞ വേളയില്‍ മാത്രമാണ് "ഇടപെടാം" എന്ന പ്രതികരണം പ്രധാനമന്ത്രിയില്‍നിന്നുണ്ടായത്. അതിനുശേഷം ദിവസങ്ങള്‍ പലതുകഴിഞ്ഞു. ഇടപെടല്‍മാത്രം ഉണ്ടാകുന്നില്ല. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വവും ജനതയുടെ ഐക്യവും സംസ്ഥാനങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വവുമൊക്കെ ഉറപ്പാക്കാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥനായ ആഭ്യന്തരമന്ത്രിതന്നെ പ്രകോപനം സൃഷ്ടിക്കുന്ന വിധത്തില്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ എന്താവും സ്ഥിതി? മുല്ലപ്പെരിയാര്‍പ്രശ്നം മുന്‍നിര്‍ത്തി തമിഴരെ മലയാളികള്‍ക്കും മലയാളികളെ തമിഴര്‍ക്കുമെതിരെ തിരിച്ചുവിടാന്‍ ഛിദ്രശക്തികള്‍ അവസരംപാര്‍ത്ത് കഴിയുന്നുണ്ട്. വളരെ ചെറിയ തോതിലാണെങ്കിലും അവരുടെ ഇടപെടല്‍ സംസ്ഥാന അതിര്‍ത്തിപ്രദേശത്ത് അസ്വസ്ഥതകള്‍ ഉളവാക്കുന്നുമുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ രാഷ്ട്രീയ പക്വതയുടെയും ഇച്ഛാശക്തിയുടെയും സംയമനത്തിന്റെയും സ്വരമാണ് ആഭ്യന്തരമന്ത്രിയില്‍നിന്നുയരേണ്ടത്. ആഭ്യന്തരമന്ത്രി തമിഴ്നാടിന്റെ ആഭ്യന്തരമന്ത്രിയല്ല, ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാണ്. ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റിനുതന്നെ അപകടമുണ്ടാക്കുന്ന വിധത്തിലുള്ള അപായകരമായ പരാമര്‍ശങ്ങള്‍ ആ സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടായിക്കൂടാ. ഇക്കാര്യം പ്രധാനമന്ത്രിതന്നെ അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. അനുസരിച്ചില്ലെങ്കില്‍ പുറത്താക്കണം. എന്നാല്‍ , കേരളത്തെക്കുറിച്ച് ഒരു കരുതലും കാട്ടാത്ത പ്രധാനമന്ത്രിയില്‍നിന്ന് ഇതൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരാകട്ടെ, സ്വന്തം സ്ഥാനം രക്ഷിക്കാന്‍വേണ്ടി രാഷ്ട്രീയ ദാസ്യമനോഭാവത്തോടെ കേന്ദ്രത്തില്‍ കഴിയുന്നവരാണ്. ഇതെല്ലാം കേന്ദ്രത്തില്‍ ചിദംബരന്മാര്‍ക്ക് പിടിമുറുക്കാനുള്ള രാഷ്ട്രീയാന്തരീക്ഷമാണുണ്ടാക്കുന്നത്.
മുല്ലപ്പെരിയാര്‍പ്രശ്നം സമവായത്തോടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിട്ട് ആ പ്രതീക്ഷയ്ക്കുമേല്‍ ഉറങ്ങുന്ന പ്രധാനമന്ത്രി, മുല്ലപ്പെരിയാറിലേക്ക് സര്‍വകക്ഷിസംഘത്തെ അയക്കാന്‍ സൗകര്യപ്പെടില്ല എന്ന് ലോക്സഭ-രാജ്യസഭ സെക്രട്ടറിയറ്റുകളെ അറിയിക്കാനുള്ള ധാര്‍ഷ്ട്യം കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ , രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പക്ഷംപിടിച്ചും കോടതിമുമ്പാകെയിരിക്കുന്ന പ്രശ്നത്തില്‍ കോടതിക്ക് നിര്‍ദേശം നല്‍കുംവിധം അഭിപ്രായം പറഞ്ഞു നടക്കുന്ന ആഭ്യന്തരമന്ത്രി, കേരളത്തിന്റെ ന്യായമായ ഒരാവശ്യവും നേടിയെടുക്കാന്‍ കഴിയാതെ ശമ്പളംപറ്റല്‍മാത്രം ജോലിയാക്കി കഴിയുന്ന കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ - ഇതൊന്നും ശുഭസൂചനകളല്ല നല്‍കുന്നത്. എങ്കിലും നമുക്ക് പ്രത്യാശയോടെ ശ്രമിക്കുക; കേന്ദ്രത്തെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ; പുതിയ അണക്കെട്ട് പണിയാന്‍ ; തമിഴ്നാടിന് അര്‍ഹതപ്പെട്ട ജലം തുടര്‍ന്നും നല്‍കാന്‍ ; തമിഴ്-മലയാളി സാഹോദര്യം പോറലേല്‍ക്കാതെ കാക്കാന്‍ . ഇതിനു സഹായിക്കുന്നതാകട്ടെ, വിപരീത സാഹചര്യങ്ങള്‍ക്കിടയിലും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സുപ്രീംകോടതി ഉത്തരവും.
deshabhimani editorial 191211
മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നിലപാടില്‍ പ്രതിഫലിച്ചുകാണുന്നത് കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നിലപാടല്ല എന്നു കരുതാന്‍ കാരണമൊന്നും കാണുന്നില്ല. പ്രസ്താവനയിലൂടെ ചിദംബരം കൈക്കൊണ്ട നിലപാടും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നിഷ്ക്രിയത്വത്തിലൂടെ മാസങ്ങളായി കൈക്കൊണ്ടുപോരുന്ന നിലപാടും തമ്മിലുള്ള പൊരുത്തം ശ്രദ്ധേയമാണ്. ഒരാള്‍ വാക്കുകൊണ്ടാണെങ്കില്‍ മറ്റൊരാള്‍ മൗനംകൊണ്ട് ഒരേ നിലപാടുതന്നെ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി മുന്‍കൈയെടുക്കേണ്ട പ്രധാനമന്ത്രി ഒരിക്കലും അത് ചെയ്തില്ല. ഇരു മുഖ്യമന്ത്രിമാരെയും വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുക്കാമായിരുന്നു. അതുചെയ്യാന്‍ തുടക്കത്തില്‍ത്തന്നെ പ്രധാനമന്ത്രി വിസമ്മതിച്ചു.
ReplyDelete