Sunday, December 4, 2011

റേഷന്‍ മണ്ണെണ്ണ വെട്ടിക്കുറച്ചു ഇനി മുതല്‍ പ്രതിമാസം ഒരു ലിറ്റര്‍ മണ്ണെണ്ണ

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്. മണ്ണെണ്ണയുടെ കേന്ദ്ര വിഹിതത്തില്‍ കുറവ് വരുത്തിയിട്ടില്ല.

ഡിസംബര്‍ മുതല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയേ ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച നിര്‍ദേശം സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റില്‍ നിന്നും ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു.

2010 മാര്‍ച്ചുവരെ രണ്ടുലിറ്ററും അതിനുശേഷം കഴിഞ്ഞ നവംബര്‍ വരെ ഒന്നരലിറ്ററും പ്രതിമാസ വിഹിതമായി 'ഇ' കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രതിമാസ വിഹിതമായി നല്‍കി വന്ന 15972 കിലോ ലിറ്റര്‍ മണ്ണെണ്ണയില്‍ കുറവു വരുത്തിയിട്ടില്ല. സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ ലഭിച്ച 66,64,600 റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മുതല്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുക. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത 9,62,752 റേഷന്‍ കാര്‍ഡുകള്‍ക്ക് അഞ്ച് ലിറ്റര്‍ വീതം ലഭിക്കും.

കേന്ദ്ര വിഹിതമായി 2010 മാര്‍ച്ചുവരെ 23,164 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിച്ചപ്പോള്‍ രണ്ട് ലിറ്റര്‍ മണ്ണെണ്ണ കാര്‍ഡുടമകള്‍ക്ക് ലഭിച്ചിരുന്നു. 2011 മെയ് 31 വരെ 18,756 കിലോലിറ്ററും ജൂണ്‍ മുതല്‍ 15,972 കിലോലിറ്ററും ലഭിച്ചപ്പോള്‍ ഒന്നര  ലിറ്റര്‍ വീതം നല്‍കിയിരുന്നു.കേന്ദ്ര വിഹിതത്തില്‍ ഇപ്പോള്‍ കുറവു വരുത്തിയിട്ടില്ല. ഒന്നര ലിറ്റര്‍ വീതം നല്‍കിവന്ന മണ്ണെണ്ണ ഒരു ലിറ്ററായി കുറച്ചാല്‍ മിച്ചംവരുന്ന മണ്ണെണ്ണ എന്തുചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

റേഷന്‍ വിതരണത്തിനു നല്‍കിവരുന്ന മണ്ണെണ്ണ 2532 കിലോ ലിറ്റര്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും 206 കിലോ ലിറ്റര്‍ കാര്‍ഷിക ആവശ്യത്തിനും തിരിമറി നടത്തുന്നു എന്ന കേന്ദ്ര ആരോപണത്തിനു പിന്നാലെ മണ്ണെണ്ണ മിച്ചം ഉണ്ടായാല്‍ കേന്ദ്രം വീണ്ടും മണ്ണെണ്ണ വിഹിതം വെട്ടികുറയ്ക്കുമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരപ്രഖ്യാപന സമ്മേളനം നടത്തും. ചങ്ങനാശേരി അര്‍ക്കാഡിയ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സമ്മേളനം.

janayugom 041211

1 comment:

  1. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്. മണ്ണെണ്ണയുടെ കേന്ദ്ര വിഹിതത്തില്‍ കുറവ് വരുത്തിയിട്ടില്ല.

    ReplyDelete