Friday, December 2, 2011

രാജ്യാന്തര ചലച്ചിത്രമേള: മന്ത്രിയും അക്കാദമിയും തമ്മില്‍ ആശയ ഭിന്നത

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ വിവാദങ്ങള്‍ കത്തിപ്പടരുന്നു. സിനിമാവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും ചലച്ചിത്ര അക്കാദമിയും തമ്മിലുള്ള ഭിന്നതകളാണ് മേളയുടെ നിറം കെടുത്തുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിമധ്യാന്തം എന്ന സിനിമയെ സംബന്ധിച്ച വിവാദം ഇപ്പോഴും തുടരുകയാണ്. ചിത്രം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യമാണെന്ന് സെലക്ഷന്‍ കമ്മിറ്റിയും അപൂര്‍ണമായ ഈ ചിത്രം എങ്ങനെ കടന്നുകൂടിയെന്ന കാര്യം അന്വേഷിക്കണമെന്ന് മന്ത്രിയും നയം വ്യക്തമാക്കിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. അതേസമയം മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നു. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം ചിത്രങ്ങള്‍ കാണേണ്ട ചലച്ചിത്ര അക്കാദമി സെക്രട്ടറി ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും ആരോപണമുണ്ട്.

ഈ വര്‍ഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാനും അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. രാജ്യാന്തര തലത്തില്‍ മികവ് പുലര്‍ത്തുന്ന ചലച്ചിത്ര പ്രതിഭയ്ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 2009ലെ ചലച്ചിത്രമേള മുതലാണ് അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ആദ്യവര്‍ഷത്തെ പുരസ്‌കാരം ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്രപ്രതിഭയ്ക്ക് നല്‍കിയശേഷം വരും വര്‍ഷങ്ങളില്‍ വിദേശീയരായ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കാനാണ് ചലച്ചിത്ര അക്കാദമി ഈ പുരസ്‌കാരം ഏര്‍പ്പെടുത്തുന്ന ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.  ഇത് മേളയ്ക്ക് രാജ്യാന്തര തലത്തില്‍ തന്നെ പ്രശ്‌സ്തിയും അംഗീകാരവും ലഭിക്കാനും സഹായകമായി.
പുരസ്‌കാരം ഏര്‍പ്പെടുത്തുന്ന വേളയില്‍ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിരുന്നു. മുന്‍വര്‍ഷങ്ങളിലെ പുരസ്‌കാര ജേതാക്കളുടെ ശുപാര്‍ശയും നിര്‍ദേശവും പരിഗണിച്ചശേഷമാകണം അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്നും അന്ന് തീരുമാനിച്ചിരുന്നു. സാംസ്‌കാരിക മന്ത്രിയായിരുന്ന എം എ ബേബിയാണ് അന്ന് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതനുസരിച്ച് ഈ വര്‍ഷത്തെ പുസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. വെര്‍ണര്‍ ഹെര്‍സോഗുമായി ചര്‍ച്ച നടത്തുകയും ചെയ്തു.   ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് വന്നതും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതും. അതോടെ ചര്‍ച്ചകള്‍ക്ക് അവസാനമായി.

സാധാരണയായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തിരഞ്ഞെടുക്കാന്‍ നിയോഗിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കൊപ്പം തന്നെ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരനിര്‍ണയത്തിനുള്ള സമിതിയെയും നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇനി അവശേഷിക്കുന്ന ഏഴു ദിവസങ്ങള്‍ കൊണ്ട് കമ്മിറ്റി രൂപീകരിച്ച് അവാര്‍ഡ് നിര്‍ണയിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് അക്കാദമിക്ക് ഉത്തരമില്ല.

മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഓഫീസും ചലച്ചിത്ര അക്കാദമിയും തമ്മിലുള്ള തര്‍ക്കമാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിക്കാനുള്ള തീരുമാനം വൈകിക്കുന്നതെന്നാണ് സൂചന. രാജ്യത്തിനകത്ത് നിന്നുള്ള ഒരു ചലച്ചിത്ര പ്രതിഭയ്ക്ക് തന്നെ അവാര്‍ഡ് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നതാണ് തര്‍ക്കത്തിന് കാരണം. അമിതാബ് ബച്ചനെ പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമായി ഉയര്‍ന്നുവന്നു. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്നുള്ളവരെയും പരിഗണിക്കണമെന്ന വാദവുമായി മറ്റൊരു കൂട്ടരും രംഗത്തെത്തിയതോടെ അവാര്‍ഡ് നിര്‍ണയം പ്രതിസന്ധിയിലായി.

കഴിഞ്ഞ അഞ്ചുവര്‍ഷമായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ചെയര്‍മാനാണ് അക്കാദമിക്കുണ്ടായിരുന്നത്. എന്നാല്‍ പുതിയതായി സ്ഥാനമേറ്റെടുത്ത പ്രയിദര്‍ശന്‍ സിനിമ-പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ മാസം ഒന്‍പതിന് മേള തുടങ്ങാനിരിക്കെ അക്കാദമി ചെയര്‍മാന്‍ ഇന്ന് തലസ്ഥാനത്തെത്തും.

രാജേഷ് വെമ്പായം janayugom 021211

1 comment:

  1. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിയാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ വിവാദങ്ങള്‍ കത്തിപ്പടരുന്നു. സിനിമാവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും ചലച്ചിത്ര അക്കാദമിയും തമ്മിലുള്ള ഭിന്നതകളാണ് മേളയുടെ നിറം കെടുത്തുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിമധ്യാന്തം എന്ന സിനിമയെ സംബന്ധിച്ച വിവാദം ഇപ്പോഴും തുടരുകയാണ്. ചിത്രം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യമാണെന്ന് സെലക്ഷന്‍ കമ്മിറ്റിയും അപൂര്‍ണമായ ഈ ചിത്രം എങ്ങനെ കടന്നുകൂടിയെന്ന കാര്യം അന്വേഷിക്കണമെന്ന് മന്ത്രിയും നയം വ്യക്തമാക്കിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. അതേസമയം മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നു. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം ചിത്രങ്ങള്‍ കാണേണ്ട ചലച്ചിത്ര അക്കാദമി സെക്രട്ടറി ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും ആരോപണമുണ്ട്.

    ReplyDelete